‘അര്ജുന് ആയങ്കി അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ കണ്ണി’; വന്‍ തോതില്‍ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചെന്ന് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്ജുന് അയങ്കിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. അര്ജുന് ആയങ്കിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. അന്തര്‍ സംസ്ഥാന കള്ളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണ് അര്ജുന് ആയങ്കി എന്നാണ് കസ്റ്റംസിന്റെ നിലപാട്. അര്‍ജുന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു.
കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ നിരവധി പേര് പങ്കാളികളാണ്. ഇതുമായി ബന്ധപ്പെട്ട പല സംഘത്തെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ വന്‍ തോതില്‍ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ് പ്രതികള്‍. കേസില്‍ ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ടെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കുന്നു.
അതിനിടെ, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഹമിക്കുകയാണ്. അഭിഭാഷകര്‍ക്കൊപ്പമാണ് ഷാഫി കസ്റ്റംസ് ഓഫീസിലെത്തിയത്.
അര്ജ്ജുന് ആയങ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നേരത്തെ തന്നെ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് വിളിപ്പിച്ചിരുന്നു. എന്നാല്‍ കസ്റ്റംസ് വിളിപ്പിച്ച തീയ്യതിക്ക് ഹാജരാവാതിരുന്ന ഷാഫി ഉദ്യോസ്ഥരെ അറിയിക്കാതെ കഴിഞ്ഞ വെള്ളിയാഴ്ച്ച കസ്റ്റംസ് ഓഫീസിലേക്ക് എത്തിയിരുന്നു. പക്ഷേ നോട്ടീസില്‍ പറയുന്ന ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് മടക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച ഹാജരായത്. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ നേരത്തെ കസ്റ്റംസ് അര്ജുന് ആയങ്കിയുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
കരിപ്പൂര്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അര്ജുന് ആയങ്കിയ്ക്ക് ഷാഫിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസ് കരുതുന്നത്. സ്വര്‍ണക്കടത്തിന് അര്ജുന് ഷാഫിയുടെയും കൊടി സുനിയുടേയും സഹായം ലഭിച്ചിരുന്നു എന്നും നേരത്തെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നന്നു. ടിപി ചന്ദ്രശേഖരന് കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘത്തിന് കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് നിഗമനം.
അതിനിടെ, സ്വര്‍ണക്കടത്ത് അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് തിരിഞ്ഞതോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ സായുധ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.