കൊങ്കുനാട്: തമിഴ്നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ഡിഎംകെയും കോണ്‍ഗ്രസും; ഭയമെന്തിനെന്ന് ബിജെപി, വിവാദം കത്തുന്നു
തമിഴ്നാടിനെ രാഷ്ട്രീയമായി വിഭജിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആരംഭിച്ച വിവാദം കത്തുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാക്ക്പോരിലേക്ക് എത്തിയിരിക്കുകയാണ് വിഷയം. കേന്ദ്ര സര്‍ക്കാരും നേതൃത്വം നല്കുന്ന ബിജെപിയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഭിന്നിപ്പിക്കാനാണെന്ന് ഡിഎംകെയും കോണ്‍ഗ്രസും ആരോപിച്ചു. എന്തിനാണ് ഭയമെന്നാണ് ബിജെപിയുടെ മറുപടി. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖലയായായ കൊങ്കുനാട് എന്ന് അറിയപ്പെടുന്ന പ്രദേശത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വലിയ ചര്‍ച്ചയാണ് വിഷയത്തില്‍ ദേശീയ തലത്തില്‍ തന്നെ നടക്കുന്നത്.
കേന്ദ്ര മന്ത്രിസഭ പുനഃഘടിപ്പിച്ചതിന് പിന്നാലെയാണ് കൊങ്കുനാട് എന്ന ആശയം സജീവ ചര്‍ച്ചയിലെത്തുന്നത്. തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ എല്‍ മുരുകനെ കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രിയായി ഉള്‍പ്പെടുത്തിയിരുന്നു. കൊങ്കുനാട് നിന്നുള്ള നേതാവ് എന്ന വിശേഷണമായിരുന്നു എല്‍ മുരുകന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്ര ഭരണപ്രദേശമാക്കാന്‍ നീക്കം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കേന്ദ്രമന്ത്രിമാരുടെ പട്ടികയുടെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിവാദം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. കൊങ്കുനാട് പ്രദേശം എന്ന് കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിലവില്‍ പത്തു ലോക്സഭ മണ്ഡലങ്ങളും 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ പ്രദേശങ്ങളിലെ ചില മണ്ഡലങ്ങളും ഉള്‍പ്പെടുത്തി 90 നിയമസഭാ മണ്ഡലങ്ങളുള്ള കേന്ദ്രഭരണ പ്രദേശമാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കിയേക്കുമെന്ന സാധ്യതയും
റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വയ്ക്കുന്നു. തമിഴ്നാട്ടില്‍ നിലവില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എന്നിരുന്നാലും കൊങ്കുനാട് എന്ന പേരില്‍ ഒരു സ്ഥലവും ഈ മേഖലയിലില്ല. നിലവില്‍ പ്രതിപക്ഷത്തിരിക്കുന്ന അണ്ണാ ഡിഎംകെയുടെ ശക്തി കേന്ദ്രമാണ് കൊങ്കുനാട് എന്നറിയപ്പെടുന്ന തമിഴ്നാടിന്റെ പടിഞ്ഞാറന്‍ മേഖല. ബിജെപിക്കും ചെറിയ സ്വാധീനം പ്രദേശത്തുണ്ട്. നിലവില്‍ എഐഎഡിഎംകെയും ബിജെപിയും സംസ്ഥാനത്ത് സഖ്യത്തിലാണെന്നതും കൊങ്കുനാട് രൂപീകരണ ചര്‍ച്ചകള്‍ക്ക് സജീവമാക്കുന്നുണ്ട്.
കൊങ്കുനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഖലയിലെ നാമക്കല്‍ സ്വദേശിയാണ് എല്‍ മുരുകന്. അദ്ദേഹത്തിന് പിന്നാലെ ബിജെപി അധ്യക്ഷ സ്ഥാനത്ത് എത്തിയ കെ അണ്ണാമലൈയും ഈ പ്രദേശത്ത് നിന്നാണ്. സംസ്ഥാനത്ത് എറ്റവും പ്രബലരായി അറിയപ്പെടുന്ന ഗൗണ്ടര്‍ വിഭാഗത്തിനും ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണിത്.
അതേസമയം, തമിഴ്നാടിനെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിവാദത്തില്‍ ഡിഎംകെ എംപി കനിമൊഴി നടത്തിയ പ്രതികരണം. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല, നിലവിലെ സര്‍ക്കാറിന് കീഴില്‍ സംസ്ഥാനം സുരക്ഷിതമാണെന്നും കനിമൊഴി വ്യക്തമാക്കുന്നു.
കൊങ്കുനാട് വിഭജനം നടക്കില്ലെന്ന് തമിഴ്നാട് കോണ്‍ഗ്രസ് മേധാവി കെഎസ് അഴഗിരിയും വ്യക്തമാക്കുന്നു. ഇത്തരം വിഭജനം നടന്നാല്‍ പല സംസ്ഥാനങ്ങളിലും സമാനമായ ആവശ്യങ്ങള്‍ ഉയര്‍ന്നുവരും. നിക്ഷിപ്ത താല്‍പ്പര്യമുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും തമിഴ്നാട് വിഭജിക്കുക എന്നത് അസാധ്യമായ ഒരു സ്വപ്നമാണ്. ആളുകള്‍ ഒരിക്കലും അത് അനുവദിക്കില്ല. അത്തരം വിഘടനവാദ ആശയങ്ങള്‍ക്ക് ഇവിടെ ഇടമില്ല. ബിജെപിയുടെ ഈ അജണ്ട വിജയിക്കില്ല, ഞങ്ങള്‍ അതിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
അധികാരത്തിലെത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനോട് തുറന്ന പോരിനിറങ്ങിയ സ്റ്റാലിന് സര്‍ക്കാറിനുള്ള മറുപടി കൂടിയായാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച പോലും എന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാര്‍ എന്ന വിശേഷണമല്ല യൂണിയന് എന്നാണ് ഉപയോഗിക്കേണ്ടെന്നുള്ള നിലപാട് ഉള്‍പ്പെടെയുള്ള നീക്കള്‍ക്കുള്ള മറുപടിയാണിതെന്നും വിലയിരുത്തപ്പെടുന്നു. കൊങ്കുനാടിനെ കുറിച്ചുള്ള വിവാദങ്ങള്‍ക്ക് സംസ്ഥാന ബിജെപി നല്കുന്ന മറുപടിയും ശ്രദ്ധേയമാണ്.
ജനാഭിലാഷം നടക്കും എന്നായിരുന്നു വാര്‍ത്തകളോട് തമിഴ്നാട് ബിജെപി ജനറല്‍ സെക്രട്ടറി കാരു നാഗരാജന്റെ പ്രതികരണം. ഇതിന് ഉദാഹണമായി തെലങ്കാനയെയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബിജെപി കൊങ്കുനാട് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ എന്തിനാണ് കൊങ്കുനാട് എന്ന ചര്‍ച്ചയെ ഡിഎംകെ ഭയക്കുന്നത് എന്നായിരുന്നു ബിജെപി നിയമസഭാകക്ഷി നേതാവ് നൈനാര്‍ നാഗേന്ദ്രന്റെ ചോദ്യം. ആന്ധ്രപ്രദേശും, യുപിയും വിഭജിച്ചിട്ടുണ്ട്. ജനാഭിലാഷം നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.