ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം; പ്രത്യേക സിബിഐ സംഘത്തെ നിയോഗിക്കണം
തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. കൊലക്ക് പിന്നില്‍ ആര്‍എസ്എസ് വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഫസലിന്റ സഹോദരന് കോടതിയില്‍ ഉന്നയിച്ചത്. കേസിലെ യഥാര്‍ഥ പ്രതികള്‍ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചാണ് സഹോദരന് കോടതിയെ സമീപിച്ചത്.
ഫസല്‍ വധത്തെ കുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് പൊലീസിന് നല്കിയ മൊഴിയാണ് ഇപ്പോഴത്തെ സംഭവത്തിന് വഴിയൊരുക്കിയത്. ഫസലിനെ താന്‍ ഉള്‍പ്പെടുന്ന സംഘം എങ്ങനെയാണ് വധിച്ചത് എന്ന് സുബീഷ് വിവരിക്കുന്ന വീഡിയോ ദൃശ്യമായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സഹോദരന് കോടതിയെ സമീപിച്ചത്. എന്നാല്‍ ഫസല്‍ വധക്കേസില്‍ പുനരന്വേഷണം വേണമെന്ന സഹോദരെന്റ ഹരജി നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. സുബീഷിന്റ മൊഴി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. പിന്നാലെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
എന്‍ഡിഎഫ് തലശേരി സബ്ഡിവിഷന് കൗണ്‍സില്‍ അംഗവും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസല്‍ (35) 2006 ഒക്ടോബര്‍ 22–നാണ് കൊല്ലപ്പെട്ടത്. സൈദാര്‍പള്ളിക്കു സമീപം ജഗന്നാഥ ടെംപിള്‍ റോഡില്‍ പുലര്‍ച്ചെയായിരുന്നു കൊല നടന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.
ഈ അന്വേഷണ നിഗമനങ്ങളെ ചോദ്യം ചെയ്യാവുന്ന സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങള്‍, ഫോണ്‍ സംഭാഷണത്തിന്റെ പെന്‍ഡ്രൈവ് എന്നിവ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഎമ്മുകാരായ കൊടി സുനി, ബിജു, ജിത്തു, അരുണ്‍ദാസ്, എം.കെ. കലേഷ്, അരുണ്‍കുമാര്‍, കാരായി ചന്ദ്രശേഖരന്, കാരായി രാജന് എന്നിവരാണ് കേസിലെ പ്രതികള്‍. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസായിരുന്നു ഇത്.