കേന്ദ്ര മന്ത്രിസഭ: സിന്ധ്യയ്ക്കും വരുൺ ഗാന്ധിക്കും സാധ്യത
ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിൽ ജ്യോതിരാദിത്യ സിന്ധ്യയെയും വരുൺ ഗാന്ധിയെയും പരിഗണിച്ചേക്കും. മന്ത്രിസഭാ വികസനം സംബന്ധിച്ച് നാലു ദിവസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന ബിജെപി നേതാക്കളുമായി രണ്ടു തവണ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു സൂചനകൾ.
രണ്ടു വർഷം പിന്നിട്ട സർക്കാരിൽ പല മന്ത്രിമാരും വകുപ്പുകളുടെ ഭാരം അനുഭവിക്കുന്നുണ്ട്. റെയ്ൽ മന്ത്രി പീയൂഷ് ഗോയലാണ് വാണിജ്യം, വ്യവസായം, ഭക്ഷ്യം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിക്കുന്നത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനാണ് ഗ്രാമ വികസനത്തിന്റെ ചുമതല.
മന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് അടുത്ത ദിവസങ്ങളിൽ മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ചേർന്ന വിലയിരുത്തിയിരുന്നു. പ്രകടനം മോശമായ ചിലർക്കു സ്ഥാനനഷ്ടമുണ്ടായേക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനുള്ളതു പരിഗണിച്ച് മികവുറ്റ നേതാക്കളിൽ ചിലരെ സംഘടനാ രംഗത്തേക്കു നിയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മന്ത്രിസഭാ വികസനത്തിൽ മുൻഗണനയും ലഭിച്ചേക്കും.
അസമിൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ സർബാനന്ദ സോനോവാളിനെ ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്. സോനോവാളിനെ മന്ത്രിസഭയിലെടുത്തേക്കുമെന്നാണു റിപ്പോർട്ട്. ത്രിപുരയിലെ വിമത നേതാവ് സുദീപ് റോയ് ബർമനെയും കേന്ദ്രത്തിൽ പരിഗണിച്ചേക്കും.
മധ്യപ്രദേശിൽ കോൺഗ്രസിനെ പിളർത്തി ബിജെപിക്കു ഭരണം ഉറപ്പാക്കിയ ജ്യോതിരാദിത്യ സിന്ധ്യയാണ് മന്ത്രിസഭാ വികസനത്തിൽ പരിഗണിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായ പ്രധാനി. മുൻ കേന്ദ്രമന്ത്രി കൂടിയായ സിന്ധ്യയ്ക്ക് ലോക്സഭയിൽ ഇതു നാലാമൂഴമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നുള്ള എംപി വരുൺഗാന്ധിയാണ് പരിഗണിക്കപ്പെടുന്നവരിലെ മറ്റൊരു പ്രമുഖൻ. മാർച്ചിൽ തൃണമൂൽ കോൺഗ്രസിൽ നിന്നു ബിജെപിയിലെത്തിയ രാജ്യസഭാംഗം ദിനേശ് ത്രിവേദിക്കും സാധ്യതയുണ്ട്. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗം ഭൂപേന്ദർ യാദവ്, ഒഡീശ കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അശ്വിനി ബൈഷ്ണബ്, ലഡാഖ് എംപി ജമ്യാങ് സെറിങ് നംഗ്യാൽ എന്നിവർക്കും സാധ്യത.
24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പതു സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമുൾപ്പെടെ 57 പേരാണ് മോദി മന്ത്രിസഭയിൽ ഇപ്പോഴുള്ളത്. ഒന്നാം മോദി സർക്കാരിനെക്കാൾ 12 അംഗങ്ങൾ അധികമാണിത്. ക്യാബിനറ്റ് മന്ത്രിയായിരുന്ന ലോക്ജനശക്തി പാർട്ടി അധ്യക്ഷൻ രാംവിലാസ് പാസ്വാന്റെ സഹമന്ത്രിയായിരുന്ന സുരേഷ് അംഗദിയുടെയും നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവുകൾ നികത്തിയിട്ടില്ല. ശിരോമണി അകാലിദളും ശിവസേനയും എൻഡിഎ വിട്ടപ്പോൾ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതേത്തുടർന്ന് രണ്ട് ക്യാബിനറ്റ് പദവികളും ഒഴിവുണ്ട്.