ഡെൽറ്റ പ്ലസ് വാക്സിനുകളെ തോൽപ്പിച്ചേക്കാം: വിദഗ്ധർ
ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദം ഡെൽറ്റ പ്ലസ് വാക്സിനുകളെ തോൽപ്പിച്ചേക്കാമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ. നേരത്തേ, കൊവിഡ് ബാധിച്ചവരിലുള്ള പ്രതിരോധ ശേഷിയെയും ഈ വകഭേദം മറികടക്കാമെന്ന് രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റും ഇൻസാകോഗ് മുൻ അംഗവുമായ പ്രൊഫ. ഷാഹീദ് ജമീൽ പറയുന്നു. കൊവിഡ് വൈറസിന്റെ ജനിതക മാറ്റങ്ങളെക്കുറിച്ചു പഠിക്കാനും സർക്കാരിനു നിർദേശം നൽകാനുമായി കേന്ദ്ര സർക്കാർ വിദഗ്ധരെ ഉൾപ്പെടുത്തി രൂപവത്കരിച്ചതാണ് ഇൻസാകോഗ്. ജെനോമിക്സ് ലാബുകളുടെ കൺസോർഷ്യമാണിത്. കേന്ദ്ര സർക്കാരുമായുള്ള വിയോജിപ്പിനെത്തുടർന്ന് അടുത്തിടെ ഇതിൽ നിന്ന് ഷാഹിദ് ജമീൽ രാജിവച്ചിരുന്നു. ഇൻസാകോഗുമായി ബന്ധപ്പെട്ട ശാസ്ത്ര ഉപദേശക സമിതിയുടെ ചെയർമാനുമായിരുന്നു ഇദ്ദേഹം.
ആദ്യം കൊവിഡ് ബാധിച്ചവരെയും ഡെൽറ്റ പ്ലസ് ബാധിച്ചേക്കാം. വാക്സിൻ നൽകുന്ന പ്രതിരോധത്തെയും ഇതു മറികടക്കാം. ഡെൽറ്റ വകഭേദത്തിന്റെ എല്ലാ സ്വഭാവങ്ങളും ഡെൽറ്റ പ്ലസിനുണ്ട്. ഇതിനൊപ്പം കെ417എൻ എന്ന മ്യൂട്ടേഷനും സംഭവിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ബീറ്റ വകഭേദത്തിലുള്ളതാണ് കെ417എൻ. ആൽഫ, ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വാക്സിനെ മറികടക്കാനുള്ള ശേഷിയുണ്ട് ബീറ്റയ്ക്ക് എന്നു കണ്ടെത്തിയതാണ്. അതുകൊണ്ടാണ് ആസ്ട്രസെനക്കയുടെ വാക്സിൻ (ഇന്ത്യയിൽ കൊവിഷീൽഡ്) ദക്ഷിണാഫ്രിക്കൻ സർക്കാർ തിരിച്ചയച്ചത്- പ്രൊഫ. ജമീൽ ചൂണ്ടിക്കാട്ടുന്നു.
പുതിയ വകഭേദത്തിനു വ്യാപനശേഷി കൂടുതലുണ്ടോ എന്നു വ്യക്തമായിട്ടില്ല. 25,000 സാംപിളുകളുടെ ജനിതക പരിശോധനയിൽ 20 കേസുകൾ കണ്ടെത്തിയതുവച്ച് ഒന്നും പറയാനാവില്ല. കൂടുതൽ പരിശോധനകൾ നടക്കണം. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ അറിയൂ- അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ, രോഗം ബാധിച്ചവരുടെ സ്വാഭാവിക പ്രതിരോധ ശേഷിയെയും വാക്സിൻ പ്രതിരോധത്തെയും മറികടക്കാൻ ഡെൽറ്റ പ്ലസിനു കഴിയുമെന്നു കരുതുന്നതിൽ ന്യായമുണ്ടെന്നും അദ്ദേഹം.
2020 ഡിസംബറിൽ ഡെൽറ്റ വകഭേദത്തെക്കുറിച്ച് നമുക്ക് ഇതുപോലെ വളരെ കുറച്ചു വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ വർഷം രണ്ടാം തരംഗമുണ്ടാക്കിയതു ഡെൽറ്റയാണ്. അതുകൊണ്ടു തന്നെ ഡെൽറ്റ പ്ലസിനെതിരേ അതീവ ജാഗ്രതയോടെ നീങ്ങണം. മൂന്നാം തരംഗം തടയാൻ ഇൻസാകോഗ് ഉചിതമായ നടപടികൾ സ്വീകരിക്കണം. പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അപകടം ക്ഷണിച്ചുവരുത്തലാവാം സംഭവിക്കുകയെന്നും അദ്ദേഹം.
ഡെൽറ്റ വകഭേദത്തിനെതിരേ ആസ്ട്രസെനക്ക വാക്സിന് 60 ശതമാനം വരെ ഫലപ്രാപ്തിയേ ഉണ്ടാകൂവെന്ന് അമെരിക്കൻ ശാസ്ത്രജ്ഞനായ എറിക് ഫിഗി-ഡിങ് അഭിപ്രായപ്പെടുന്നു. ഫൈസറിന് 88 ശതമാനം ഫലശേഷിയാണ് ഡിങ് പറയുന്നത്. രണ്ടു വാക്സിനും ഒരു ഡോസ് മാത്രം എടുത്താൽ 33 ശതമാനം ഫലശേഷിയുണ്ടാകുമെന്നും ഡിങ്.
അതേസമയം, ആശങ്കാജനകമായ വകഭേദമായി ഡെൽറ്റ പ്ലസ് മാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. പുതിയ വകഭേദത്തെക്കുറിച്ച് ഇൻസാകോഗ് ജാഗ്രതയോടെ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതാണെന്നും നീതി ആയോഗ് അംഗം വി.കെ. പോൾ പറഞ്ഞു.