കൊടകര കുഴല്‍പ്പണക്കേസ്: സുരേന്ദ്രന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും
കൊടകര കുഴല്‍പ്പണക്കേസില്‍ ഈ മാസം 14 ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മടിയില്‍ കനമില്ലാത്തതിനാല്‍ തനിക്ക് ഭയമില്ലെന്നും കൊടകര കേസില്‍ എന്നല്ല ഏത് കേസില്‍ ഹാജരാകാനും തനിക്ക് ഭയമില്ലെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് കേസുകളില്‍ കുടുക്കാനുള്ള ശ്രമം വിജയിക്കില്ല. തനിക്കെതിരായ ഫോണ്‍സംഭാഷണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സുരേന്ദ്രന് ആരോപിച്ചു.
ജൂലൈ ആറ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിനായി തൃശ്ശൂര്‍ പൊലീസ് ക്ലബിലെത്തണമെന്നായിരുന്നു കെ സുരേന്ദ്രന് നല്കിയ നോട്ടീസിലെ നിര്‍ദേശം. എന്നാല്‍ ആ ദിവസം ബിജെപി നേതൃ യോഗം ചേരുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് പോകില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രന് ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മുന്‍പ് പ്രതികരിച്ചിരുന്നത്. ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും മൂത്താപ്പ പള്ളിയില്‍ പോയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ ചോദ്യം ചെയ്യലിലിനോട് സഹകരിക്കുന്നതാണ് നല്ലതെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ബുധനാഴ്ച പൊലീസിനുമുന്നില്‍ ഹാജരാകാനുള്ള തീരുമാനമെന്നാണ് സൂചന.
മുന്‍പ് വിഷയത്തില്‍ പ്രതികരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ് സുരേന്ദ്രന് ചോദ്യം ചെയ്യലിന് പോകുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പൊലീസ് അറിയിച്ച തിയതിക്ക് പോകാതെ മറ്റൊരു തിയതി ചോദിച്ച് അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും അതോടെ ചര്‍ച്ചകള്‍ തീരുമെന്നും ആവശ്യമെങ്കില്‍ ഫൈറ്റ് ചെയ്യാനുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുക്കുമെന്നും അഭിഭാഷകന് കൂടിയായ മോഹന്‍ദാസ് പറഞ്ഞിരുന്നു.
കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് എത്തിയത് മോഷണത്തിന് പിന്നാലെയുണ്ടായ ധര്‍മരാജന്റെ ആദ്യ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ധര്‍മ്മരാജന്റെ ആദ്യത്തെ ഫോണ്‍ കോള്‍ പോയത് കെ സുരേന്ദ്രന്റെ മകന് കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധര്മ്മരാജന് വിളിച്ച കോളുകളുടെ ലിസ്റ്റില്‍ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.
ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവര്‍ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതില്‍ സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള പരിചയം ഇരുവരും നിഷേധിച്ചിരുന്നില്ല.