ഇക്കാര്യം തന്നെയല്ലേ താനും പറഞ്ഞത്; വോട്ട് ചോര്‍ച്ച ഗൗരവത്തിലെടുത്തില്ലെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചുകളിക്കുകയാണെന്നും ഇത്രയും വ്യാജ വോട്ടുകള്‍ എന്റോള്‍ ചെയ്തവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുമ്പ് ഇതേകാര്യം താന്‍ ഉയര്‍ത്തിയപ്പോള്‍ ഗൗരവത്തിലെടുത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. നാലരലക്ഷം വ്യാജ വോട്ടര്‍മാരെ കണ്ടെത്തി ഞാനത് നല്‍കിയിട്ട് അത് ഗൗരവത്തിലെടുക്കാതെ 38000 പേര് മാത്രമെയുള്ളൂവെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് ചെയ്തത്. ഇതിനകത്ത് ഈ വ്യാജ വോട്ടര്‍മാരെ ആരാണ് എന്റോള്‍ ചെയ്തതെന്ന് അറിയണം. അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. പാവപ്പെട്ട 200 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത് കൊണ്ട് ഇതിന് പരിഹാരം ആവില്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. പരാതിയില്‍ ഇതിനകം ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാന ഓഫീസിലെ ലാപ്ടോപില്‍ സുക്ഷിച്ചിരുന്ന വിവരങ്ങള്‍ ചോര്‍ന്നെന്നാണ് പരാതി. ഇത് പ്രകാരം ഐടി ആക്ട്, ഗൂഢാലോചന, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പുറമെ സമൂഹിക മാധ്യമങ്ങളിലൂടെ ഇവ പുറത്ത് വിട്ടെന്നും എഫ്ഐആര്‍ പറയുന്നു. എന്നാല്‍ ആരാണ് ഇതിനെന്ന് പിന്നിലെന്ന് എഫ്ഐആറില്‍ സൂചനയില്ല.
കമ്മീഷന് രഹസ്യമായി സൂക്ഷിച്ച വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത് എന്നാണ് ക്രൈം ബ്രാഞ്ചിന് നല്കിയ പരാതിയിലെ പ്രധാന ആരോപണം. ജോയിന്റ് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് പരാതി നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍ പട്ടിക ചോര്‍ന്നത്. ഈ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഇരട്ട വോട്ട് ആരോപണവുമായി രംഗത്ത് എത്തിയത്. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരുന്നു ഈ വിവരങ്ങള്‍ കാരണമായത്.
പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉന്നയിച്ച ഇരട്ട വോട്ട് ആരോപണം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. സര്‍ക്കാറിനും കമ്മീഷനും ഇതില്‍ ഉത്തരവാദിത്വം ഉണ്ടായിരുന്നു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത് അന്ന് പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. ചെന്നിത്തലയുടെ ആരോപണം ഹൈക്കോടതിയിലടക്കം സമ്മതിക്കേണ്ട നിലയും തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടായി. നാല് ലക്ഷം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നുള്‍പ്പെടെ ചെന്നിത്തല ഉന്നയിച്ചപ്പോള്‍ ഇരട്ടവോട്ടുകള്‍ നാല്‍പതിനായിരത്തോളമാണെന്ന നിലപാടും കമ്മീഷന് സ്വീകരിക്കേണ്ടി വന്നിരുന്നു. ഇത്തരത്തില്‍ വലിയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി രംഗത്ത് എത്തുന്നതും.