‘പണിക്ക് വന്ന ബംഗാളിക്ക് വരെ എ പ്ലസ്’; ട്രോളിയവര്‍ക്കും പുച്ഛിച്ചവര്‍ക്കും വിദ്യാര്‍ഥിനിയുടെ കത്ത്; പങ്കുവച്ച് മറുപടിയുമായി മന്ത്രി ശിവന്‍കുട്ടി
എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ചും പിന്നാലെയുണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും പെരുവള്ളൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി ദിയ എഴുതിയ കുറിപ്പ് പങ്കുവച്ച് മന്ത്രി വി ശിവന്‍കുട്ടി. പഠിച്ച് പരീക്ഷയെഴുതി കൃത്യമായി മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിച്ചാണ് ദിയ അടക്കമുള്ള വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ഏതു സ്ഥാപനവും വിലമതിക്കുന്ന ഗുണനിലവാരമുള്ള സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥികളുടെ കൈവശമുള്ളതെന്നും ദിയ ഉന്നയിച്ച ചോദ്യങ്ങള്‍ വിമര്‍ശകരുടെ കണ്ണ് തുറപ്പിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
പരീക്ഷാഫലത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച പരിഹാസങ്ങളും വിമര്‍ശനങ്ങളും ചൂണ്ടിക്കാണിച്ചതായിരുന്നു ദിയയുടെ കുറിപ്പ്. ട്രോളുന്നവരോടും പുച്ഛിക്കുന്നവരോടും എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് ഒന്ന് ചോദിക്കാനാഗ്രഹിക്കുന്നു, ‘ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? പരിമിതികള്‍ക്കുള്ളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച കുറഞ്ഞ സമയത്തെ മാക്സിമം ഉപയോഗിച്ചതോ? അതോ കൊറോണക്കാലത്തെ അതിജീവിച്ച് ഒരദ്ധ്യായനം നഷ്ടപ്പെടുത്താതിരുന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് ? അതുമല്ലെങ്കില്‍ ഞങ്ങളുടെ കൂട്ടത്തോല്‍വി നിങ്ങളാഗ്രഹിച്ചിരുന്നോ? നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെങ്കിലും ഈ പരീക്ഷയെ അറിഞ്ഞിരുന്നെങ്കില്‍/ അഭിമുഖീകരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയുമായിരുന്നോ?- ദിയ കുറിപ്പില്‍ ചോദിച്ചു.
മന്ത്രി ശിവന്‍കുട്ടി പറഞ്ഞത്:
പ്രിയപ്പെട്ട കൂട്ടുകാരേ, എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ചും അതിനെതിരെയുള്ള വിമര്‍ശനങ്ങളെ കുറിച്ചും GHSS പെരുവള്ളൂരിലെ വിദ്യാര്‍ഥിനി ദിയയുടെ കുറിപ്പ് കണ്ടു. പഠന പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഉറപ്പിച്ചുനിര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഇടപെടലുകള്‍ ഏറെ സഹായകമായി എന്ന് ദിയ വിവരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസുകള്‍ പഠനത്തിന് എത്രത്തോളം ഗുണം ചെയ്തു എന്ന് ദിയ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പഠിച്ച് പരീക്ഷയെഴുതി കൃത്യമായി മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിച്ചാണ് ദിയ അടക്കമുള്ള വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ഏതു സ്ഥാപനവും വിലമതിക്കുന്ന ഗുണനിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് ആണ് നമ്മുടെ കുട്ടികളുടെ പക്കലുള്ളത്. തുറന്നെഴുതിയതിന് ദിയക്ക് നന്ദി. ദിയ ഉന്നയിച്ച ചോദ്യങ്ങള്‍ വിമര്‍ശകരുടെ കണ്ണ് തുറപ്പിക്കും എന്ന് പ്രത്യാശിക്കാം. ഭാവിയില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ദിയക്കും എല്ലാ കൂട്ടുകാര്‍ക്കും ആകട്ടെ. സ്നേഹത്തോടെ വി ശിവന്‍കുട്ടി
ദിയയുടെ കുറിപ്പ് ഇങ്ങനെ:
ഞാന്‍ ദിയ….
