കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റേയും കെകെ രമ എംഎല്‍എയുടേയും മകനെതിരായ ഭീഷണി കത്തില്‍ പ്രതികരിച്ച് നേതാക്കള്‍. ഷംസീര്‍ എംഎല്‍എക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ചൂണ്ടികാണിക്കുന്നതാണ് വിഷയമെന്നും ഷംസീറിനെതിരെ പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും കെകെ രമ ചോദിക്കുന്നു. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടില്ലെന്നും കെകെ രമ പറഞ്ഞു.
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റേയും കെകെ രമ എംഎല്‍എയുടേയും മകനെതിരായ ഭീഷണി കത്തില്‍ പ്രതികരിച്ച് നേതാക്കള്‍. ഷംസീര്‍ എംഎല്‍എക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ചൂണ്ടികാണിക്കുന്നതാണ് വിഷയമെന്നും ഷംസീറിനെതിരെ പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും കെകെ രമ ചോദിക്കുന്നു. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടില്ലെന്നും കെകെ രമ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
അഭിനന്ദിനെതിരായ ഭീഷണി ആ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുകയും കെകെ രമയെ മാനസികമായി തളര്‍ത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെ പ്രതികരണം. കെകെ രമ എംഎല്‍എ ആയതിലെ അസഹിഷ്ണുതയും ഇതില്‍ പ്രകടമാണെന്നും വേണു പ്രതികരിച്ചു.
‘അഭിനന്ദിനെതിരായ ഭീഷണി ആ കുടുംബത്തെ രാഷ്ട്രീയമായി ഇല്ലാതാക്കുകയും മുന്നോട്ട് തടസം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഒപ്പം കെകെ രമയെ മാനസികമായി തളര്‍ത്താനുള്ള ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ട്. വടകരയിലെ കെകെ രമയുടെ വിജയത്തിലും സിപിഐഎം വലിയ അസഹിഷ്ണുതയുമുണ്ട്. ഇതിന് പിന്നില്‍ സിപിഐഎം തന്നെയാണ്.’ എന്‍ വേണു പ്രതികരിച്ചു.
‘ഷംസീറിന് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം വളരെ കൃത്യമായിട്ട് ആര്‍എംപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പറയാറുണ്ട്. എന്താ ഷംസീറിനെതിരെ പറഞ്ഞാല്‍. ഷംസീര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്ന് കാട്ടാന്‍ ഇനിയും തയ്യാറാവും. അതിശക്തമായിട്ട് സിപിഐഎം നേതാക്കള്‍ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെങ്കില്‍ അത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുറന്ന് കാട്ടുമെന്നും കെകെ രമ പറഞ്ഞു.’ കെകെ രമയുടെ പ്രതികരണം.
അഭിനന്ദിന്റെ രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചും രമ ഈ സാഹചര്യത്തില്‍ പ്രതികരിച്ചു. സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രാദേശിക തലത്തില്‍ അഭിനന്ദ് സജീവമാണെന്നാണ് രമയുടെ പ്രതികരണം.
‘സിപിഐഎമ്മിനെതിരെ സംസാരിക്കരുത് എന്നാണ് അതില്‍ പറയുന്നത്. ഇവരുടെ കള്ളത്തരങ്ങള്‍ തുറന്ന് കാണിക്കപ്പെടരുത് എന്നതാണ് വിഷയം. അഭിനന്ദ് നിലവില്‍ രാഷ്ട്രീയത്തിലേക്കൊന്നും ഇല്ല. ഇതിനെ അത്തരത്തില്‍ കാണേണ്ടതില്ല. പ്രാദേശിക തലത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ അഭിനന്ദ് സജീവമാണ്. ഭയപ്പെട്ടുകൊണ്ടല്ല ആര്‍എംപി രാഷ്ട്രീയ പ്രവേശനം നടത്തേണ്ടത്. ആര് ഭയപ്പെടുത്തിയാലും ഭയപ്പെടുന്ന രാഷ്ട്രീയമല്ല.’ കെകെ രമ പറഞ്ഞു.