കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ; ഇന്ന് നിര്‍ണായകയോഗം, 20 പുതിയ മന്ത്രിമാരെന്ന് സൂചന
കേന്ദ്രമന്ത്രിസഭ 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുമെന്ന് സൂചന. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച സുപ്രധാനയോഗം ഡല്‍ഹിയില്‍ ഇന്ന് നടക്കാനിരിക്കെയാണ് 20 മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് പുതിയതായി എത്തിച്ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മന്ത്രിസഭാ പുനഃസംഘടനയില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാതിനിധ്യമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ എന്നിവര്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഇന്ന് നടക്കുന്ന നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംഘടനാ ചുമതലയുള്ള ബി ജെ പി ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് അവസാന തീരുമാനം എടുത്തതായാണ് അറിയുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടനയാണ് നടക്കാനിരിക്കുന്നത്. പുനഃസംഘടയില്‍ ചില മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
ജെ ഡി യു, പരസ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള എല്‍ ജെ പി, അപ്നാദള്‍ എന്നീ സഖ്യ കക്ഷികള്‍ക്ക് മതിയായ പ്രാതിനിധ്യം പുനഃസംഘടനയില്‍ ലഭിക്കുമെന്നാണ് സൂചന. എല്‍ ജെ പി നേതാവ് പശുപതി കുമാര്‍ പരസിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. കൂടാതെ ബിഹാറില്‍ നിന്ന് സുശീല്‍ കുമാര്‍ മോദി, അസ്സം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേവാള്‍, കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തിയ ജ്യോതിരാജ ആദിത്യസിന്ധ്യ എന്നിവര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയുരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയും കൂടിക്കാഴ്ച്ചകളില്‍ പങ്കാളിയായിരുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ 53 അംഗങ്ങളാണ് നിലവില്‍ ഉള്ളത്.