‘കിറ്റക്സ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന സംശയിക്കണം’; ചവിട്ടിപുറത്താക്കിയെന്ന ആരോപണം ദൗര്‍ഭാഗ്യകരമെന്ന് പി രാജീവ്
കിറ്റക്സിനെതിരെ ഒരു തരത്തിലുള്ള പ്രതികാര നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്സിനെ സംസ്ഥാനത്ത് നിന്നും ആട്ടിപ്പായിച്ചെന്ന കിറ്റെക്സ് എംഡിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വ്യവസായ മന്ത്രി നിലപാട് വ്യക്തമാക്കിയത്. ആട്ടിപ്പായിച്ചു എന്ന പ്രയോഗം ദൗര്‍ഭാഗ്യകരമാണ്. കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല. മറ്റ് വകുപ്പുകളാണ് പരിശോധന നടത്തിയത്. ചര്‍ച്ചകള്‍ തുടരാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചവിട്ടിപ്പുറത്താക്കി എന്ന സാബു ജേക്കബിന്റെ ആക്ഷേപം ജനങ്ങള്‍ വിലയിരുത്തട്ടെ. പോയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം. പോകണമെന്ന് നേരത്തെ തീരുമാനിച്ചോ എന്ന് നങ്ങള്‍ വിലയിരുത്തും. പരാതി പരിശോധിക്കാനും ചര്‍ച്ചയ്ക്കും തയ്യാറായിരുന്നു. ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് കളമശേരിയിലെ ‘സ്റ്റാര്ടപ്പു’കളോട് ചോദിക്കാം. ആക്ഷേപം ഉന്നയിച്ച് പ്രചാരവേല വേണ്ടിയിരുന്നില്ല.
കിറ്റക്സ് വിവാദം കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരാതിരിക്കനുള്ള ഗൂഢാലോചന ആണോ എന്ന് സംശയിക്കണമെന്നും വ്യവസായ മന്ത്രി പ്രതികരിച്ചു. കടുത്ത വിമര്‍ശനങ്ങളായിരുന്നു സാബു ജേക്കബ് വെള്ളിയാഴ്ച രാവിലെ സംസ്ഥാന സര്‍ക്കാറിനെതിരേ ഉന്നയിച്ചത്. കേരളത്തില്‍ നിന്നും പിന്‍വലിക്കുന്നു എന്ന് അറിയിച്ച 3500 കോടിയുടെ നിക്ഷേപം തെലങ്കാനയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി യാത്ര തിരിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതികരണം.
കേരളത്തിലെ രാഷ്ട്രീയ ചിന്താഗതി, സര്‍ക്കാറിന്റെ നിലപാട് എന്നിവ മാറിയിട്ടില്ലെങ്കില്‍ സംസ്ഥാനം വ്യവസായ മേഖലയില്‍ വലിയ പ്രത്യാഖാതം നേരിടേണ്ടി വരുമെന്നുമായിരുന്നു സാബു ജേക്കബിന്റെ മുന്നറിയിപ്പ്. കേരളം വിട്ടാലും തനിക്കൊന്നും സംഭവിക്കാനില്ല മറ്റ് സംസ്ഥാനങ്ങളിലോ പുറം രാജ്യങ്ങളിലോ പോയി ബിസിനസ് ആരംഭിക്കാം. അതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തില്‍ കിറ്റക്സ് നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപം ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. ഒരാളും വിളിച്ചില്ല. പക്ഷേ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാവും ഉള്‍പ്പെടെ ബന്ധപ്പെട്ടു.
ഇന്നൊരു സ്വകാര്യ ജെറ്റ് വിമാനമാണ് തെലങ്കാന അയച്ചിരിക്കുന്നത്. ലോകം എത്ര മാറിയിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. കേരളം 50 വര്‍ഷം പിറകിലാണ്. ഇപ്പോളും പരമ്പാഗതമായാണ് ചിന്തിക്കുന്നത്. ലോകവും കാലവും മാറി; കേരളം മാത്രം മാറിയില്ല. താന്‍ കേരളം ഉപേക്ഷിക്കുന്നതല്ല ചവിട്ടി പുറത്താക്കുകയാണ്. അതില്‍ വിഷമമുണ്ട്. ഒരു വ്യവസായിക്ക് വേണ്ട മനസമാധാനം സംസ്ഥാനത്ത് കിട്ടിയില്ല. മൃഗത്തെ പോലെ വേട്ടയാടി. നാല്പത്തിയഞ്ച് ദിവസം ആരും തിരിഞ്ഞ് നോക്കിയില്ല. തന്റെ കാര്യമല്ല പുതു വ്യവസായികളുടെ ചെറുസംരഭകരെ രക്ഷിക്കാന്‍ ഇടപെടല്‍ വേണം കേരളത്തെ രക്ഷിക്കാന്‍ രംഗത്ത് ഇറങ്ങണം. ഇതാരോടും ഉള്ള പ്രതിഷേധമല്ല, നിവൃത്തികേട് കൊണ്ടാണ് പുറത്തേക്ക് പോവുന്നത്. തെലങ്കാന വ്യവസായ സൗഹൃദമായ സംസ്ഥാനമാണ്. അവരാണ് സജീവമായി ഇടപെട്ടത്. അവരുടെ വാഗ്ദാനം പരിശോധിച്ച ശേഷം മാത്രം മറ്റുള്ളവ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ തൊഴില്‍ മേഖല ദുര്‍ബലമാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. 61 ലക്ഷം സംസ്ഥാനത്ത് പുറത്ത് ജോലി ചെയ്യുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ 25 വര്‍ഷത്തിന് അപ്പുറം കേരളത്തില്‍ വയോധികര്‍ മാത്രമാവും. മലയാളികള്‍ക്ക് കേരളം വിട്ട് ജോലി ചെയ്യേണ്ട അവസ്ഥയാണ്. ജോലി ചെയ്യാന്‍ കേരളം വിടേണ്ടി വരുന്നത് എല്ലാവരുടെയും പ്രശ്നമാണ്. കേരളത്തിലെ രാഷ്ട്രീയ ചിന്താഗതി, സര്‍ക്കാറിന്റെ നിലപാട് എന്നിവ മാറിയിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. എനിക്കൊന്നും സംഭവിക്കാനില്ല മറ്റ് സംസ്ഥാനങ്ങളിലോ പുറം രാജ്യങ്ങളിലോ പോയി ബിസിനസ് ആരംഭിക്കാം. അതിന്റെ ഉദാഹരണമാണ് ഇപ്പോള്‍ കാണുന്നതെന്നും സാബു ജേക്കബ് വ്യക്തമാക്കുന്നു.