ഇക്കഴിഞ്ഞ SSLC ബാച്ചിലെ (2020-21) വിദ്യാര്‍ത്ഥിനി. പരീക്ഷാഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിനും A+ നേടിയ GHSS പെരുവള്ളൂരിലെ 61 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍. അതില്‍ വളരെ സന്തോഷമുണ്ട്. അതോടൊപ്പം നല്ല സങ്കടവും ഉള്ളിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഞങ്ങളെ കളിയാക്കി പല ട്രോളുകളും ഇറങ്ങുന്നതും അതില്‍ വരുന്ന ചില മോശം കമന്റുകളും കണ്ടു. സ്കൂളില്‍ പണിക്കു വന്ന ബംഗാളികള്‍ക്കും A+ എന്നൊക്കെ ട്രോളുകള്‍ കണ്ടു.
ഒരു കാര്യം തുറന്നെഴുതാന്‍ ആഗ്രഹിക്കുന്നു. 2020 ജൂണ്‍ 1 ന് തന്നെ ഞങ്ങളുടെ SSLC ബാച്ചിനുള്ള ക്ലാസ്സുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി ആരംഭിച്ചിരുന്നു. സ്കൂളില്‍ നിന്നും ഒമ്പതാം ക്ലാസ്സിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 4 ഗ്രൂപ്പുകളായി തിരിച്ച് വാട്സ് ആപ് ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്തു. Fly high, Shine, Inspire, Ignite എന്നിവയായിരുന്നു അത്. വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകള്‍ക്ക് പുറമെ ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ ഈ നാല് ഗ്രൂപ്പുകളിലൂടെ പഠനചര്‍ച്ചകള്‍ ദിവസവും നടത്തിക്കൊണ്ട് ഞങ്ങളുടെ പഠന നിലവാരം ഉയര്‍ത്താന്‍ നിഴലുപോലെ കൂടെയുണ്ടായിരുന്നു.
ഗ്രൂപ്പുകള്‍ ഞങ്ങള്‍ക്ക് സംശയ നിവാരണത്തിനും പഠനത്തിനും ഒരുപാട് സഹായിച്ചു. [വിക്ടേഴ്സിലെ ക്ലാസുകള്‍ കാണുന്നതിന് ടെലിവിഷനെ ആശ്രയിച്ചു തന്നെയാണ് മുന്നോട്ട് പോയിരുന്നത്. കറന്റില്ലാത്ത സമയങ്ങളില്‍ മാത്രമേ ക്ലാസിനായി ഞാന്‍ മൊബൈലിനെ ആശ്രയിച്ചിരുന്നൊള്ളൂ.]
ഗ്രൂപ്പുകളില്‍ തരുന്ന പഠന പ്രവര്‍ത്തനങ്ങള്‍ സമയനിഷ്ഠമായി ചെയ്തു തീര്‍ക്കാനും അതുമായി ബന്ധപ്പെട്ട പഠന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും ഞങ്ങളേവരും ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ പഠനമികവിനോടൊപ്പം പോരായ്മകള്‍ പറഞ്ഞ് പരിഹരിച്ചു തരുവാനും എല്ലാ അദ്ധ്യാപകരും ഞങ്ങളോട് ചേര്‍ന്ന് നിന്നു. 2021 ജനുവരി 4 മുതല്‍ സ്കൂളില്‍ പോയി അധ്യാപകരുമായി നേരിട്ട് സംവദിക്കാന്‍ അവസരം ലഭിച്ചു. ഓരോ ക്ലാസ്സിലും വളരെ കുറച്ച് കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി മണിക്കൂറുകളോളം മാസ്കും വെച്ച് സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ഇടക്കിടെ അണുവിമുക്തമാക്കി കൊറോണയില്‍ നിന്നും ഒരകലം പാലിച്ചു എന്നു പറയാം. കിട്ടിയ സമയം കൊറോണ ഭീതിയെ മനസിലടക്കി മാക്സിമം ഞങ്ങളേവരും നന്നായി വിനിയോഗിച്ചു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ എല്ലാ അദ്ധ്യാപകരും നന്നായി ശ്രമിച്ചിരുന്നു. അതിന്റെ തെളിവാണ് പരീക്ഷയെഴുതിയ 390 കുട്ടികളുടെയും മുഴുവന്‍ വിജയവും. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങള്‍ ആണ് ഏവരേം വിജയത്തിലേക്ക് നയിച്ചത്.ആ ഭാഗങ്ങള്‍ നന്നായി പഠിച്ച ഏതൊരു കുട്ടിക്കും A+ എന്നത് കൈപ്പിടിയിലാണ്.
