രാമനാട്ടുകര ഓപ്പറേഷന്; ഗുണ്ടാത്തലവന് അനസ് പെരുമ്പാവൂര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചെന്ന് സൂചന, ബോഡി ഗാര്‍ഡുകളില്ലാതെ പുറത്തിറങ്ങില്ല
കൊച്ചി: രാമനാട്ടുകര കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാനുള്ള ഓപ്പറേഷന്റെ ബൂദ്ധികേന്ദ്രം ഗുണ്ടാത്തലവന് അനസ് പെരുമ്പാവൂരാണെന്ന സംശയം വര്‍ദ്ധിക്കുന്നു. ചെര്‍പ്പുളശേരിയില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തലവന് ചരല് ഫൈസല്‍ അനസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. അനസിന് ചെര്‍പ്പുളശേരിയില്‍ ചരല് ഫൈസല്‍ താമസ സൗകര്യമൊരുക്കിയ ദൃശ്യങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ലൈവ് പുറത്തുവിട്ടിരുന്നു. പതിവ് പോലെ സര്‍വ്വ സന്നാഹങ്ങളുമായിട്ടാണ് അനസ് ഹോട്ടലിലെത്തിയത്. പുതിയ സാഹചര്യത്തില്‍ ബോഡി ഗാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായും സൂചനകളുണ്ട്.
കാപ്പ ചുമത്തിയ കുറ്റത്തിന് ശിക്ഷ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് അനസ് പെരുമ്പാവൂര്‍. എല്‍ജെപി യുവ ജനവിഭാഗം ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തിരുന്ന വ്യക്തി കൂടിയാണ് അനസ്. 20ലധികം അനുയായികളില്ലാതെ അനസിനെ പൊതുഇടങ്ങളില്‍ കാണാനാവില്ല. നേരത്തെ കൊച്ചിയില്‍ അനസിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഢംബര കാറില്‍ നഗരം ചുറ്റുന്നത് പതിവാണെങ്കിലും ബോഡി ഗാര്‍ഡുകളില്ലാതെ അനസ് പുറത്തിറങ്ങാറില്ല. രാമനാട്ടുകര അപകടം അന്വേഷിക്കുന്ന സംഘം ചരല് ഫൈസലുമായി അനസിനുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
കാപ്പ ചുമത്തിയുള്ള ശിക്ഷക്ക് ശേഷം മാര്‍ച്ച് മാസത്തിലാണ് അനസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. ഈ സമയത്ത് ഹോട്ടലില്‍ താമസ സൗകര്യമൊരുക്കിയത് ഫൈസലായിരുന്നു. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ച് പേരാണ് രാമനാട്ടുകര നടന്ന വാഹനാപകടത്തില്‍ മരിച്ചത്. ഇവര്‍ക്ക് ഓപ്പറേഷന് വേണ്ടി എന്തെങ്കിലും നിര്‍ദേശം അനസ് നല്‍കിയിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുക. പെരുമ്പാവൂര്‍ ഉണ്ണിക്കുട്ടന് വധക്കേസ്, റഹീം വധശ്രമക്കേസ്, അനധികൃതമായി ആയുധം കൈവശം വെയ്ക്കുക, സ്വര്‍ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, സംസ്ഥാനത്തിന് അകത്തും പുറത്തും സ്ഥലം ഇടപാടുകള്‍ സംബന്ധിച്ച കേസുകളിലെല്ലാം പ്രതിയാണ് പെരുമ്പാവൂര്‍ അനസ്.
കരിപ്പൂരിലൂടെ കടത്തികൊണ്ടുവരുന്ന സ്വര്‍ണം വിവിധ സംഘങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാരും കവര്‍ച്ചാ സംഘവും തമ്മിലുള്ള കുടിപ്പകയും ഏറ്റമുട്ടലുമാണ് രാമനാട്ടുകര അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒരു സാധാരണ വാഹനാപകടം എന്ന നിലയില്‍ ആരംഭിച്ച അന്വേഷണം ഇന്നോവകാറിലുള്ളവരെ ചോദ്യം ചെയ്തതോടെയാണ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റിലേക്ക് നീങ്ങിയത്. മരിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലവും ചെര്‍പ്പുളശ്ശേരി സ്വദേശി ചരല് ഫൈസലിന്റെ സഹായികളുമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ പൊലീസിനൊപ്പം കസ്റ്റംസും അന്വേഷണത്തില്‍ സഹകരിച്ചു.
രണ്ടരകിലോയോളം സ്വര്‍ണം കരിപ്പൂരില്‍ നിന്നും എയര്‍ ഇന്റലിജന്‍സ് വിഭാഗം യാത്രക്കാരനായ മുഹമ്മദ് ഷെഫീഖില്‍ നിന്നും പിടികൂടിയിരുന്നു. ഈ സ്വര്‍ണത്തിനായാണ് സംഘങ്ങള്‍ മത്സരിച്ചതെന്നാണ് അന്വഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം അമിതവേഗത മൂലമാണെന്ന് മോട്ടോര്‍വാഹന വകുപ്പും സ്ഥിരീകരിച്ചു. മരിച്ച 5 പേരും മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.