‘പെഗാസസ്’ സ്പൈവെയർ ആക്രമണം കേരളാ മുഖ്യമന്ത്രിയിലേക്കും എത്തുമോ? ഇന്ന് വൈകീട്ട് രേഖകൾ പുറത്തുവന്നേക്കും
ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ പെഗാസസ് വെളിപ്പെടുത്തലിൽ നിർണായക വിവരങ്ങൾ പുറത്തുവന്നേക്കുമെന്ന് സൂചന. ഇസ്രായേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയത് എന്നാണ് സുബ്രഹ്മണ്യം സ്വാമി ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിലെ കാബിനറ്റ് മന്ത്രിമാർ, ആർഎസ്എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്ജിമാർ, പ്രമുഖ പത്രപ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്നും ആരോപണത്തിൽ പറയുന്നു.
2019 മെയ് മാസത്തിൽ വാട്സാപ്പിൽ സുരക്ഷാ വീഴ്ച്ചയുണ്ടാവുകയും നിർണായക വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും വാർത്ത പുറത്തുവരുന്നത്. അന്ന് നിർണായക സ്ഥാനങ്ങളിലുള്ള സൈനിക ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങൾ ചോർത്തപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കേന്ദ്ര മന്ത്രിസഭയെ മാത്രം ചുറ്റിപ്പറ്റി മാത്രമല്ല ചോർത്തൽ നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. പ്രതിപക്ഷ നിർണാക നേതാക്കളുടെ വിവരങ്ങളും ചോർന്നതായി ആരോപണമുയരുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയാൻ, കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തുടങ്ങിയവർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു.
ഇതോടെ കേരളത്തിലെ നേതാക്കളുടെ ഫോൺ വിവരങ്ങൾ ഹാക്കർമാരുടെ കൈയ്യിലെത്തിയോ എന്നും ചർച്ചകൾ ഉയരുകയാണ്. അതേസമയം പെഗാസസ് വാർത്തകളിൽ ഇടം നേടിയ സമയത്ത് ഹാക്കർമാർ ലക്ഷ്യം വെച്ചിരുന്നത് സൈനിക, പ്രതിരോധ മേഖലകളിലുള്ളവരെയായിരുന്നു. ഇത്തവണ സുബ്രമണ്യൻ സ്വാമിയുടെ വെളിപ്പെടുത്തൽ സമാനമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക പുരോഗതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളം ഹാക്കർമാർ ലക്ഷ്യമാക്കില്ലെന്ന് പൂർണമായും വിശ്വസിക്കാനാവില്ല.
ഇസ്രയേൽ കമ്പനിയായ എൻഎസ്ഒയാണ് പെഗാസസ് സോഫ്റ്റ് വെയറിന്റെ നിർമ്മാതാക്കൾ. അംഗീകൃത സർക്കാർ ഏജൻസികൾക്ക് മാത്രമേ സോഫ്റ്റ് വയർ വിൽക്കാറുള്ളൂവെന്നും ഭീകരവാദവും കുറ്റകൃത്യങ്ങളും തടയാനാണ് പെഗാസസ് തയ്യാറാക്കിയതെന്നും കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് പൂർണമായും വിശ്വാസത്തിലെടുക്കാനും കഴിയില്ല. സമീപകാലത്ത് ലോകത്ത് നടന്ന സൈബർ ആക്രമണങ്ങൾ സൈനിക ലക്ഷ്യങ്ങൾ മുൻനിർത്തി മാത്രമല്ല, രാഷ്ട്രീയ എതിരാളികളുടെ വിവരങ്ങൾ ചോർത്തുന്നതും സ്ഥിര സംഭവമാണ്.
പെഗസാസ് ആക്രമണം കേരളം, തമിഴ്നാട്, കർണാട തുടങ്ങിയ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചിരുന്നോയെന്ന കാര്യങ്ങൾ വൈകീട്ടോടെ വ്യക്തമാവുമെന്നാണ് കരുതുന്നത്. ചോർത്തലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നും ഇതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