വസ്ത്രം വലിച്ചുകീറി, ഇപ്പോഴും വീട്ടിലേക്കു പോകാനാകുന്നില്ല; തൃണമൂലിനെതിരേ പരാതിയുമായി സ്ത്രീകൾ
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ തൃണമൂൽ കോൺഗ്രസിനെതിരേ കൂടുതൽ വെളിപ്പെടുത്തലുകൾ. മർദനത്തിന്റെയും വസ്ത്രം വലിച്ചുകീറി അപമാനിച്ചതിന്റെയും കഥകളുമായി സ്ത്രീകളാണു രംഗത്തെത്തിയത്. പരാതി നൽകിയപ്പോൾ തങ്ങളുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും ഇവർ പറഞ്ഞു.
തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച മേയ് രണ്ടിന് അതിക്രൂരമായ ആക്രമണമാണു തങ്ങളുടെ പ്രദേശത്തുണ്ടായതെന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ തട്ടകമായ ഭവാനിപുർ സ്വദേശികൾ മമനു സാഹയും ഭർത്താവ് രവി സാഹയും പറഞ്ഞു. ഭവാനിപുരിലെ ഇവരുടെ കോഴിക്കട തൃണമൂൽ പ്രവർത്തകർ തകർത്തു. മാസങ്ങളായി ഇവർ ടോളിഗഞ്ചിലാണ് താമസം. ഭവാനിപുരിലെ വീട്ടിലേക്കു തിരികെയെത്താൻ തൃണമൂൽ പ്രവർത്തകർ അനുവദിച്ചിട്ടില്ല.
തൃണമൂൽ കോൺഗ്രസിൽ ചേരണമെന്നു തങ്ങൾക്കു മേൽ സമ്മർദമുണ്ടായിരുന്നെന്നു മമുനി. എന്നാൽ, ഞങ്ങൾ മൂന്നു വർഷം മുൻപു രഹസ്യമായി ബിജെപിയിൽ ചേർന്നിരുന്നു. ഒരു വർഷം മുൻപ് ഇക്കാര്യം കണ്ടെത്തിയ തൃണമൂൽ പ്രവർത്തകർ ഞങ്ങളെ ഭീഷണിപ്പെടുത്തി. അതോടെ വീടുവിട്ടുപോകാൻ ഭർത്താവ് രവി നിർബന്ധിതനായി. ഒരു വർഷമായി അദ്ദേഹം ടോളിഗഞ്ചിലായിരുന്നു താമസം- മമുനി പറഞ്ഞു.
ആകെയുള്ള ഉപജീവനമാർഗം കോഴിക്കടയായതിനാൽ മമുനി ഭവാനിപുരിൽ തുടർന്നു. കഴിഞ്ഞ മാർച്ചിൽ ഹോളി ആഘോഷത്തിനായി 10 കിലോഗ്രാം ഇറച്ചിക്കോഴികളെ സൗജന്യമായി നൽകണമെന്നു തൃണമൂൽ പ്രവർത്തകർ ആവശ്യപ്പെട്ടു. അതു കൊടുക്കാത്തതിനാൽ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു തൃണമൂൽ പ്രവർത്തകർ. മേയ് രണ്ടിന് തൃണമൂലിന്റെ ജയം ഉറപ്പായതോടെ കടയ്ക്ക് തീവച്ചുവെന്നും മമുനി. ഭവാനിപുർ പൊലീസ് സ്റ്റേഷനിലെത്തി രവി പരാതി നൽകിയപ്പോൾ ഞങ്ങളുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നും ഒന്നും ചെയ്യാനാവില്ലെന്നുമായിരുന്നു പൊലീസിന്റെ മറുപടി.
പൂർവ ബർധമാൻ ജില്ലയിലെ ഖണ്ഡഘോഷ് സ്വദേശി രാഖി റോയിക്കും പറയാനുള്ളതു സമാനമായ അനുഭവമാണ്. തെരഞ്ഞെടുപ്പു ഫലം വന്ന അന്നു രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ തൃണമൂൽ പ്രവർത്തകർ കണ്ണിൽക്കണ്ടതെല്ലാം തല്ലിത്തകർത്തു. രാഖിയെ മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പിറ്റേന്ന് രാവിലെ വീണ്ടുമെത്തി തൊഴിച്ചുവീഴ്ത്തി. കുട്ടികളെപ്പോലും വെറുതേവിട്ടില്ലെന്നും രാഖി.
വൈകുന്നേരത്തിനകം നാടുവിട്ടില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ രാഖിയും ഭർത്താവും വീടുപേക്ഷിച്ചു പലായനം ചെയ്യുകയായിരുന്നു. മൂന്നു ദിവസം മുൻപ് പൊലീസ് കാവലിലാണ് രാഖി തിരികെ വീട്ടിലെത്തിയത്. എന്നാൽ, അധികം വൈകാതെ തൃണമൂൽ പ്രവർത്തകരെത്തി വീണ്ടും ഭീഷണി മുഴക്കി. ഇപ്പോഴും ഭയന്നാണു കഴിയുന്നതെന്നും രാഖി.
നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചയുടനാണ് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ എതിരാളികൾക്കെതിരേ കടുത്ത ആക്രമണങ്ങളുണ്ടായത്. ബിജെപി, സിപിഎം, കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചതായും പൊലീസ് നിഷ്ക്രിയമായി കൂട്ടുനിന്നെന്നുമാണ് ആരോപണം. 16 പേർ സംസ്ഥാനത്തൊട്ടാകെ മരിച്ചു. ആയിരക്കണക്കിനാളുകൾ വീടുപേക്ഷിച്ചു പലായനം ചെയ്തിരുന്നു. ഇവരിൽ വലിയൊരു വിഭാഗത്തിന് ഇപ്പോഴും തിരിച്ചെത്താനായിട്ടില്ല.
കഴിഞ്ഞദിവസം ഇതുസംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴാണ് കൽക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും എൻഎച്ച്ആർസി സമിതി അന്വേഷിക്കണമെന്ന് ഉത്തരവിടുകയും ചെയ്തത്. ഇതിനെതിരേ മമത സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അതേസമയം, അന്വേഷണത്തിനായി മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ റിട്ട. ജസ്റ്റിസ് അരുൺ മിശ്ര കഴിഞ്ഞദിവസം ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. കമ്മിഷൻ അംഗം രാജീവ് ജയിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് ഇരകളിൽ നിന്നു നേരിട്ടു മൊഴിയെടുക്കും. ഈ മാസം 30നകം റിപ്പോർട്ട് നൽകാനാണു സുപ്രീം കോടതിയുടെ നിർദേശം.