ബിജെപി കോഴ വിവാദം: യുവമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി, പിന്തുണച്ച് കൂട്ടരാജി
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ കോഴ വിവാദത്തെ ചൊല്ലി ബിജെപിയില്‍ അച്ചടക്ക നടപടിയും രാജിയും. വിഷയത്തില്‍ യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, മണ്ഡലം പ്രസിഡന്റ് ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. ഇരുവരേയും തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.
ദീപുവിന്റെയും ലിലില്‍ കുമാറിന്റെയും രാജിയില്‍ പ്രതിഷേധിച്ച് യുവമോർച്ചയുടെ നഗരസഭാ കമ്മറ്റി ഭാരവാഹികൾ രാജിവച്ചു. അതിനിടെ പാർട്ടി നേതൃത്വത്തിനെതിരെ ദീപു പുത്തൻപുരയിലും രംഗത്തെത്തി. ‘ആർത്തി മൂത്തു അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവർക്ക് മുന്നിൽ ഞങ്ങളിന്നു തോറ്റിരിക്കുന്നു’, എന്നാണ് ദീപു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പാർട്ടിയില്‍ നിന്നും ഇനിയും കൂടുതല്‍ രാജികള്‍ ഉണ്ടാകാനാണ് സാധ്യത.
ദീപു പുത്തൻപുരയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പിടിച്ചു പറിയ്ക്കപ്പെടും മുന്നേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ്..
ആഗ്രഹങ്ങളും അധികാരമോഹവുമല്ല ജീവനേക്കാൾ സ്നേഹിച്ച സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും ഈ നിമിഷം വരെ പാലിച്ചിട്ടുണ്ട് എന്ന ഉത്തമബോധ്യത്തോടെ പടിയിറങ്ങുകയാണ് ..ആർത്തി മൂത്തു അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവർക്ക് മുന്നിൽ ഞങ്ങളിന്നു തോറ്റിരിക്കുന്നു ,പക്ഷെ ഉറപ്പുണ്ട് കാർമേഘങ്ങളെ വകഞ്ഞു മാറ്റി സ്വയം ശുദ്ധീകരിച്ചു എന്നെ ഞാനാക്കിയ പ്രസ്ഥാനം കൂടുതൽ തെളിവോടെ മികവോടെ ജ്വലിച്ചു മുന്നിലേക്ക് കയറി വരുന്ന ഒരു ദിനമുണ്ടാകുമെന്നു ..ആ ഒരു ദിനത്തിനായി ഒരു സാധാരണ പ്രവർത്തകനായി സംഘത്തെ സ്നേഹിക്കുന്ന സംഘടനയെ സ്നേഹിക്കുന്ന ആയിരങ്ങളിൽ ഒരുവനായി ആൾക്കൂട്ടത്തിൽ ഞാനുണ്ടാകും …എന്നിലെ എന്നെ വളർത്തിയത്, രൂപപ്പെടുത്തിയത് സംഘമാണ് …അവിടെ നിന്ന് പകർന്നു കിട്ടിയ ഊർജമാണ് പിന്നീട് എ ബി വി പി യിലേക്കും പിന്നീട് യുവമോർച്ചയുടെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കും കരുത്തായി മാറിയത് …..ഒറ്റുകാർക്ക് നേരെ വിരൽ ചൂണ്ടുന്നത് പൊറുക്കാനാകാത്ത അപരാധമായി മാറിയത് എന്ന് മുതലാണെന്നു മനസിലാകുന്നില്ല .
മാപ്പ് ,കൂടെ നിൽക്കുന്നവർക്ക് ആശ്വാസം പകരേണ്ടുന്ന നിമിഷങ്ങളിൽ എല്ലാം അടിയറവച്ചു കീഴടങ്ങുന്നതിനു……. ,കാത്തിരിക്കാം നമുക്ക് …അത് വരെ വിടവാങ്ങുന്നു .