‘മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനുള്ള ശ്രമം’; സുധാകരന് കോണ്ഗ്രസിനകത്തുള്ളവരുടെ കുത്തേല്‍ക്കാതെ നോക്കണമെന്ന് എംഎം മണി
കെപിസി അധ്യക്ഷന്‍ അനാവശ്യമായി മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്ന് എംഎം മണി. മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനാണ് സുധാകരന് ശ്രമിക്കുന്നതെന്ന് എംഎം മണി പറഞ്ഞു.
കെ സുധാകരന് ആവശ്യമില്ലാത്ത പ്രതികരണങ്ങള്‍ നടത്തിയതിനാല്‍ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചെന്നേ ഉള്ളൂ. സുധാകരന് ഒരു പ്രത്യേക രീതിക്കാരനാണ്. പണ്ട് മുതലേ തന്നെ സുധാകരനെ അറിയാം. ആകെപ്പാടെ മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ പുനര്ജീവിപ്പിക്കാന് വേണ്ടി വെച്ചിരിക്കുകയാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം. അതിപ്പോള്‍ അവര്‍ കാത്തിരുന്നു കാണുക എന്നതേ വഴിയുള്ളൂ,’ എംഎം മണി പറഞ്ഞു.
‘വ്യക്തിപരമായ ആക്രമണം നടത്തുന്നതു കൊണ്ട് ഒരു കാര്യവും സുധാകരനില്ല. സുധാകരന് സുധാകരന്റെ പാര്‍ട്ടിയെയാണ് നോക്കുന്നത്. സിപിഐഎംകാര്‍ ഇപ്പോള്‍ സുധാകരനെതിരെ ഇപ്പോള്‍ ആയുധപ്രയോഗവുമായി പോവുന്നില്ല. അങ്ങനെ ഒരു വിഷയമില്ല. കത്തിയായിട്ടൊക്കെ ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസിനകത്തു തന്നെയാണ്. അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന് നോക്കേണ്ടത്,’ എംഎം മണിപറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലപാട് കടുപ്പിച്ച് വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന് വീണ്ടും രംഗത്തെത്തി. താന്‍ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയാണെന്നും രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണം എന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം.
ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പിണറായി വിജയന് എന്നും കെ സുധാകരന് പറഞ്ഞു. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിന്റെ ഒരുപാട് ഇരകള്‍ ഇന്നും വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ജീവിച്ചിരിപ്പുണ്ട്. നാട്ടുഭാഷയില്‍ അതിന് ‘ഒറ്റപ്പൂതി’ എന്ന് പറയും. അതിന്റെ ഇരകള്‍ നിശബ്ദരായി സിപിഎമ്മില്‍ തന്നെയുണ്ട്. വിഎസ് മുതല്‍ എംഎ ബേബി, ശൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണെന്നും കെ സുധാകരന് ആരോപിക്കുന്നു.