എനിക്ക് Maths ചെറിയ പ്രശ്നമായിരുന്നു ആദ്യമൊക്കെ.പിന്നീട് ജ്യോതി ടീച്ചറുമായുള്ള നിരന്തര സംശയ നിവാരണത്തിലൂടെ ഞാനത് പരിഹരിച്ചുതുടങ്ങി .സംശയങ്ങള്‍ ക്ഷമയോടെ പറഞ്ഞ് തരാന്‍ ടീച്ചര്‍ക്ക് ഒരു മടിയും ഇല്ലായിരുന്നു. ഫിസിക്സ് പഠിപ്പിച്ചിരുന്ന സന്തോഷ് സര് മാക്സിമം ക്വസ്റ്റ്യന്‍സും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി വിഷയം എളുപ്പമാക്കി തന്നു.ഹിന്ദി കൈകാര്യം ചെയ്ത സിന്ധു ടീച്ചറും ശ്രീധരന് പാലായി മാഷും ഒരുപാട് സഹായിച്ചു. കെമിസ്ട്രി എടുത്തിരുന്ന രമാദേവി ടീച്ചറും നന്നായി പഠനത്തില്‍ സഹായിച്ചു. ബയോളജി പഠനം എളുപ്പമാക്കിത്തന്ന പ്രിയപ്പെട്ട രശ്മി ടീച്ചറും പ്രവീണ്‍ മാഷും….ഇംഗ്ലീഷ് വിഷയം കൈപ്പിടിയിലൊതുക്കാന്‍ സഹായിച്ച പ്രിയപ്പെട്ട രേണു ടീച്ചറും, ഗിരീഷ് മാഷും, ദിവ്യ ടീച്ചറും, ഷൈനി ടീച്ചറും…സാമൂഹ്യ ശാസ്ത്രം കൈകാര്യം ചെയ്തിരുന്ന പ്രിയപ്പെട്ട ബാലു സര്, ബുഷ്റ ടീച്ചര്‍, മുനീര്‍ സര്,
പ്രീതിടീച്ചര്‍…ഇവര്‍ക്കെല്ലാമുപരി ഞങ്ങളെ നെഞ്ചോടു ചേര്‍ത്ത പ്രിയപ്പെട്ട ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകന് ‘ഞങ്ങളുടെ സ്വന്തം അന്‍വര്‍ മാഷ് ‘….ഇവരെയൊക്കെ കൂടാതെ വേറെയും ഒരുപാട് അദ്ധ്യാപകര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
ഇവരോടെല്ലാം ഞങ്ങളോരോരുത്തരും എന്നും കടപ്പെട്ടിരിക്കുന്നു.പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ് കോയ സാറിനോടും ഹൃദയത്തില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു.ഫിബ്രവരി ഒന്നു മുതല്‍ ഞാന്‍ PASC ല്‍ Night campല്‍ പങ്കെടുത്തിരുന്നു. അവിടത്തെ സുരേഷ് മാഷിനോട് ഈയവസരത്തില്‍ നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്തത് ഞങ്ങളുടെ രക്ഷിതാക്കളോടാണ്. ഈ കൊറോണക്കാലം ഞങ്ങളുടെ അദ്ധ്യയനം നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലും ഡിജിറ്റല്‍ പഠനം വഴി ഞങ്ങള്‍ ഒരു പാട് ആരോഗ്യ പ്രശ്നങ്ങളില്‍ പോലും പിടിച്ചു നിന്ന് വിജയം കൈപ്പിടിയിലൊതുക്കിയതിനു പിന്നില്‍ ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്. അതിനെ മറികടക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് കഴിഞ്ഞത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സ്നേഹവും മൂലമാണ്.ഇത് പോലെ തന്നെയാണ് ഓരോ വിദ്യാലയത്തിലെ വിജയത്തിന് പിന്നിലും ഉണ്ടായിരിക്കുന്ന സത്യങ്ങള്‍. ഞങ്ങളെയും വിദ്യാലയത്തെയും, A+ നെയും പുറമെ നിന്ന് നോക്കി കാണാതെ ഞങ്ങളിലേക്കിറങ്ങി വന്നാല്‍ നിങ്ങള്‍ക്കും മനസിലാവും നേടിയതെന്തും (അത് ഏത് ഗ്രേഡ് ആയാലും) ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന്. അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്. ഞങ്ങളുടെ വീട്ടില്‍ ഡിഗ്രിക്ക് പഠിക്കുന്ന ചേച്ചിയും ഞാനും അനിയത്തിയും ഈയൊരൊറ്റ ഫോണ്‍ ആണ് പഠനത്തിന് ഉപയോഗിക്കുന്നത്.
