‘ഐഎന്‍എല്ലിന് മുസ്ലിം ലീഗ് എംപി തെരഞ്ഞെടുപ്പ് ഫണ്ട് നല്കി’: ഇടപെടല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച സീറ്റില്‍; പുതിയ വിവാദം
മുസ്ലിം ലീഗ് 25 വര്‍ഷത്തിനുശേഷം വനിത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ച കോഴിക്കോട് സൗത്തില്‍ എതിര് സ്ഥാനാര്‍ത്ഥിക്കായി ലീഗ് എംപി സംഭാവന നല്‍കിയെന്ന ആരോപണം. അഹമ്മദ് ദേവര്‍കോവിലിന്റെ പ്രചാരണത്തിനു മുസ്ലീം ലീഗിന്റെ രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് പണം നല്‍കിയെന്ന ആരോപണമാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഐഎന്‍എല്‍ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുടേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തിലാണ് ലീഗിനെയും ഐഎന്‍എല്ലിനെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുള്ളത്.
കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവിലിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് മുസ്ലിം ലീഗ് എംപിയില്‍ നിന്നു 3 ലക്ഷം രൂപ സംഭാവന വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തല്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് ചിലവ് സ്വയം വഹിക്കേണ്ടിവന്ന സാഹചര്യം ഉണ്ടായതായിരുന്നു വെളിപ്പെടുത്തലിന് പിന്നില്‍. തിരുവനന്തപുരത്ത് താമസസൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ തങ്ങിയെന്നും ഭക്ഷണത്തിന് ആയിരം രൂപ വീതം ചെലവായെന്നും വോയ്സ്ക്ലിപ്പില്‍ പറയുന്നു. പിന്നാലെയാണ് ആരൊക്കെയാണ് ലീഗ് എംപിയുടെ അടുത്തു പണം വാങ്ങാന്‍ പോയതെന്നുള്ള പരാമര്‍ശമുള്ളത്. കോഴിക്കോട് അഹമ്മദ് ദേവര്‍ കോവിലിന്റെ പ്രചാരണത്തില്‍ സജീവമായിരുന്ന വ്യക്തിയാണ് ഐഎന്‍എല്‍ മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി അസീസ് ആനക്കയം മറ്റൊരു നേതാവായ അലവിക്കുട്ടി എന്നയാളോട് നടത്തിയ സംഭാഷണമാണ് പുറത്ത് വന്നത്.
എന്നാല്‍, ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഐഎന്‍എല്‍ നേതൃത്വം. ശബ്ദരേഖ പുറത്തുവിട്ടതിനും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനും മൂന്നു പേരെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തതായും ഐഎന്‍എല്‍ നേതൃത്വം വിശദീകരിക്കുന്നു.
ഐഎന്‍എല്ലിനെയും മുസ്ലീം ലീഗിനെയും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വിവാദം. 25 വര്‍ഷത്തിന് ഇപ്പുറം സിറ്റിങ് സീറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വ. നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തി ഐഎല്‍എല്‍ സ്ഥാനാര്‍ത്ഥി വിജയിക്കുകയും എല്‍ഡിഎഫ് മന്ത്രി സ്ഥാനം ഉള്‍പ്പെടെ നല്കി വലിയ പരിഗണന ലഭിക്കുകയും ചെയ്തു.
അതേസമയം, പുതിയ വിവാദം സ്വന്തം സ്ഥാനാര്‍ത്ഥിക്ക് എതിരെ മുസ്ലീം ലീഗിലെ നേതാക്കള്‍ തന്നെ പ്രവര്‍ത്തിച്ചു എന്ന സൂചന നല്‍കുന്നതാണ്. ഇത് വരും ദിവസങ്ങളില്‍ വലിയ വിവാദത്തിന് തന്നെ വഴിവച്ചേക്കും. വനിതാ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മുസ്ലീം ലീഗിന് തന്നെ താല്പര്യമില്ലായിരുന്നു എന്ന തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നേക്കും. എന്നാല്‍ ഐഎന്‍എല്ലിലെ തന്നെ ഒരു വിഭാഗം ഇപ്പോഴും ലീഗുമായി അടുത്തു നില്ക്കുന്നു എന്ന സൂചനയാണ് ഇടത് പക്ഷത്തിനും പാര്‍ട്ടിക്കും തിരിച്ചടിയാവുന്നത്. മുസ്ലീം ലീഗിന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരുണ്ടെന്നതും പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്ന്തും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.
നേരത്തെ പിഎസ്സി കോഴ വിവാദത്തില്‍ ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഐഎം താക്കീത് നല്‍കിയിരുന്നു. എല്‍ഡിഎഫിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് എന്നായിരുന്നു ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഐഎമ്മിന്റെ മുന്നറിയിപ്പ്. പരസ്യ പ്രതികരണം പാടില്ലെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റും വ്യക്തമാക്കിയിരുന്നു.