മക്കയിലെ മലയാളി നഴ്സ് സമീറയുടെ ആത്മഹത്യ; സ്ത്രീധന പീഡനമാരോപിച്ച് കുടുംബം
കൊല്ലം: മക്കയില്‍ മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീധന പീഡനമാരോപിച്ച് യുവതിയുടെ കുടുംബം. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ താമസ സ്ഥലത്താണ് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭര്‍ത്താവ് സമീറിനെതിരെ യുവതിയുടെ കുടുംബം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനെ വീഡിയോ കോള്‍ വിളിച്ചു കൊണ്ടാണ് മുഹ്സിന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മുഹ്സിനയുടെ ഭര്‍ത്താവ് സമീര്‍ റിയാദിലാണ്. മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞു സമീര്‍ മക്കയിലെത്തിയിരുന്നു.
കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയുടെ മരണം സ്ത്രീധന പീഡനം കാരണമാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇത്തരത്തിലെ നിരവധി ആത്മഹത്യകള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
വിസ്മയയ്ക്ക് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച അര്‍ച്ചനയുടെ മരണവും സ്ത്രീധനത്തിന്റെ പേരിലെ പീഡനങ്ങളെത്തുടര്‍ന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. അതേസമയം, ഈ രണ്ട് സംഭവത്തിലും മക്കളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.
വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഇയാളെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍ത്താവ് സുരേഷിനെ ആദ്യം ചോദ്യം ചെയ്ത് വിട്ടെങ്കിലും അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിനിടെ ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുകാരിയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്രയെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, സുചിത്രയുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളുയര്ന്നിരുന്നില്ല.
സമീപദിവസങ്ങളിലെ ഈ ആത്മഹത്യകള്‍ ചര്‍ച്ചയാകുന്നതിനിടെ ഇടുക്കി അയ്യപ്പന്‍കോവിലില്‍ മൂന്ന് മാസം മുന്‍പ് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. അയ്യപ്പന്‍കോവില്‍ സ്വദേശി അമലിനെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ ശാരീരികമാനസിക പീഡനങ്ങളെ തുടര്‍ന്നാണ് ഭാര്യ ധന്യ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യാ പ്രേരണ, ഗാര്‍ഹീക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.