പുതിയ കേസുകളിൽ 70% കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധയിൽ കഴിഞ്ഞ ദിവസത്തെക്കാൾ 19 ശതമാനം വർധന. 50,848 പുതിയ കേസുകളാണ് അവസാന 24 മണിക്കൂറിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 42,640 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയും ഇതാണ്. എന്നാൽ, ആക്റ്റിവ് കേസുകൾ ഇന്നും കുറഞ്ഞിട്ടുണ്ട്. നാൽപ്പത്തൊന്നാം ദിവസവും പുതിയ കേസുകളെക്കാൾ കൂടുതൽ രോഗമുക്തരുണ്ടാവുന്നതു തുടർന്നതിനാലാണിത്. 6.43 ലക്ഷം പേരാണ് ഇപ്പോൾ വൈറസ് ബാധിച്ചു ചികിത്സയിലുള്ളത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കഴിഞ്ഞ ദിവസം 6.62 ലക്ഷം പേരായിരുന്നു രോഗബാധിതരായി ഉണ്ടായിരുന്നത്. 69,000ഓളം പേർ അവസാന ദിവസം രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവർ മൂന്നു കോടി കടന്നു. 1,358 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള കൊവിഡ് മരണം 3,90,660.
പ്രതിദിന കേസുകളിൽ ഏറ്റവും മുന്നിലുള്ള കേരളത്തിൽ മാത്രമാണ് അവസാന ദിവസവും പതിനായിരത്തിലേറെ പേർക്കു രോഗം ബാധിച്ചത്. പുതിയ കേസുകളിൽ 25 ശതമാനത്തോളം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ 8,470, തമിഴ്നാട്ടിൽ 6,895, ആന്ധ്രയിൽ 4,169, കർണാടകയിൽ 3,709 പേർക്കു വീതം പുതുതായി രോഗബാധ കണ്ടെത്തി. കേരളം അടക്കം ഈ അഞ്ചു സംസ്ഥാനങ്ങളിലാണ് പുതിയ കേസുകളിൽ 70.52 ശതമാനവും. മരണസംഖ്യയിൽ മഹാരാഷ്ട്ര മുന്നിൽ തുടരുകയാണ്. അവസാന ദിവസം അവിടെ 4,82 മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 194 പേരും അവസാന ദിവസം മരിച്ചിട്ടുണ്ട്.
ദേശീയ റിക്കവറി നിരക്ക് 96.56 ശതമാനമായി ഉയർന്നു. ദേശീയ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനം മാത്രമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.12 ശതമാനം. 29.46 കോടി വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്തു വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവസാന ദിവസം 54 ലക്ഷത്തിലേറെ പേർക്കാണ് വാക്സിൻ നൽകിയത്.
പുതിയ വാക്സിൻ നയം നിലവിൽ വന്ന തിങ്കളാഴ്ച 88 ലക്ഷം വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് പുതിയ റെക്കോഡ് കുറിച്ചിരുന്നു. ഈ ചരിത്ര നേട്ടത്തിൽ എത്താൻ കഴിഞ്ഞതിന് ബന്ധപ്പെട്ട എല്ലാവർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മുടെ ഏറ്റവും മികച്ച ആയുധം വാക്സിനാണെന്നു മോദി. ഏപ്രിൽ ഒന്നിന് 48 ലക്ഷം ഡോസ് നൽകിയതായിരുന്നു ഇതിനു മുൻപുള്ള റെക്കോഡ്.
കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി പുതിയ വകഭേദമായ ഡെൽറ്റ പ്ലസിന്റെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ. ഡെൽറ്റ പ്ലസിനെതിരേ ജാഗ്രത വേണമെന്ന് മന്ത്രാലയം നിർദേശിക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴും ആശങ്കപ്പെടുത്തുന്ന വകഭേദമായി ഇതിനെ കണക്കാക്കിയിട്ടില്ല. പുതിയ വകഭേദത്തെക്കുറിച്ചുള്ള പഠനങ്ങളും പരിശോധനകളും തുടരുകയാണ്.
മുന്നു കോടിയിലേറെ പേരെ കൊവിഡ് ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമെരിക്കയിൽ 3.44 കോടിയിലേറെ പേർക്ക് രോഗബാധയുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ അവസാന ഒരു കോടിയാളുകൾക്ക് രോഗം ബാധിച്ചത് 50 ദിവസം കൊണ്ടാണ്. മറ്റൊരു രാജ്യത്തും ഇത്ര വേഗത്തിൽ വ്യാപനമുണ്ടായിട്ടില്ല. 54 ദിവസം കൊണ്ട് ഒരു കോടിയാളുകൾക്ക് വൈറസ് ബാധിച്ച അമെരിക്കയുടെ റെക്കോഡാണ് ഇന്ത്യ മറികടക്കുന്നത്.