ഓക്സിജൻ പ്രതിസന്ധി: കെജ്രിവാളിനെതിരേ സുപ്രീം കോടതി സമിതി
ന്യൂഡൽഹി: കൊവിഡ് 19 രണ്ടാംതരംഗം രൂക്ഷമായ ഏപ്രിൽ, മേയ് മാസങ്ങളിൽ ഡൽഹി സർക്കാർ ഓക്സിജന്റെ ആവശ്യം പെരുപ്പിച്ചു കാണിച്ചെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാർ ഓക്സിജന്റെ ആവശ്യം നാലു മടങ്ങ് പെരുപ്പിച്ചു കാണിച്ചെന്നും ഇതുമൂലം 12 സംസ്ഥാനങ്ങളിൽ ജീവവായു വിതരണം പ്രതിസന്ധിയിലായെന്നുമാണ് സുപ്രീം കോടതി നിയോഗിച്ച 12 അംഗ ഓഡിറ്റ് സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഏപ്രിൽ 25നും മേയ് പത്തിനുമിടയിൽ ഡൽഹിയിലെ ആകെ ഓക്സിജൻ കിടക്കകളുടെ ശേഷി 289 ടൺ ആയിരിക്കെ 1140 ടൺ ജീവവായുവാണ് എഎപി സർക്കാർ ആവശ്യപ്പെട്ടത്. സംസ്ഥാനത്തിനുള്ള ഓക്സിജൻ ക്വോട്ട വർധിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിടുകയും കൂടി ചെയ്തതോടെ കേന്ദ്ര സർക്കാർ ഇതിനു നിർബന്ധിതമായി. മറ്റു സംസ്ഥാനങ്ങളുടെ ക്വോട്ട വെട്ടിക്കുറച്ചാണ് ഡൽഹിക്ക് ഓക്സിജൻ നൽകിയതെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി ആശുപത്രികളിൽ ഓക്സിജനുവേണ്ടിയുള്ള മുറവിളി രൂക്ഷമായപ്പോൾ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് 12 അംഗ സമിതിയെ ഇക്കാര്യം വിശദമായി അന്വേഷിക്കാൻ നിയോഗിച്ചത്. മേയ് 13ന് ഡൽഹി ആശുപത്രികളിലെ ഓക്സിജൻ ടാങ്കുകൾ 75 ശതമാനത്തിലധികം നിറഞ്ഞിരിക്കുന്നതിനാൽ സംസ്ഥാനത്തെത്തിയ ടാങ്കർ ലോറികളിൽ നിന്ന് ഓക്സിജൻ നീക്കാനാവാത്ത അവസ്ഥയുണ്ടായിരുന്നെന്നും സമിതി. സർക്കാരിനു കീഴിലുള്ള എൽഎൻജെപി, എയിംസ് ആശുപത്രികളിൽ ഈ സമയം ഓക്സിജൻ ടാങ്കുകൾ പൂർണമായി നിറഞ്ഞിരിക്കുകയായിരുന്നു.
കൊവിഡ് 19 വ്യാപനം തടയുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം നേരിടുന്ന എഎപി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് സമിതിയുടെ റിപ്പോർട്ട്. ഡൽഹിയിലെ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ ആവശ്യത്തിന് ഓക്സിജൻ നൽകുന്നില്ലെന്നും രോഗികൾ മരിച്ചുവീഴുന്നത് കണ്ടുകൊണ്ടിരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കെജ്രിവാൾ അന്ന് ആരോപിച്ചിരുന്നു. തുടർന്നു പ്രതിപക്ഷ കക്ഷികളും ഡൽഹിയിലെ പ്രതിസന്ധിയിൽകേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനമുയർത്തി. ഡൽഹിയിലെ ഓക്സിജൻ ക്ഷാമം രാജ്യാന്തര തലത്തിലും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഓക്സിജനും കൊവിഡ് 19 പ്രതിരോധ സാമഗ്രികളും നൽകി രക്ഷാഹസ്തവുമായി മുന്നിട്ടിറങ്ങിയതും ഇതേത്തുടർന്നാണ്.
എന്നാൽ, സുപ്രീം കോടതി ഓഡിറ്റ് സമിതിയുടെ ഇടക്കാല റിപ്പോർട്ട് വന്നതോടെ രാജ്യത്തെ ജീവവായു വിതരണം പ്രതിസന്ധിയിലാക്കിയതിന്റെ ഉത്തരവാദിത്വം ഡൽഹി സർക്കാരിനാണെന്ന ആരോപണമുയർത്തി ബിജെപി രംഗത്തെത്തി. ഓക്സിജൻ വിതരണം താറുമാറാക്കിയതിന്റെ ഉത്തരവാദിത്വം ഡൽഹി സർക്കാർ ഏറ്റെടുക്കണമെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണത്തിലെ പാളിച്ച മൂലം ഡൽഹിയിലെ ജനത മാത്രമല്ല, മറ്റു സംസ്ഥാനങ്ങളും പ്രതിസന്ധി നേരിട്ടെന്ന് ശിവസേന കുറ്റപ്പെടുത്തി. ഇനിയെങ്കിലും പാഠം പഠിക്കണമെന്നും ഉത്തരവാദിത്വം ആർക്കെന്ന് ഉറപ്പിക്കണമെന്നും ശിവസേന. ആശുപത്രികൾ നൽകിയ വിവരമനുസരിച്ചാണ് ഓക്സിജൻ ആവശ്യപ്പെട്ടതെന്നും ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്താമെന്നുമാണു സമിതിക്ക് ഡൽഹി സർക്കാരിന്റെ മറുപടി.
ഏപ്രിൽ 29നും മേയ് 10നും ഇടയിൽ ചില ആശുപത്രികൾ ഓക്സിജൻ ആവശ്യം റിപ്പോർട്ട് ചെയ്തതിൽ ഗുരുതരമായ പിഴവുണ്ടായിരുന്നു. 1140 ടൺ ഓക്സിജനാണ് യഥാർഥ ഉപയോഗമെന്ന് ഡൽഹി സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു അന്ന്. പിഴവ് പരിഹരിച്ചപ്പോൾ ഇത് 209 ടൺ ആയി കുറഞ്ഞു.
ഭാവിയിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഓക്സിജൻ പ്രാദേശികമായി നിർമിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. വലിയ നഗരങ്ങൾക്ക് ആവശ്യമുള്ളതിൽ 50 ശതമാനം ഓക്സിജനെങ്കിലും തൊട്ടടുത്ത പ്രദേശങ്ങളിൽ നിർമിക്കണം. ജനസാന്ദ്രതയേറിയ ഡൽഹി, മുംബൈ നഗരങ്ങളിൽ ഇക്കാര്യം മുൻഗണന നൽകി നടപ്പാക്കണം. രാജ്യത്തെ 18 മെട്രൊ നഗരങ്ങൾ കുറഞ്ഞത് 100 ടൺ ഓക്സിജൻ സംഭരണ ശേഷിയോടെ ജീവവായു സ്വയംപര്യാപ്തത നേടണം. കിടക്കകളുടെ എണ്ണവും അതിൽ ഉപയോഗിക്കുന്ന ഓക്സിജന്റെ അളവും ഉപയോഗിച്ചു കണക്കുകൂട്ടിയപ്പോഴാണ് യഥാർഥ ആവശ്യത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ ലഭ്യമായതെന്നും റിപ്പോർട്ടിൽ പറയുന്നു.