പ്രവര്‍ത്തിക്കുന്നത് 40 ശതമാനം എടിഎമ്മുകള്‍ മാത്രം; പണമിടപാട് സുഗമമാക്കാന്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഇന്ന് ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ മാറ്റിയ നോട്ടുകള്‍ക്കായി ജനം നെട്ടോട്ടമോടുന്നു. എടിഎമ്മിനെ ആശ്രയിക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരെ നിരാശരാക്കി ഇന്നലെ മുക്കാല്‍ പങ്ക് എടിഎമ്മുകളും കാലിയായി. 40 ശതമാനം എടിഎമ്മുകള്‍ മാത്രമാണ് ശരിയായി പ്രവര്‍ത്തിക്കുന്നത്.
അതേസമയം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനായി പ്രഖ്യാപിച്ച നോട്ടുമാറ്റല്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ചര്‍ച്ച ചെയ്യാനും പണമിടപാട് സുഗമമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഇന്ന് കൂടിക്കാഴ്ച നടത്തും.
ആവശ്യത്തിന് പണമുണ്ടെന്നും എന്നാല്‍ അത് കൃത്യമായി ബാങ്കുകളില്‍ എത്തിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിലുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഒരു ഉദ്യോഗസ്ഥന് അറിയിച്ചു. 2000 രൂപയുടെ ഒന്നര ലക്ഷം കോടി നോട്ടുകളാണ് വിവിധ ബാങ്കുകളില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത് 3 ലക്ഷം കോടി രൂപയോളം വരും. മറ്റൊരു ഒന്നരലക്ഷം കോടി നോട്ടുകള്‍ എത്തിക്കുമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ഇതിന് പുറമെ ഈ മാസം അവസാനത്തില്‍ 3 ലക്ഷം കോടി നോട്ടുകള്‍ (6 ലക്ഷം കോടി രൂപ) ബാങ്കുകളില്‍ വിതരണം ചെയ്യും.
പുതിയ 500ന്റെ നോട്ടുകള്‍ നിലവില്‍ മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് ആര്‍ബിഐ അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്കും 500ന്റെ പുതിയ നോട്ടുകള്‍ എത്തിക്കും.
ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം 14 ലക്ഷം കോടി വിലമതിക്കുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് തിരിച്ചെടുത്തത്.
അതിനിടെ പുതിയ 1000 രൂപ നോട്ടിന്റെ പ്രിന്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബറോട് കൂടി ഇത് വിതരണം ചെയ്ത് തുടങ്ങുമെന്നാണ് അറിയുന്നത്.
അതേസമയം രാജ്യത്ത് വെള്ളിയാഴ്ച 40 ശതമാനം എടിഎമ്മുകള്‍ മാത്രമാണ് സുഗമമായി പ്രവര്‍ത്തിച്ചത്. 70-75 ശതമാനം പഴയ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് തിരിച്ചെടുത്ത് പുതിയ നോട്ടുകള്‍ നിറച്ചുകഴിഞ്ഞു. എന്നാല്‍ 100 രൂപ നോട്ടിന്റെ കുറവ് മൂലം എടിഎമ്മുകളെല്ലാം പെട്ടെന്ന് തന്നെ കാലിയാവുകയായിരുന്നു. 2000ത്തിന്റെ പുതിയ നോട്ട് എടിഎമ്മുകളില്‍ ലഭ്യമാകുന്നതിനുള്ള കാലതാമസവും 500 നോട്ട് ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
650 ജില്ലകളിലെ എടിഎമ്മുകളില്‍ നിന്നായി അസാധുവായ 90 ശതമാനം നോട്ടുകളാണ് തിരിച്ചെടുത്തത്. 40,000ത്തോളം പേരാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കഴിഞ്ഞ 72 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ബാങ്ക് ജീവനക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും കാഷ് ലോജിസ്റ്റിക്സ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് റിത്തുരാജ് സിന്‍ഹ പറഞ്ഞു.
അതേസമയം ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും രാജ്യം മുഴുവന്‍ നോട്ടുകള്‍ ലഭ്യമാകുന്നതിന് വേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.