‘വേട്ടയാടി നിശബ്ദരാക്കാന്‍ ശ്രമം’; കോണ്‍ഗ്രസ് അനുകൂല കലാകാരന്മാര്ക്ക് സംരക്ഷണം ഒരുക്കുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്ക്കും സംരക്ഷണം ഒരുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കോണ്‍ഗ്രസിന്റെ ശബ്ദമാകാന്‍ സാംസ്കാരിക പ്രവര്‍ത്തകരും കലാകാരന്മാരും മുന്നോട്ടു വരുമ്പോള്‍ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും സുധാകരന് ഫേസ്ബുക്ക് കുറിപ്പില്‍ മുന്നറിയിപ്പ് നല്കി.
ധര്മ്മജന് ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അനുകൂല കലാകാരന്മാര്ക്കെതിരായ സൈബര്‍ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നായിരുന്നു ധര്മ്മജന് ബോള്‍ഗാട്ടിക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്. രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയ നിലപാടുകളില്‍ സലിം കുമാറും രമേശ് പിഷാരടിയും ജഗദീഷും ഉള്‍പ്പടെയുള്ളവരും സൈബര്‍ ആക്രമണത്തിന് ഇരകളായി. ഇവര്‍ മൂന്നുപേരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരായിരുന്നു.
ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായിരുന്ന ധര്മ്മജന് ബോള്‍ഗാട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ധര്മജന് ബോള്‍ഗാട്ടി, സലിംകുമാര്‍, രമേശ് പിഷാരടി എന്നിവരുമായി ടെലിഫോണില്‍ ആശയവിനിമയം നടത്തിയ സുധാകരന് ഇവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ഇതിനുപിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.
പാര്‍ട്ടി അനുഭാവികളാണെന്നതിന്റെ പേരില്‍ ഇവരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കെ സുധാകരന് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രഥമ പരിഗണന ആ വിഷയത്തിനായിരിക്കുമെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്റെ പോസ്റ്റ് പൂര്‍ണരൂപം-
കഴിഞ്ഞ ദിവസമാണ് ശ്രീ ധര്മജന് ബോള്‍ഗാട്ടി ഒരു മുഖ്യധാരാ മാധ്യമത്തിന് നല്കിയ അഭിമുഖം ശ്രദ്ധയില്‍ പെട്ടത്. തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ച് അഭിമുഖത്തില്‍ പറയുകയുണ്ടായി. അതിനെക്കുറിച്ചു വിശദമായി അറിയാന്‍ ധര്‍മജനെ നേരിട്ടു വിളിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച് ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.Dharmajan Bolgatty ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് അനുഭാവികളായ പല താരങ്ങളും വ്യക്തിഹത്യ നേരിടുന്നത് പ്രവര്‍ത്തകര്‍ സൂചിപ്പിക്കുകയുണ്ടായി.കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തോട് ചേര്‍ന്നു നില്ക്കുന്ന കലാകാരന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്നത് വര്‍ഷങ്ങളായി സിപിഎം പിന്തുടരുന്ന ശൈലിയാണ്. നാഷണല്‍ അവാര്‍ഡ് ജേതാവായ Salim Kumar IFFK യോട് അനുബന്ധിച്ചു അപമാനിക്കപ്പെട്ടതും, നാളുകള്‍ക്ക് മുന്‍പ് നടനും സംവിധായകനുമായ ശ്രീ Ramesh Pisharody കോണ്‍ഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങിയതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടതും CPM എത്തി നില്ക്കുന്ന സാംസ്കാരിക ജീര്‍ണത വിളിച്ചോതുന്ന സംഭവങ്ങളാണ് . രമേഷ് പിഷാരടിയുടെ കുടുംബത്തെപോലും അപമാനിച്ച CPM അണികളുടെ വാചകങ്ങള്‍ മലയാളികള്‍ വായിച്ചതാണ്. സലീമിനെയും, രമേഷിനെയും ഫോണില്‍ വിളിച്ചിരുന്നു. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും കേരളത്തിലെ ഓരോ കലാകാരനുമുണ്ട്. ആ സ്വാതന്ത്ര്യം സിപിഎം സഹയാത്രികര്‍ക്ക് മാത്രമായി ആരും തീറെഴുതി കൊടുത്തിട്ടില്ല. തങ്ങളോടൊപ്പം നില്ക്കുന്ന കൊലയാളി കൂട്ടങ്ങളെ സംരക്ഷിക്കാന്‍ ഖജനാവിലെ കോടികള്‍ ചിലവഴിക്കുന്ന സിപിഎം തന്നെയാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവരെ എന്ത് ഹീന തന്ത്രം പ്രയോഗിച്ചും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എന്നത് പൊതുസമൂഹം കാണാതെ പോകരുത്. ലോകം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്ന് നയിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, വിപ്ലവ വീര്യം സിരകളില്‍ പേറുന്ന ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദമാകാന്‍ കലാകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും കടന്നു വരുമ്പോള്‍ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംരക്ഷണം ഉറപ്പാക്കുവാനുള്ള എല്ലാ നടപടികളും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എന്റെ പ്രഥമ പരിഗണന ആ വിഷയത്തിന് തന്നെയായിരിക്കുമെന്ന് ഈ അവസരത്തില്‍ ഉറപ്പു നല്കുന്നു.