മുഖ്യമന്ത്രിക്ക് നാളെ മറുപടിയെന്ന് സുധാകരന്; അതിന് വേറെയും മറുപടിയുണ്ടാകുമെന്ന് എകെ ബാലന്
തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും സുധാകരന് പറഞ്ഞു. അതേസമയം, സുധാകരന് നാളെ മറുപടി പറയുമ്പോള്‍ അതിന് വേറെ മറുപടി പിന്നെയും ഉണ്ടാകുമെന്ന് എകെ ബാലന് പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് താന്‍ അഭ്യാസിയാണ്. വിജയനെ ചവിട്ടി താഴെയിട്ടെന്ന് ഏതെങ്കിലും നേതാവ് പറയുമോയെന്നും എകെ ബാലന് ചോദിച്ചു.
എകെ ബാലന് പറഞ്ഞത്: ”കെ സുധാകരന് മറുപടി പറഞ്ഞോട്ടെ. നാളെ മറുപടി പറയുമ്പോള്‍ അതിന് വേറെ മറുപടി പിന്നെയും ഉണ്ടാകും. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ അദ്ദേഹം തന്നെ ഉറച്ച് നില്‍ക്കില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഞാന്‍ അഭ്യാസിയാണ്. വിജയനെ ചവിട്ടി താഴെയിട്ടെന്ന് ഏതെങ്കിലും നേതാവ് പറയുമോ.”
ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശത്തിന് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ”ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല്‍ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില്‍ കണ്ടിട്ടാകും. തീര്‍ത്തും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ എങ്ങനെ സത്യം പറയാതിരിക്കും.”
”കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ ഞാന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. ഞാന്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. പരീക്ഷ വിദ്യാര്‍ഥി മാത്രമാണ് ഞാന്‍. പരീക്ഷ ബഹിഷ്കരണത്തിന്റെ ഭാഗമായി കെഎസ്.എഫിന്റെ സമരം നടക്കുകയാണ്. സമരത്തെ തടയാന്‍ കെഎസ്.യുകാര്‍ തടയാന്‍ എത്തി. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ നോക്കി. പക്ഷെ സംഗതി കൈ വിട്ടു പോയി. ഈ ചെറുപ്പക്കാരന്റെ നേരെ ഞാന്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാന്‍ എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന്‍ പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന് എന്നാണ് ഞാന്‍ പറഞ്ഞത്. ഇതാണ് സംഭവിച്ചത്. സുധാകരന് ഒന്ന് മനസിലാക്കിക്കോ. വിദ്യാര്‍ഥി അല്ലാത്തത് കൊണ്ട് മാത്രമാണ് ആ സംഘര്‍ഷം അവിടെ നിന്നത്. ഏതോ കത്തിയും കൊണ്ട് നടക്കുന്ന ഫ്രാന്‍സിസിന്റെ കാര്യവും പറഞ്ഞു. അങ്ങനെയൊരാള്‍ അവിടെ ഇല്ല. സ്റ്റേജില്‍ വച്ച് തല്ലിയെന്നതും അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നെ ആക്രമിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്. അതിന് ആരും എത്തിയിട്ടില്ല. പൊലീസുകാര്‍ ചെയ്തത് മാത്രം ഈ ശരീരത്തിലുള്ളത്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത്. എന്ത് കാര്യത്തിന്.”
കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞതും മുഖ്യമന്ത്രി വെളിപ്പെടുത്തി. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന് പറഞ്ഞ കാര്യങ്ങളാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. പണം ഉണ്ടാക്കാന്‍ മാത്രമാണ് സുധാകരന് രാഷ്ട്രീയം നടത്തുന്നത്, പലരെയും കൊന്ന് പണമുണ്ടാക്കി, അലഞ്ഞ് നടന്ന റാസ്ക്കലാണ് സുധാകരന് എന്നെല്ലാമാണ് രാമകൃഷ്ണന് സുധാകരനെക്കുറിച്ച് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത്: ”സുധാകരനെ പറ്റി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കുറെ പറഞ്ഞിട്ടുണ്ട്. അവര്‍ കുറെ കാര്യങ്ങള്‍ സുധാകരനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതില്‍ പി രാമകൃഷ്ണനെ ഓര്‍ക്കണം. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. സമൂഹം ഇതെല്ലാം അറിയണം. ഇങ്ങനെ പറയുന്നത് ശരിയാണെന്ന അഭിപ്രായവുമില്ല. ഞാനായിട്ട് പറയുന്നില്ല. അന്ന് രാമകൃഷ്ണന് പറഞ്ഞത് ഞാന്‍ പറയാം. പണം ഉണ്ടാക്കാന്‍ മാത്രമാണ് സുധാകരന് രാഷ്ട്രീയം നടത്തുന്നത്. പലരെയും കൊന്ന് പണമുണ്ടാക്കി. വിദേശ കറന്‍സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണല്‍ മാഫിയയുമായി ബന്ധമുണ്ട്. നേതാക്കള്‍ക്ക് അയാളെ പേടിയാണ്. രാഷ്ട്രീയത്തിന് പറ്റിയ ആളല്ല സുധാകരന്.
”രാമകൃഷ്ണന് പറഞ്ഞത് സുധാകരന് ഓര്‍ക്കുന്നത് നല്ലതാണ്. അലഞ്ഞ് നടന്ന റാസ്ക്കലാണ് സുധാകരന്. ഭീരുവുമാണ്. സുധാകരന് വന്നതിന് ശേഷമാണ് കാസര്‍ഗോഡ്, കണ്ണൂര്‍ മേഖലകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ തോറ്റ് തുടങ്ങിയത്. ഇത് സിപിഐഎമ്മുകാര്‍ പറഞ്ഞതല്ല, സുധാകരന്റെ നേതാക്കളാണ്. രാമകൃഷ്ണന്റെ ഈ വാക്കുകള്‍ ഇപ്പോഴും പൊതുവേദികളിലുണ്ട്. മമ്പറം ദിവാകരന് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസുകാരനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ല. തലശേരിയില്‍ ഇന്ദിരഗാന്ധി ആശുപത്രിയില്‍ വച്ച് തന്നെ കൊല്ലാനും ശ്രമം നടന്നതായി മമ്പറം ദിവാകരന് വെളിപ്പെടുത്തിയിട്ടുണ്ട്.”