‘മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്’; ആശുപത്രിയിലെത്തിച്ചത് മരിച്ചതിന് ശേഷമെന്ന് കുടുംബം
കൊല്ലം ശാസ്താംകോട്ട പോരുവഴിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് കൂടുംബം. മരിച്ച വിസ്മയുടെ അച്ഛനും അമ്മയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് മരണം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മരണം സംഭവിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യം ഡോക്ടര്‍ തന്നോട് സൂചിപ്പിച്ചെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. വിസ്മയയുടെ മൃതദേഹം കണ്ടാല്‍ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും പിതാവ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറയുന്നു. അവളുടെ മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ സംശയാസ്പതമാണ്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. ഇവയെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും കുടുംബം ആരോപിക്കുന്നു.
വിസ്മയയെ മര്‍ദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു എന്നും പിതാവ് ആറോപിച്ചു. നാല് ദിവസം മുമ്പ് കിരണിന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മര്‍ദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോള്‍ നിന്റെ അമ്മ അടിച്ച പോലെ കണ്ടാല്‍ മതിയെന്നാണ് പ്രതികരിച്ചതെന്നും വിസ്മയ പറഞ്ഞതായി കൂട്ടുകാരി വെളിപ്പെടുത്തിയിരുന്നു എന്നും അച്ഛന് പറയുന്നു.
എന്തൊക്കെ സംഭവിച്ചാലും കിരണിന്റെ വീട്ടുകാര്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്ന് വിസ്മയയുടെ അമ്മയും പ്രതികരിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് ശ്രമിച്ചത്. വിവാഹ വാര്‍ഷികമൊക്കെ ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു എന്നും വിസ്മയയുടെ അമ്മ ആരോപിച്ചു.
അതിനിടെ, വിസ്മയ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ രാത്രിയോടെയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ കിരണിനെ പൊലീസ് കസ്റ്റടിയിലെടുത്തത്. വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍ കുമാറിനെ വിശദമായി ചോദ്യം ചെയ്യും. സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണൊ എന്നതുള്‍പ്പെടെ സ്ഥിരീകരിക്കുക എന്നതാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് പ്രധാനമായും പരിശോധിക്കുക. ഇതിന്റെ ഭാഗമായി കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വിസ്മയയുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു. ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് കരിമണ്‍ മര്‍ദ്ദിച്ചെന്ന് വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരുന്നെങ്കിലും രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.