കോവിഡ് വാക്സിനേഷൻ ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം: ബിജെപി
തൊടുപുഴ :- സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളിലെത്തിക്കാൻ ജില്ലാഭരണകൂടം ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് KS അജി ആവശ്യപ്പെട്ടു.
കോവിഡ് വാക്സിനേഷൻ രാജ്യത്ത് കേന്ദ്ര സർക്കാർ സൗജന്യമായി നടപ്പിലാക്കുകയാണ്. പക്ഷേ ഇത് കൃത്യമായി ജനങ്ങളിൽ എത്തിക്കണമെങ്കിൽ പ്രാദേശിക ഭരണകൂടങ്ങളുടെയും ആരോഗ്യ വകുപ്പിന്റേയും സഹകരണം ഉണ്ടായാൽ മാത്രമേ സാധിക്കുകയുള്ളൂ.
സൗജന്യമായി നൽകുന്ന വാക്സിനുകൾ കൃത്യസമയത്ത് അതാത് സ്ഥലങ്ങളിൽ എത്തിക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുന്നുണ്ട് എങ്കിലും ഇത് കൃത്യമായി വിതരണം നടത്താൻ ജില്ലയിലെ ആരോഗ്യ വകുപ്പ് പരാജയപ്പെടുകയാണ്.
പ്രാദേശിക ഭരണകൂടങ്ങൾക്ക് നേതൃത്വം നൽകുന്നവർ തങ്ങളുടെ തൽപരകക്ഷികളായ മറ്റു സ്ഥലങ്ങളിൽ നിന്ന് ഉള്ളവർക്കും ആശാവർക്കർ മാരെ പോലെയുള്ളവർ പാരിതോഷികങ്ങൾ വാങ്ങിയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനാവശ്യമായ തിരക്കുകൾ സൃഷ്ടിക്കുകയാണ്.
അതാത് പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വാക്സിനേഷൻ സെന്ററുകളിൽ അതാതു സ്ഥലത്ത് ഉള്ളവർക്ക് വാക്സിനേഷൻ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ഓൺലൈനിൽ രജിസ്റ്റർ ചെയ്തു വരുന്ന ആളുകൾക്ക് ആരോഗ്യകേന്ദ്രങ്ങൾ വഴിയുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ ഒരു പരിധിവരെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കാൻ സാധിക്കും.
ഇന്നലെ ( പത്തൊമ്പതാം തീയതി ) രാവിലെ കട്ടപ്പന ടൗൺ ഹാളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഉള്ള വാക്സിനേഷൻ സെന്ററിൽ നടന്ന സംഭവങ്ങൾ അപലപനീയമാണ്. ഭരണകക്ഷി കൗൺസിലർമാർ അനാവശ്യമായ ഇടപെടലുകളും വാട്സ്ആപ്പ് മെസ്സേജുകളും നടത്തിയത് മൂലമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.
പോലീസ് ഇടപെട്ട് സാഹചര്യത്തിൽ ചിലർക്കെങ്കിലും പരിക്കുകൾ പറ്റി എന്നുള്ളതും വളരെ ഖേദകരമാണ്. ജില്ലയിലെ പല വാക്സിനേഷൻ സെന്ററുകളും കോവിഡ് പരത്തുന്ന കേന്ദ്രങ്ങളായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായ ഇടപെടൽ നടത്തി വേണ്ട രീതിയിലുള്ള ഉള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം .