‘ബക്രീദിന് സര്‍വ്വത്ര ഇളവ്, ഓണത്തിനും ക്രിസ്തുമസിനും അടച്ചിടലും എന്ന് പറയുന്നതിലെ യുക്തിയെന്താണ്?’; ചോദ്യവുമായി വി മുരളീധരന്
കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ചുള്ള ലോക്ക്ഡൗണ്‍ ഇളവുകളില്‍ വിവേചനമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. ബക്രീദിന് സര്‍വ്വത്ര ഇളവ് അനുവദിക്കുന്ന സര്‍ക്കാര്‍ ഓണത്തിനും ക്രിസ്തുമസിനും അടച്ചിടല്‍ നിര്‍ദ്ദേശിക്കുന്നതിന്റെ യുക്തി തനിക്ക് മനസിലാകുന്നില്ലെന്നാണ് മുരളീധരന് പറഞ്ഞത്. കേരളത്തില്‍ കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അശാസ്ത്രീയ രീതികളാണ് അവലംബിക്കുന്നതെന്ന് മുരളീധരന് കുറ്റപ്പെടുത്തി. അശാസ്ത്രീയ രീതികളില്‍ നിന്നും പിന്മാറാന് കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
‘പിടിവാശി ഉപേക്ഷിച്ച് അശാസ്ത്രീയ ലോക്ഡൗണ്‍ രീതിയില്‍ നിന്ന് പിന്മാറാന് കേരള സര്‍ക്കാര്‍ തയാറാകണം. വ്യാപാരമേഖലയുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തും. ബക്രീദിന് സര്‍വ്വത്ര ഇളവ് ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയുന്നതിലെ യുക്തി എന്താണ്..? ജനങ്ങളുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന രീതി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരുകള്‍ക്ക് യോജിച്ചതല്ല. സര്‍ക്കാര്‍ എല്ലാവരുടേതുമാകണം, എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണണം.’ വി മുരളീധരന് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.