കിഴക്കമ്പലത്തെ വിഴുങ്ങി കിറ്റെക്സ്; 2016 മുതല്‍ 2020 വരെ വാങ്ങിക്കുട്ടിയത് 200 പേരുടെ ഭൂമി
ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ ഭൂമി ഇടപാടുകളെ ചൊല്ലി വിവാദം. കിറ്റക്സിനെതിരെ തൊഴില്‍ വകുപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് ആരോപിച്ച് വ്യവസായ സംരംഭവുമായി കേരളം വിടുമെന്ന് കിറ്റക്സ് എംഡിയുടെ നിലപാടില്‍ വിവാദം തുടരുന്നതിനിടെ പുതിയ ആരോപണം തലപൊക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി ഭരണം നേടിയതിന് പിന്നാലെ പ്രദേശത്തെ വലിയ ഒരു വിഭാഗം കിറ്റക്സുമായി ബന്ധപ്പെട്ടവര്‍ കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കമ്പലം പഞ്ചായത്തില്‍ കിറ്റക്സ് കമ്പനി 2016 മുതല്‍ 2020 വരെ വാങ്ങിക്കുട്ടിയത് 106 ആധാര പ്രകാരം 200 പേരുടെ ഭൂമിയാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. വിവരാവകാശ രേഖകള്‍ പ്രകാരം ലഭിച്ച രേഖകലിലാണ് ഭൂമി ഇടപാട് സംബന്ധിച്ച വലിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. 2015 ജനുവരി ഒന്ന് മുതല്‍ 2021 ജനുവരി അഞ്ച് വരെയുള്ള ആറ് വര്‍ഷങ്ങള്‍ക്കിടെയാണ് വ്യാപകമായ ഭൂമി ഇടപാടുകള്‍ നടന്നിട്ടുള്ളത്. സാബു എം ജേക്കബ് എന്നയാള്‍ ഒപ്പിട്ട് പൂര്‍ത്തീകരിച്ചതോ അദ്ദേഹത്തിന് അനൂകുലമായി ഒപ്പിട്ട് പൂര്‍ത്തീകരിച്ചതോ ആയ ആധാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് രേഖകളിലുള്ളത്.
കിറ്റെക്സ് ഹെര്‍ബല്‍സ്, കിറ്റെക്സ് എക്സ്പോര്‍ട്ട്, കിറ്റെക്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, കിറ്റെക്സ് ഇന്‍ഫെന്റ് സ്വിയര്‍ , സാബു എം ജേക്കബ് , കിറ്റെക്സ് ഹൗസ് കേരള എന്നിങ്ങനെയുള്ള പേരിലാണ് സ്ഥലമിടപാടുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. പുത്തന്‍കുരിശ് സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പ്രകാരമാണ് പുറത്ത് വന്ന വിവരങ്ങള്‍.
അടുത്തിടെ, വീടു നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കബളിപ്പിച്ചതായി പരാതിപ്പെട്ട് കിഴക്കമ്പലത്ത് വയോധിക കുത്തിയിരിപ്പ് സമരം നടത്തിയത് വാര്‍ത്തയായിരുന്നു. കാരുകുളം,പാത്തിക്കുളങ്ങര ഏലിയാമ്മ വര്‍ഗീസാ(77)ണ് കിഴക്കമ്പലം പഞ്ചായത്ത് അധികൃതര്‍ക്കെതിരെ രംഗത്ത് വന്നത്. റോഡ് വികസനത്തിന്റെ പേരില്‍ ഏലിയാമ്മയുടെ വീട് പഞ്ചായത്ത് അധികൃതര്‍ പൊളിച്ച് മാറ്റിയിരുന്നു. പകരം വീട് നല്‍കുമെന്ന് പറഞ്ഞെങ്കിലും നാല് വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നുമായിരുന്നു ആക്ഷേപം.
വീട് നഷ്ടമായതിന് പിന്നാലെ ഇതുവരെ സമീപ പ്രദേശങ്ങളിലെ വിവിധ ഇടങ്ങളിലായി വാടകകയ്ക്ക് താമസിക്കുകയായിരുന്നു എലിയാമ. എന്നാല്‍ കെട്ടിടയുടമ വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടതോടെയാണ് നേരത്തെ വീടിരുന്ന സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തിയത്.