‘അനന്തു എന്ന കാമുകനുണ്ട്!!’ വാദത്തിലുറച്ച് രേഷ്മ
കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ വീണ്ടും സങ്കീര്‍ണതകള്‍. തന്നെ അനന്തു എന്ന പേരില്‍ കബളിപ്പിച്ചത് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ആണെന്ന വിവര മറിഞ്ഞ് ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു രേഷ്മ. ആദ്യം ഇത് വിശ്വസിക്കാതിരുന്ന രേഷ്മ പൊലീസ് തെളിവുകള്‍ നിരത്തിയപ്പോഴാണ് സത്യം മനസ്സിലാക്കിയത്. ഒന്നവര്‍ഷം ചാറ്റ് ചെയ്ത്, കുഞ്ഞിനെ വരെ ഉപേക്ഷിച്ചത് ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനു വേണ്ടിയാണെന്ന് രേഷ്മ മനസ്സിലാക്കി.
എന്നാല്‍ അനന്തു എന്നൊരു കാമുകന് ഉണ്ടെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് രേഷ്മ. അനന്തു എന്നൊരാളെ താന്‍ സ്നേഹിച്ചിരുന്നു. ഇയാളെ കാണാന്‍ വര്‍ക്കലയില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാണാനായില്ല. ഈ വിവരമറിഞ്ഞായിരിക്കണം ഗ്രീഷ്മയും ആര്യയും അനന്തു എന്നൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചതെന്ന് രേഷ്മ പറയുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിന്റെ വിവരം ബന്ധുക്കളെ താന്‍ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണിതെന്നും രേഷ്മ പറയുന്നു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കൊവിഡ് കെയര്‍ സെന്റിലായിരുന്ന രേഷ്മ ഇതുവരെയും നടന്ന സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ചാറ്റിംഗില്‍ പറഞ്ഞിരുന്നില്ലെന്നും രേഷ്മ പറഞ്ഞു. ഇതറിയാതെയാണ് യുവതികള്‍ രേഷ്മയോട് ചാറ്റ് തുടര്‍ന്നത്. കാമുകന്റെ പേരില്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചതും പിറ്റേന്ന് കുഞ്ഞ് മരിച്ചതുമറിഞ്ഞ യുവതികള്‍ മാനസിക വിഷമത്തിലായിരുന്നു. ഇത് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത ആര്യയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ വര്‍ഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പോലീസ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താന്‍ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും രേഷ്മ മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.