ഗ്രൂപ്പില്‍ വന്നിരുന്ന വര്‍ക്കുകള്‍ ചേച്ചിയോ അമ്മയോ പേപ്പറില്‍ പകര്‍ത്തി എനിക്ക് തരും. (കാരണം അന്ന് എന്റെ കണ്ണ് പണിമുടക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിരുന്നു.)എന്റെ പoനത്തില്‍ അമ്മയും ചേച്ചിയുമായിരുന്നു ഇരു നേത്രങ്ങള്‍.ഡിജിറ്റല്‍ പഠനം മാറി ക്ലാസില്‍ പോവാന്‍ തുടങ്ങിയ ശേഷമാണ് അല്പം ആശ്വാസം തോന്നിയത്. ഒരിക്കലും A+ നായി എന്നെ വീട്ടില്‍ നിന്ന് പ്രഷര്‍ ചെലുത്തിയിട്ടില്ല. മാമന്റെ ഭാര്യയായ രേഷ്മ അമ്മായി എനിക്ക് മാനസികമായി തന്ന സപ്പോട്ട് കുറച്ചൊന്നുമല്ല. ചെറിയമ്മയായ ജിബി ചേച്ചി തന്ന സ്നേഹ പ്രോത്സാഹനങ്ങള്‍ ചെറുതല്ല. പരീക്ഷയെഴുതിയ എന്നേക്കാള്‍ എന്റെ വിജയത്തെക്കുറിച്ച് അടിവരയിട്ടവരാണിവര്‍. റിസല്‍ട്ട് വരുംമുമ്പേ കേക്കിന് വരെ ഓര്‍ഡര്‍ ചെയ്തിരുന്നതാണെന്റെ ജിബി ചേച്ചി. 14 ന് റിസല്‍ട്ട് വരുന്നെന്നറിഞ്ഞശേഷം ചെറിയൊരു പേടി മനസിനെ പിടികൂടിയിരുന്നു. രാത്രിയില്‍ അച്ഛനും അമ്മക്കും മദ്ധ്യത്തിലായ് ആയിരുന്നു ആ രണ്ട് ദിവസവും ഉറക്കം. തലേന്ന് ഉറക്കം വന്നില്ലെന്ന് തന്നെ പറയാം.എല്ലാവരും സമാധാനിപ്പിക്കുന്നുണ്ടെങ്കിലും മനസ് തിരയൊടുങ്ങാത്ത കടല്‍ പോലെ ആയിരുന്നു. റിസല്‍ട്ട് നോക്കുന്ന നേരത്താവട്ടെ invalid register number എന്നൂടി കാണിച്ചതോടെ അറ്റാക്ക് വരുമെന്ന അവസ്ഥയായി. സൈറ്റ് തിരക്കായതോണ്ടാവും അങ്ങനെയെന്ന് പലരും പറഞ്ഞെങ്കിലും സമാധാനമില്ലായിരുന്നു.
