കൊല്ലത്ത് കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലത്ത് കരിയിലക്കൂനയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ കാണാതായ രണ്ട് യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉഴായിക്കോട് സ്വദേശി ആര്യയുടെ മൃതദേഹമാണ് ലഭിച്ചത്. ഇത്തിക്കരയാറില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം പോയ ഗ്രീഷ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
കുഞ്ഞിനെ ജനിച്ചയുടന്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യയും പെങ്ങളുടെ മകളുമാണ് ഇത്തിക്കരയാറില്‍ ചാടിയത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യയെ കഴിഞ്ഞ ദിവസം പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു. ഇവരുടെ സിം കാര്‍ഡാണ് രേഷ്മ ഏറെ നാളായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിവരങ്ങള്‍ അറിയാനാണ് പൊലീസ് വിളിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തണമെന്നായിരുന്നു സഹോദരന്റെ ഭാര്യയോട് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഇവര്‍ സഹോദരിയുടെ മകളെയും ഒപ്പം കൂട്ടുകയായിരുന്നെന്നാണ് വിവരം. ഇരുവരെയും ഇത്തിക്കരയാറിന് സമീപം ഇന്നലെ കണ്ടുവെന്ന് സമീപ വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത യുവതിയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സംഭവത്തോടു കൂടി കേസില്‍ ദുരൂഹതയേറുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രേഷ്മയുടെ വീട്ടു പറമ്പില്‍ നിന്നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് മരിക്കുകയും ചെയ്തു.
കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു രേഷ്മയും പിതാവ് സുദര്ശനന് പിള്ളയും കുടുംബവും നേരത്തെ പറഞ്ഞത്. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഭാവവെത്യാസമില്ലാതെ രേഷ്മ പെരുമാറി. എന്നാല്‍ പിന്നീട് കുഞ്ഞ് രേഷ്മയുടേതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. ഭര്‍ത്താവ് വിഷ്ണു ഗള്‍ഫിലാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും രേഷ്മ മറച്ചു വെച്ചു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിച്ചെന്നാണ് രേഷ്മ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പൊലീസ് ഉന്നയിക്കുന്ന സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഈ കാമുകനെ ചാറ്റിംഗിലൂടെല്ലാതെ നേരിട്ട് രേഷ്മ കണ്ടിട്ടു പോലുമില്ലെന്നും പോലീസ് പറയുന്നു. രേഷ്മ പറയുന്ന കാമുകന് ആരെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.