‘പ്രിവിലേജിന്റെ ധാര്ഷ്ട്യത്തില് മറുപടി പറയുന്ന നിങ്ങളെ കേരളത്തിലെ സ്ത്രീകള്‍ എന്തിന് സഹിക്കണം’; ജോസഫൈനെതിരെ വ്യാപക പ്രതിഷേധം
സ്ത്രീ പീഡനങ്ങളെ കുറിച്ച് ജനങ്ങളുടെ പ്രതികരണങ്ങള്‍ തേടിയ ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് വലത് പ്രൊഫൈലുകള്‍ക്ക് പുറമെ ഇടത് അനുഭാവികളും വനിതാ കമ്മീഷന് അധ്യക്ഷനെതിരെ രംഗത്തെത്തി. ഇടത് സഹയാത്രികളും അധ്യാപികയുമായ ദീപാ നിഷാന്താണ് കടുത്ത ഭാഷയില്‍ ജോസഫൈനിന്റെ നടപടിയെ അപലപിച്ചതില്‍ ഒരാള്‍
പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാര്ഷ്ട്യത്തില് മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകള്‍ സഹിക്കണം എന്ന ചോദ്യമാണ് ദീപാ നിഷാന്ത് ഉന്നയിക്കുന്നത്. മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നഭ്യര്ത്ഥിക്കുക എന്നുകൂടി പറയുന്നുണ്ട് ദീപാ നിഷാന്ത്.
ഇത്ര സെന്‍സും സെന്സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷന് അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവനും ചോദിക്കുന്നു. സിപിഎമ്മിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സര്‍ക്കാര്‍ പോസ്റ്റുകളില്‍ ചുമക്കാന്‍ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. മനോരമ ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് അധ്യക്ഷ രൂക്ഷമായി പ്രതികരിച്ചത്.
ദീപാ നിഷാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്..
പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെണ്‍കുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാര്ഷ്ട്യത്തില് മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകള്‍ സഹിക്കണം?
മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തല്‍സ്ഥാനത്തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
അഡ്വ. ഹരീഷ് വാസുദേവന്റെ പ്രതികരണം
ഇത്ര സെന്‍സും സെന്സിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷന് അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല.
ഇക്കാര്യത്തില്‍ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നില്‍ക്കേണ്ട ഗതികേടുമില്ല.
സിപിഎം കാരേ, നിങ്ങളുടെ പാര്‍ട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സര്‍ക്കാര്‍ പോസ്റ്റുകളില്‍ ചുമക്കാന്‍ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്. ഭരണഘടന പറയുന്ന പണി എടുക്കാന്‍ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളില്‍ വെയ്ക്കാന്‍ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താന്‍ പറ്റുന്നില്ലെങ്കില്‍ ഇനി മേലാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം പറയാന്‍ മൈക്കിന് മുന്നില്‍ പൊതുജനങ്ങളുടെ ചെലവില്‍ സമയം ചെലവാക്കരുത്.
മേഴ്സിക്കുട്ടിയമ്മയെ പോലെ, ഇട സുജാതയെപ്പോലെ, സുജ സൂസന് ജോര്‍ജിനെപ്പോലെ, എത്ര കഴിവുള്ളവര്‍ ഉണ്ട് ആ പാര്‍ട്ടിയില്‍. വനിതാ കമ്മീഷന് പുനഃസംഘടിപ്പിക്കാന്‍ എന്താണ് ഇനിയും താമസം?
തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നുമായിരുന്നു എംസി ജോസഫൈന് സ്വീകരിച്ച നിലപാട്.