ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021/22 സീസണിന് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ ഹെഡ് കോച്ചായി ഇവാന് വുകോമനോവിച്ചിനെ നിയമിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന ഇവാന്, കെബിഎഫ്സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാവും. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്.
തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ കാലയളവില്‍, ബെല്‍ജിയയുടെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്കെ സ്ലോവന് ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്.കോച്ചിങ് കരിയറിന് മുമ്പ്, നീണ്ട 15 വര്‍ഷം പ്രൊഫഷണല്‍ ഫുട്ബോള്‍ താരമായിരുന്നു ഇവാന് വുകോമനോവിച്ച്.
പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ എഫ്സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ്ബ് റോയല്‍ ആന്റ്വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിച്ചു.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കുന്നതായി കെബിഎഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് അറിയിച്ചു . പ്രധാനമായ മുഖ്യപരിശീലക സ്ഥാനത്തേക്ക് ശരിയായ ഒരാളെ തെരഞ്ഞെടുക്കുന്നത് ഒരു നീണ്ട പ്രക്രിയയായിരുന്നു.
ഇവിടെയുള്ള സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വലിയ വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനായ ആളാണ് ഇവാന് എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ, കളിയോടുള്ള അഭിനിവേശവും, ആഴത്തിലുള്ള ഫുട്ബോള്‍ പരിജ്ഞാനവും, ഫുട്ബോളിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ഞാന്‍ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ ചിന്താരീതി എനിക്കിഷ്ടമാണ്, കേരള ബ്ലാസ്റ്റേഴ്സില്‍ തന്റെ ഫുട്ബോള്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇവാന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ വളരാന്‍ സഹായിക്കുന്നതിന് ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കരോലിസ് സ്കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.--