‘പൊലീസമ്മയായിരുന്നു ഇച്ചിരി ഗമ’; അവസാന സല്യൂട്ടും നൽകി പടിയിറങ്ങി, ഇനി കുട്ടികളുടെ ‘സൗമ്യ ടീച്ചറാണ്
പൊലീസമ്മയാണോ? ടീച്ചറമ്മയാണോ? ഏതാണ് നല്ലതെന്ന് അവനികയോടും അഭിനന്ദിനോടും ചോദിച്ചാൽ യാതൊരു സംശയവുമില്ലാതെ കാക്കി തൊപ്പിയിലേക്ക് ഇരുവരും വിരൽ ചൂണ്ടും. പൊലീസമ്മയായിരുന്നു ‘ഗമ’, ടീച്ചറമ്മയാണെങ്കിൽ കുഴപ്പമില്ലെന്ന പ്രതീതിയും. കുമരംപുത്തൂർ വട്ടമ്പലത്തെ ആഴ്വഞ്ചേരി സൗമ്യയുടെ മക്കളാണ് അവനികയും അഭിനന്ദും. പൊലീസായിരുന്ന സൗമ്യ ഏറെ ഇഷ്ടപ്പെടുന്ന അധ്യാപനത്തിലേക്ക് കൂടുമാറുകയാണ്. അവസാന സല്യൂട്ടും നൽകി അധ്യാപികയുടെ വേഷത്തിലേക്ക് ഈ മാസം 15ന് ചാർജെടുത്തു. ലാത്തിയും തോക്കും പിടിച്ച ശീലിച്ച സൗമ്യ, പേരുപോലെ സൗമ്യമായ മറ്റൊരു വേഷത്തിലാവും ഇനിയെത്തുക.
ചെറുപ്പം മുതലെ അധ്യാപികയാവണമെന്നായിരുന്നു ആഗ്രഹം. ഒഴിവു വരുന്ന തസ്തികളിലേക്ക് സ്ഥിരമായി പിഎസ്എസി പരീക്ഷകളെഴുതും. താൽക്കാലിക ജോലിയിൽ നിന്ന് മെച്ചപ്പെട്ട സ്ഥാനത്തേക്ക് മാറണമെന്ന് നിശ്ചദാർഢ്യമാണ് സൗമ്യയ്ക്ക് കേരളാ പൊലീസിന്റെ തൊപ്പി സമ്മാനിക്കുന്നത്. നിരന്തരം പരീക്ഷകൾ എഴുതി, ആദ്യമായി ലഭിച്ച ജോലി പൊലീസിൽ. അധ്യാപികയാവണമെന്ന് അതിയായി ആഗ്രഹമുണ്ടായിരുന്നെങ്കിലും കാക്കി തൊപ്പി നിരസിച്ചില്ല.
2008ൽ അധ്യാപികയായി ജോലി ചെയ്തു വരുന്നതിനിടെയാണ് കേരളാ പോലീസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പി എസ് എസ് പരീക്ഷകൾ പൊലീസ് ജിവിതത്തിനിടയിലും അവസാനിപ്പിച്ചിരുന്നില്ല. 2016 ജനുവരിയിൽ പൊലീസ് ട്രെയിനിംഗ് ആരംഭിക്കുന്നത്. അട്ടപ്പാടി, നാട്ടുകൽ സ്റ്റേഷനുകളിൽ രണ്ടര വർഷങ്ങൾ വീതം സേവനമനുഷ്ഠിച്ചു. പിന്നീട് മൂന്ന് വർഷക്കാലം മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്റ്റേഷനിൽ. മേലാറ്റൂരിലെ ജോലിക്കിടയിലാണ് അധ്യാപന ജോലിയിലേക്ക് പൂർണമായും മാറുന്നത്.
പൊലീസ് ജീവിതം നൽകിയ പാഠങ്ങൾ മുന്നോട്ടുപോക്കിൽ ഏറെ ഗുണകരമാണെന്ന് സൗമ്യ പറയുന്നു. അട്ടപ്പാടിയിൽ മാവോയിസ്റ്റ് മേഖലയാണ്, ചുരവും കാടുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഇടം. അട്ടപ്പാടിയിലെ കാവൽ ജോലികൾ ചില സമയങ്ങളിലെല്ലാം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെങ്കിലും സർവീസിൽ നിന്ന് ലഭിച്ച അനുഭവ സമ്പത്ത് ജീവിതത്തിന് മുതൽക്കൂട്ടാണെന്ന് സൗമ്യ പറയുന്നു. ഇക്കാലയളവിലെല്ലാം പിന്തുണയുമായി കൂടെ നിന്നത് ഭർത്താവ് പ്രകാശാണ്. ജോലി മാറ്റത്തിലും മറ്റെല്ലാ കാര്യങ്ങളും പ്രകാശിന്റെ പിന്തുണ വലിയ മുതൽക്കൂട്ടായിരുന്നുവെന്നും സൗമ്യ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.
പ്രിയപ്പെട്ട ജോലിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെങ്കിലും സേനയോട് വിടപറയുന്നതിൽ സൗമ്യയ്ക്ക് വിഷമമുണ്ട്. പൊലീസുകാരിയായ ടീച്ചറെ വിദ്യാർത്ഥികളും സ്വീകരിച്ചു കഴിഞ്ഞു. പഴയ ഭീകരൻ പൊലീസ് ചിത്രമൊന്നും കുട്ടികൾക്കിടയിലില്ല. ഓൺലൈൻ ക്ലാസാണ് നടക്കുന്നതെങ്കിലും കുട്ടികൾ രസകരമായിട്ടാണ് ഇടപെടുന്നതെന്ന് സൗമ്യ പറഞ്ഞു. പൊലീസാണ് താനെങ്കിലും കുട്ടികൾക്ക് അത്തരത്തിലൊരു അനാവശ്യ പേടിയില്ലെന്നും സൗമ്യ വ്യക്തമാക്കി.
പൊലീസ് ജീവിതം പോലെ അധ്യാപന ജോലിയും ആസ്വദിച്ച് ചെയ്യാനുവെന്ന പ്രതീക്ഷയിലാണ് സൗമ്യ.