തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലര്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിനെതിരെ കസ്റ്റംസ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഗൂഢാലോചന സംബന്ധിച്ച തെളിവുകളും പുറത്ത്. പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ ഷോക്കേസ് നോട്ടീസിലാണ് ഗൂഢാലോചനയ്ക്ക് തെളിവായി ടെലഗ്രാം സന്ദേശങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സന്ദീപ്, സരിത്ത്, റമീസ് പങ്കാളിത്തം വ്യക്തമാക്കുന്നതാണ് ടെലഗ്രാം സന്ദേശങ്ങള്‍.
‘സിപിഎം കമ്മിറ്റി’ എന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ് എന്നാണ് കസ്റ്റംസ് ഷോക്കേസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ഡിസംബര്‍ ഒന്ന് മുതലുള്ള ചാറ്റുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യ കണ്െൈസന്മെന്റില് 50 കിലോയുടെ നോട്ടിഫിക്കേഷന്‍ ഉണ്ടെന്ന് സരിത്ത് പറയുന്നിടത്താണ് ചാറ്റ് തുടങ്ങുന്നത്. ഓരോ തവണയും വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നാണ് ഗ്രൂപ്പിലെ പ്രധാന ചര്‍ച്ച. ബാഗേജിന്റെ ബാഗേജിന്റെ ഭാരം സംബന്ധിച്ചും, തിരുവനന്തപുരത്തേക്ക് വരുന്ന പാര്‍സലില്‍ നയതന്ത്ര ബാഗേജ് എന്ന് ഉറപ്പായും രേഖപ്പെടുത്തണം എന്നും ചാറ്റുകളില്‍ ചര്‍ച്ച ചെയ്യുന്നു.
ഇതിന് പുറമെ ബാഗേജ് സ്വീകരിക്കുന്ന കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയുടെ പേര് മാറ്റ് ബംഗാളി പേര് ചേര്‍ക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. 2019 ഡിസംബര്‍ 19 ന് സ്വര്‍ണമടങ്ങിയ ബാഗ് കൈപ്പറ്റിയതായി സരിത്ത് ചാറ്റുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്. 23 ന് മറ്റൊരു ബാഗേജും കൈകാര്യം ചെയ്യുന്നുണ്ട്. സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്ത് എത്തിച്ചതിന്റെ സന്തോഷവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ടെന്ന് ഷോക്കേസ് നോട്ടീസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ചാറ്റിന് പുറമെ വോയ്സ് നോട്ടുകളും ഗ്രൂപ്പിലുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കോണ്‍സുല്‍ ജനറലിനും കള്ളക്കടത്ത് സംഘത്തിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നും സ്വപ്നയും സരിത്തും മുഖേന മുന്മന്ത്രിമാര് അടക്കമുള്ളവര്‍ക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നു എന്നുമാണ് കസ്റ്റംസിന്റെ ആരോപണം. വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലര്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.
കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് ഉള്‍പ്പടെ 53 പേര്‍ക്കാണ് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് 260 പേജുള്ള ഷോക്കോസ് നോട്ടീസ് കസ്റ്റംസ് അയച്ചത്.
മന്ത്രിമാരടക്കമുള്ളവരുമായി നേരിട്ട് ബന്ധമുണ്ടാക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മന്ത്രിമാരടക്കമുളളവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടു. എംഇഎയോ പ്രോട്ടോകോള്‍ ഓഫീസറോ അറിയാതെയായിരുന്നു ഈ ഇടപെടല്‍. ഗുരുതരമായ ചട്ടലംഘനമാണ് ഇത്തരത്തില്‍ സര്‍ക്കാരിലെ ഉന്നത പദവികള്‍ വഹിക്കുന്നവരില്‍ നിന്നുണ്ടായെന്നും കസ്റ്റംസ് നോട്ടീസില്‍ പറയുന്നു.
സുരക്ഷഭീഷണി ഇല്ലാതിരുന്നിട്ട് കൂടി കോണ്‍സുല്‍ ജനറലിന് എസ് കാറ്റഗറി സുരക്ഷ നല്കി. ഇതോടെ വിമാനത്താവളം വഴി പരിശോധന കൂടാതെ യാത്ര സാധ്യമായി ഈ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും മൂന്നുതരം കള്ളക്കടത്ത് നടന്നെന്നും കസ്റ്റംസ് പറയുന്നു.