ഒടുവില്‍ റിസല്‍ട്ട് വന്നപ്പോ തുറന്ന വായ അടക്കാന്‍ പോലും മറന്നു .അടുത്തു നിന്ന ചേച്ചിയെ കുറെ അടിച്ചു, പിച്ചിപ്പറിച്ചു.അമ്മക്കരികില്‍ വന്നപ്പോ അമ്മയെന്നെ നെഞ്ചിലൊതുക്കി മുഴുവന്‍ വാത്സല്യവും അനുഗ്രഹവും എന്റെ മൂര്‍ദ്ധാവില്‍ ഉമ്മയാല്‍ പെയ്തിറക്കി. ചിറകുമുളച്ചു വരുന്ന ഒരു കുഞ്ഞിക്കുരുവിയായ് ഞാന്‍ അമ്മയിലലിയുകയായിരുന്നു.അച്ഛന്റെ സന്തോഷം കണ്ണുനീരിന് തിളക്കമായിരുന്നു. നെറ്റിയില്‍ അതേ വാത്സല്യത്തോടെ ഒരുമ്മ കിട്ടി. എനിക്ക് കിട്ടിയ നിറഞ്ഞ ആ രണ്ട് സമ്മാനങ്ങളും ആശീര്‍വാദവും മാത്രം മതി മുന്നോട്ടുള്ള കാല്വെയ്പ്പിന്.
ഞങ്ങളെ ട്രോളുന്നവരോടും പുച്ഛിക്കുന്നവരോടും എല്ലാ ആദരവും നിലനിര്‍ത്തിക്കൊണ്ട് ഒന്ന് ചോദിക്കാനാഗ്രഹിക്കുന്നു… ‘ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? പരിമിതികള്‍ക്കുള്ളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച കുറഞ്ഞ സമയത്തെ മാക്സിമം ഉപയോഗിച്ചതോ? അതോ കൊറോണക്കാലത്തെ അതിജീവിച്ച് ഒരദ്ധ്യായനം നഷ്ടപ്പെടുത്താതിരുന്നതാണോ ഞങ്ങള്‍ ചെയ്ത തെറ്റ് ? അതുമല്ലെങ്കില്‍ ഞങ്ങളുടെ കൂട്ടത്തോല്‍വി നിങ്ങളാഗ്രഹിച്ചിരുന്നോ? നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെങ്കിലും ഈ പരീക്ഷയെ അറിഞ്ഞിരുന്നെങ്കില്‍ / അഭിമുഖീകരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇങ്ങനെ പറയുമായിരുന്നോ? ഒരിക്കലും പറയില്ല എന്നറിയാം കാരണം മാസ്ക് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ മുതിര്‍ന്നവര്‍ക്ക് അനുഭവപ്പെടുന്ന അതേ പ്രയാസങ്ങള്‍ തന്നെയാണ് ഞങ്ങള്‍ക്കും ഉണ്ടായത്.താടിക്ക് വെച്ച് അലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു പക്ഷേ അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞ് കൊള്ളണമെന്നില്ല.
ഒരാഗ്രഹം മനസ്സിലുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രന് മാഷിനെ കണ്ട് നന്ദി പറയാന്‍. സീറോ അക്കാദമിക് വര്‍ഷമാക്കാതെ ഞങ്ങളുടെ അധ്യയനം മുന്നോട്ട് കൊണ്ട്പോവാന്‍ പിന്തുണ തന്നതിന്.ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാന്‍ പൊതു പരീക്ഷക്കായി ഞങ്ങള്‍ക്ക് അവസരം തന്നതിന്…മുന്‍ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ക്കും, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സാറിനോടും ഞങ്ങള്‍ക്കൊപ്പം നിന്നതിന് നന്ദി പറയുന്നു…
സ്നേഹത്തോടെ …. ദിയ.
[ ഇങ്ങനൊരെഴുത്ത് കഴിഞ്ഞ 15 ന് തുടക്കം വെച്ചതാണ് ട്രാേളുകള് കണ്ടപ്പോള്‍. ടൈപ്പ് ചെയ്യാനുള്ള പ്രയാസവും സമയക്കുറവും ആണ് ഇതിത്രയും വൈകിപ്പിച്ചത്.]