മരം മുറി വിവാദം: കുറ്റക്കാരെ കോടതി തീരുമാനിക്കും; കേസെടുക്കലുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി
അനധികൃത മരം മുറി വിവാദത്തില്‍ കേസെടുക്കാനുള്ള വനവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ദോഷം വരാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും. മരം മുറിക്കലില്‍ കുറ്റക്കാര്‍ ആരെന്ന് കോടതി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോട് ആയിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം. അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണോ എന്നതുള്‍പ്പെടെ കോടതി പരിശോധിക്കട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്.
അതേസമയം, മരം മുറി വിവാദത്തില്‍ കേസെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഡിഎഫ്ഒയുടെ കത്ത്. കേസെടുക്കാത്ത ഉദ്യോഗസ്ഥരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. രണ്ട് ദിവസത്തിനകം കേസെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും ഡിഎഫ്ഒ കത്തില്‍ നിര്‍ദ്ദേശിക്കുന്നു. കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
റവന്യൂ ഭൂമിയില്‍ നിന്നും മരം മുറിയിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ എല്‍എ പട്ടയഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് മാറ്റിയ സംഭവത്തില്‍ നിയമനടപടികള്‍ കൈക്കൊള്ളുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ചില ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇത്തരം നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥരുടെ പേരുവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി 2 ദിവസത്തിനകം അറിയിക്കേണ്ടതാണ് എന്നാണ് കത്തിലെ നിര്‍ദേശം.
2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്ക്കും എതിരെ കേസെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ ഉത്തരവിട്ടിരുന്നു. നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചര്‍മാര്‍ക്കായിരുന്നു നിര്‍ദ്ദേശം. പിന്നാലെ റെയ്ഞ്ചര്‍മാര്‍ വിവര ശേഖരണം നടത്തിയെങ്കിലും കേസെടുത്തില്ല. പിന്നാലെയാണ് നടപടി കര്‍ശനമാക്കാന്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ മരംമുറിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്താല്‍ നിയമപ്രശ്നങ്ങളില്‍ പെട്ടേക്കാമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഞ്ചര്‍മാര്‍ കേസെടുക്കല്‍ വൈകിപ്പിച്ചത്. സംഭവത്തില്‍ ഉത്തരവിന് എതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അനധികൃത മരം മുറിയില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനുള്ള വനവകുപ്പ് നടപടിക്ക് എതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയുള്‍പ്പെടെ രംഗത്ത് എത്തിയിരുന്നു. കേസെടുത്താന്‍ കര്‍ഷകരുമായി ചേര്‍ന്ന് ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ നിയമസഹായം നല്‍കുമെന്നുമാണ് സമിതിയുടെ നിലപാട്.