‘മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന് പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കെ സുധാകരന്റെ നേതൃത്വത്തില്‍ തന്റെ കുട്ടികളെടയക്കം തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതായി സുധാകരന്റെ തന്നെ ഉറ്റ സുഹൃത്ത് വെളിപ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുധാകരന്റെ സുഹൃത്തും വിശ്വസ്തനുമായ കോണ്‍ഗ്രസുകാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വ്യക്തിയുടെ പേര് പുറത്തുവിടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ഒരു ദിവസം അതിരാവിലെ സുധാകരന്റെ ഒരു അടുത്ത സുഹൃത്ത് എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അദ്ദേഹം. സാധാരണഗതിയില്‍ തന്റെ വീട്ടിലേക്ക് വരാന്‍ സാധ്യതയില്ലാത്ത ഇയാളുടെ വരവില്‍ ആശ്ചര്യപ്പെട്ട് നിന്ന തന്നോട് വളരെ രഹസ്യമായിട്ടുള്ള ഒരു കാര്യം പറയാനാണ് താന്‍ വന്നതെന്ന് അയാള്‍ അറിയിച്ചു. ആ സമയം, വീട്ടില്‍ താനും ഭാര്യയും രണ്ട് കുട്ടികളും മാത്രമാണുണ്ടായിരുന്നത്.
നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സുധാകരന് വലിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയെന്നും അയാള്‍ വെളിപ്പെടുത്തി. അത്തരത്തിലൊന്നും ചെയ്യരുത് പഞ്ചാബല്ല, വേണ്ടാത്തത് ചെയ്താല്‍ കേരളം കത്തും എന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സുധാകരന്റെ സ്വഭാവം വെച്ച് വിശ്വാസമില്ലാത്തതിനാലാണ് താങ്കളെ അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു. ഇതിന് വരുന്നിടത്തുവെച്ച് കാണാമെന്നാന്നാണ് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്കാലത്ത് തലശ്ശേരി സെന്റ് ജോസഫ് സ്കൂളില്‍ മകനും അവിടുത്തെ കോണ്‍വെന്റ് സ്കൂളില്‍ മകളും പഠിക്കുകയായിരുന്നു എന്നും ഭാര്യ സന്റ് ജോസഫ് സ്കൂളില്‍ അധ്യാപികയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ബസ് ഇറങ്ങിയാല്‍ ആ രണ്ട് കുട്ടികളുടെയും കൈപിടിച്ചായിരുന്നു നടന്നുപോകേണ്ടിയിരുന്നത്. ആശങ്കയുണ്ടാക്കുമെന്നതിനാല്‍ അവരെ പോലും വിവരം അറിയിക്കാനാകാത്ത സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച വ്യക്തി മരിക്കുന്നതിന് മുന്‍പ് തന്നോടും ഈ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു എന്ന് മുന്‍ മന്ത്രി എ കെ ബാലനും റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിരുന്ന ഈ വ്യക്തി സുധാകരനുള്‍പ്പെടുന്നവരുടെ കൂടെയുള്ളയാളായിരുന്നു. എന്നാല്‍ അവസാനകാലത്ത് പിണറായി വിജയന്റെ ആരാധകനായി മാറുകയും ചെയ്തു. ഇയാള്‍ എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയാണെന്നും എ കെ ബാലന് വ്യക്തമാക്കി.