സാബുവിന്റെ 1000 കോടി നിക്ഷേപം വ്യവസായികള്‍ക്ക് കാലുറയ്ക്കാത്ത മണ്ണില്‍; മുന്നുവര്‍ഷമായി പ്രഖ്യാപനങ്ങള്‍ മാത്രം, പദ്ധതി സര്‍ക്കാര്‍ ബജറ്റില്‍ പോലുമില്ല
ഹൈദരാബാദ്: തെലങ്കാനയില്‍ കിറ്റെക്സ് നിക്ഷേപം നടത്താനിരിക്കുന്നത് മൂന്നുവര്‍ഷമായി മരവിച്ചുകിടക്കുന്ന പദ്ധതിയില്‍. മൂന്ന് വര്‍ഷം മുന്‍പ് തെലങ്കാന സര്‍ക്കാര്‍ വാറങ്കലില്‍ പ്രഖ്യാപിച്ച കകാതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്ക് (കെഎംടിപി) പദ്ധതിയിലാണ് സാബു ജേക്കബ് കിറ്റെക്സ് ഫാക്ടറികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്ന് വര്‍ഷം മുന്‍പ് ഈ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ 1552 കോടി രൂപ ചെലവില്‍ കെഎംടിപി വികസിപ്പിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.
പിന്നീട് ഒരു ഘട്ടത്തില്‍ തെലങ്കാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പ്പറേഷന് (ടിഎസ്ഐസി) പാര്‍ക്കിനായി 1,200 ഏക്കര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ പ്രമുഖ കൊറിയന്‍ ടെക്സ്റ്റൈല്‍സ് കമ്പനിയായ യംഗോണ്‍ കോര്പ്പറേഷന്, പോലുള്ള ചില മുന്‍നിര കമ്പനികള്‍ പാര്‍ക്കില്‍ തങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ചു. തുടര്‍ന്ന് യംഗോണ്‍ കോര്പ്പറേഷന് പ്രഖ്യാപിച്ച 1,000 കോടി രൂപ നിക്ഷേപത്തിനായി സര്‍ക്കാര്‍ 290 ഏക്കര്‍ അനുവദിച്ചു. ഇതിനിടെ പോളിസ്റ്റര്‍ സ്റ്റേപ്പിള്‍ ഫൈബര്‍ നിര്‍മാതാക്കളായ ഗണേശ ഇക്കോപെറ്റ് പ്രൈവറ്റ് ലിമിറ്റഡും പദ്ധതി ഭൂമിയിലെ 50 ഏക്കറില്‍ 500 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഈ പ്രഖ്യാപനങ്ങളിലൊന്നും പിന്നീട് തുടര്‍നടപടികളുണ്ടായില്ല.
സംരംഭങ്ങള്‍ക്കായി പദ്ധതിഭൂമിയില്‍ ആഭ്യന്തര റോഡുകളുടെയും വൈദ്യുത ലൈനുകളുടെയും പണി പൂര്‍ത്തിയായെന്നും മിഷന് ഭഗീരഥയിലൂടെ മേഖയിലെ വ്യവസായിക ആവശ്യത്തിനായി വെള്ളം കണ്ടെത്തുന്നതിനും സൗകര്യമൊരുക്കിയെന്നുമായിരുന്നു ഇക്കാലയളവില്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്കുശേഷവും പദ്ധതിയില്‍ നിക്ഷേപത്തിനായി പുതിയ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യമാണുണ്ടായിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ പിന്നീട് ഈ വമ്പന്‍ പദ്ധതി പരാമര്ശിക്കപ്പെട്ടിട്ടുമില്ലായിരുന്നു. ഇതിനിെടയാണ് പദ്ധതിയില്‍ 1000 കോടി നിക്ഷേപിക്കാന്‍ സാബു ജേക്കബ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പദ്ധതി ഭൂമി സന്ദര്‍ശിച്ച സാബു ജേക്കബും സംഘവും 150 ഏക്കറില്‍ കൂടുതല്‍ ഭൂമിയാണ് ഫാക്ടറി യൂണിറ്റ് സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.
അതേസമയം, കിറ്റെക്സ് വിഷയത്തില്‍ ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത് തെലങ്കാന സര്‍ക്കാരുമായി ചേര്‍ന്ന് സാബു ജേക്കബ് നടത്തുന്ന നാടകമാണെന്നും ഇതിനുപിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ഐഎന്‍ടിയുസി നേതാവ് ജേക്കബ് സി മാത്യു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
സര്‍ക്കാരിന്റെ ഭരണം അവസാനിക്കാറായ സമയത്തുപോലും നക്സലേറ്റ് കേന്ദ്രമെന്നറിയപ്പെടുന്ന വാറങ്കല്‍ മേഖലയില്‍ ഒരു വ്യവസായിയെപ്പോലും കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. വ്യവസായ കേന്ദ്രമാക്കി മാറ്റിയിട്ടിരിക്കുന്ന മേഖലയ്ക്ക് ഒരാള്‍ക്കുപോലും തൊഴില്‍ നല്കാനിയില്ലെന്ന ഈ വിമര്‍ശനം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന് ആറുമാസത്തിനകം വാറങ്കലില്‍ വലിയ വ്യവസായങ്ങള്‍ എത്തിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ഈ സ്ഥാനത്തുതുടരില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മകന് കൂടിയായ തെലങ്കാന വ്യവസായമന്ത്രി അന്ന് ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഈ പ്രഖ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസക്കാലമായി തെലങ്കാന സര്‍ക്കാരും സാബു എം ജേക്കബും ചേര്‍ന്ന നടത്തുന്ന നാടകമാണ് കേരളവും ഇന്ത്യയും കണ്ടതെന്നും ജേക്കബ് സി മാത്യു പറഞ്ഞു.