ഇനി സ്വകാര്യ ആപ്പുകള്‍ വഴിയും വാക്സിന് ബുക്ക് ചെയ്യാം; പേയ്ടിഎമ്മിനുള്പ്പെടെ സര്‍ക്കാരിന്റെ അംഗീകാരം
കൊവിന്‍ പോര്‍ട്ടലിന് പുറമേ ഇനി സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്സിന് ബുക്ക് ചെയ്യാം. പേയ്ടിഎം, മേക്ക് മൈ ട്രിപ്പ് ഉള്‍പ്പെടെയുള്ള സ്വകാര്യ ആപ്പുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. 125 അപേക്ഷകരില്‍ നിന്നും 91 അപേക്ഷകളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതില്‍ പേയ് ടിഎം മാത്രമാണ് ഇതിനോടകം സേവനം ആരംഭിച്ചത്. ഡോ റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെല്‍ത്ത്കെയര്‍, ഇന്‍ഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക മുതലായ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
കൊവിന്‍ പോര്‍ട്ടലിലേത് പോലെ തന്നെ സംസ്ഥാനവും ജില്ലയും നല്‍കിക്കൊണ്ട് തന്നെ സ്വകാര്യ ആപ്പുകളിലും സ്ലോട്ടുകള്‍ നേടാവുന്നതാണ്. 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് കൂടി വാക്സിന് നല്‍കിത്തുടങ്ങിയതോടെ കൊവിന്‍ പോര്‍ട്ടലില്‍ കയറുന്നതിന് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആപ്പുകള്‍ക്ക് അംഗീകാരം നല്കാന് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
പേയ്ടിഎം വഴി വാക്സിന് സ്ലോട്ടുകള്‍ നേടേണ്ടവിധം:
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേയ് ടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ഫീച്ചേര്‍ഡ് എന്ന വിഭാഗത്തിന് കീഴിലുള്ള വാക്സിന് ഫൈന്‍ഡര്‍ എന്ന ഓപ്ഷന് സെലക്ട് ചെയ്യുക. ഇത് ഓപ്പണ്‍ ചെയ്ത ശേഷം നിങ്ങളുടെ ജില്ലയോ പിന്‍കോഡോ നല്‍കുക. തുടര്‍ന്ന് സ്ലോട്ട് ലഭ്യമാകുകയാണെങ്കില്‍ വാക്സിന് സമയവും സ്ഥലവും തെരഞ്ഞെടുത്തതിന് ശേഷം ബുക്ക് നൗ എന്ന് നല്കി ബുക്കിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്.
ഇനി അഥവാ നിങ്ങള്‍ക്ക് ആ സമയത്ത് സ്ലോട്ട് ലഭ്യമാണെന്ന് കാണിക്കുന്നില്ലെങ്കില്‍ നോട്ടിഫൈ മീ വെന്‍ സ്ലോട്ട്സ്ആര് അവൈലബിള്‍ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി സ്ലോട്ട് അപ്ഡേഷന് നല്കുന്ന മുറയ്ക്ക് നിങ്ങളുടെ ഫോണില്‍ നോട്ടിഫിക്കേഷനും ലഭ്യമാകുന്നതായിരിക്കും.