കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പിരിച്ചുവിട്ടത്. മുകുന്ദപുരം അസി രജിസ്ട്രാർ അജിത്ത് ബാങ്ക് അഡ്മിനിസ്ട്രേറ്റർ.
ഇന്ന് രാവിലെ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ടിഎം മുകുന്ദനെ (59) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്തെന്നാണ് നാട്ടുകാരുടെ പ്രതികരണം.
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് 80 ലക്ഷം രൂപയുടെ വായ്പയാണ് മുകുന്ദൻ എടുത്തിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മുകുന്ദന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഭുമി പണയപ്പെടുത്തിയായിരുന്നു വായ്പ സ്വന്തമാക്കിയത്. പിന്നാലെയാണ് വലിയ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചതും.
ബാങ്കിന്റെ സാമ്പത്തിക പ്രധിസന്ധി മറികടക്കാൻ വായ്പയെടുത്ത പലർക്കും ബാങ്ക് ജപ്തി നോട്ടീസ് അയച്ചതായി പരാതിയും, കരുവന്നൂർ സഹകരണ ബാങ്ക് സംബന്ധിച്ച ക്രമക്കേടുകളുടെയും വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യ എന്നതും ശ്രദ്ധേയമാണ്.
6 സെന്റ് ഭൂമി ഈടായി നൽകിയാണ് ടിഎം മുകുന്ദൻ കരുവന്നൂർ ബാങ്കിൽ നിന്നും വായ്പ എടുത്തത്. കുടിശിക പെരുകി 80 ലക്ഷത്തിലെത്തി. ഇതിന്റെ പേരിൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും അയച്ചു. ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മുകുന്ദൻ. ഇതേതുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പുറത്ത് വരുന്ന വായ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ ഇടായി നൽകിയ ആധാരത്തിൻമേൽ വീണ്ടും വായ്പാ അനുവദിച്ചോ എന്ന് സംശയയവും ഉയരുന്നുണ്ട്.
സമാനമായ രീതിയിൽ നിരവധി പേരാണ് കരുവന്നൂർ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പലർക്കും ജപ്തി നോട്ടീസും ലഭിച്ചിട്ടുണ്ട്. ബാങ്ക് അംഗമെന്ന നിലയിൽ ചില ജാമ്യ കടലാസുകളിൽ ഒപ്പിട്ട് നൽകിയവരും കടുങ്ങി. ഇങ്ങനെ നിരവധി 50 ലക്ഷം രൂപ വീതം വായ്പയെടുത്തുവെന്നാണ് ബാങ്കിലെ രേഖകൾ പറയുന്നത്. ബാങ്ക് ജീവനക്കാരുടെയും ഭരണ സമിതിയുടെയും ഒത്താശയോടെ നടന്ന വൻ തട്ടിപ്പിൽ ഇരകളാക്കപ്പെട്ടത് സാധാരണക്കാരാണ്.
ഒരാളുടെ ആധാരം തന്നെ പണയപ്പെടുത്തി ഉടമ അറിയാതെ തന്നെ പല തവണ വായ്പ എടുത്തെന്ന ആക്ഷേപം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് വായ്പാ കുടിശികയുള്ളവർക്ക് ജപ്തി നോട്ടീസ് അയച്ച് തുടങ്ങിയിരിക്കുന്നത്.