വാക്സിനേഷനില്‍ മുന്നിലെങ്കിലും ആശങ്കയൊഴിയാതെ കേരളം; പ്രതിവാര കൊവിഡ് ബാധയില്‍ 8.4 ശതമാനം വര്‍ധനവ്
ആശങ്കയൊഴിയാതെ കേരളത്തിലെ കൊവിഡ് രോഗബാധയുടെ കണക്കുകള്‍. പ്രതിവാര കണക്കുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 8.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പ്രതിദിന രോഗ ബാധിരുടെ എണ്ണം പതിനായിരം എന്ന നിലയില്‍ നില്‍ക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴാതെയും നില്‍ക്കുമ്പോഴാണ് പ്രതിവാരണ കണക്കുകളിലെ വര്‍ധന ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 65,345 കൊവിഡ് കേസുകളാണ്. തൊട്ട് മുമ്പുള്ള ആഴ്ചയില്‍ ഇത് 60,234 കേസുകളായിരുന്നു. അതായത് 8.4 ശതമാനം ഉയര്‍ച്ച.
കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തിലെ പ്രതിദിന കൊവിഡ് ബാധിതരുടെ മിക്ക ദിവസങ്ങളിലും എണ്ണം പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളിലും പുതിയ രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ദേശീയ തലത്തില്‍ തന്നെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കുന്നതിലേക്കാണ് ഈ കണക്കുകള്‍ നീണ്ടത്. ഇതേ കാലയളവില്‍, രാജ്യത്ത് ദിവസേനയുള്ള പുതിയ രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു. 80,000 ഉണ്ടായിരുന്ന കണക്കുകള്‍ 40,000 ലേക്ക് ചുരുങ്ങി. കേരളം ഒഴികെയുള്ള എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ദൈനംദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു.
ജൂണ്‍ 15 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ദേശീയ തലത്തിലുള്ള രോഗ ബാധിതരുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കേരളമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ മൂന്നിലൊന്നിലധികവും കേരളത്തില്‍ നിന്നാണ്. ദേശീയ തലത്തില്‍ രോഗബാധിതരുടെ മൊത്തം എണ്ണം കുറയാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കേരളത്തിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. കേരളത്തില്‍ ഇതുവരെ 30 ലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തില്‍ പത്ത് ലക്ഷം പേരില്‍ 90,000 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ അനുപാതം നാലിരട്ടിയാണ്.
രാജ്യത്തെ ഏറ്റവും മികച്ച വാക്സിനേഷന് യജ്ഞമാണ് കേരളത്തില്‍ നടക്കുന്നത്. ദേശീയ തലത്തില്‍ തന്നെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും കേരളത്തില്‍ അണുബാധയുടെ എണ്ണം കുറയ്ക്കുന്നതില്‍ തിരിച്ചടി നേരിടുകയാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചെന്നാണ് കണക്കുകള്‍. അപ്പോഴും പുതിയ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.
മരണ നിരക്ക് കുറയ്ക്കുന്നതില്‍ കേരളം മുന്നേറിയെന്നതാണ് ഇതില്‍ ആശ്വാസകരമായ വസ്തുത. ദേശീയ തലത്തില്‍ മരണ നിരക്ക് ശരാശരി 1.32 ആണ്. കേരളത്തില്‍ മരണനിരക്ക് 0.47 ആണ്. കേരളത്തില്‍ ഇതുവരെ 14,157 പേരാണ് കൊവിഡ് ബാധമൂലം മരിച്ചിട്ടുള്ളത്. രാജ്യത്തെ എട്ടാമത്തെ ഉയര്‍ന്ന നിരക്കാണ് ഇത്.