”ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും’ എന്ന് മാത്രം പറയാന്‍ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ മുഖ്യമന്ത്രി’; പരിഹസിച്ച് ഷിബു ബേബി ജോണ്‍
എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും’ എന്ന് മാത്രം പറയാന്‍ കീ കൊടുത്ത് വിട്ട പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വയനാട് മുട്ടില്‍ മരംമുറി കേസിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ചുകൊണ്ടാണ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി സ്ഥിരമായി ചിലര്‍ ഉപ്പ് തിന്നുകയും വെള്ളം കുടിക്കുന്നതും ചെയ്ത് കൊണ്ടിരിക്കുന്നതാണ് ജനങ്ങള്‍ കാണുന്നതെന്നും ഷിബു പറഞ്ഞു.
മറ്റേതോ മുന്നണിയുടേ ഭാഗമായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മുട്ടില്‍ മരം മുറിയെ കുറിച്ച് സര്‍ക്കാര്‍ ന്യായീകരണങ്ങള്‍ കേട്ടാല്‍ തോന്നുകയെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കൂറിപ്പില്‍ പറയുന്നു. വിഷയത്തില്‍ റവന്യൂ, വനം വകുപ്പ് ഭരിച്ച സിപിഐക്ക് മിണ്ടാട്ടമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഷിബു ബേബി ജോണിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;
കാട്ടിലെ തടി, തേവരുടെ ആന…
വലിയെടാ വലി…
മുട്ടില്‍ മരംമുറിയെ പറ്റി ഗവണ്മെന്റിന്റെ ന്യായീകരണങ്ങള്‍ കേട്ടാല്‍ തോന്നുക കഴിഞ്ഞ സര്‍ക്കാര്‍ മറ്റേതോ മുന്നണിയുടെത് ആയിരുന്നെന്നാണ്. ആ പ്രദേശത്തെ ഈട്ടിയും തേക്കുമൊക്കെ ഒരെണ്ണം പോലും ബാക്കി വയ്ക്കാതെ മുറിച്ചുമാറ്റിക്കഴിഞ്ഞു. എന്നിട്ടും റവന്യൂവും വനവും ഭരിച്ച സിപിഐയ്ക്ക് മിണ്ടാട്ടമില്ല. ഇത്രയുംവലിയ മരംകൊള്ള നടന്നിട്ടും നാട്ടിലെ പരിസ്ഥിതി സ്നേഹികളും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും മയക്കത്തിലാണ്.
സംസ്ഥാനത്ത് എന്ത് സംഭവിച്ചാലും ‘ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും’ എന്ന് മാത്രം പറയാന്‍ കീ കൊടുത്ത് വച്ചിരിക്കുന്ന പാവയാണോ കേരളത്തിന്റെ മുഖ്യമന്ത്രി. കഴിഞ്ഞ കുറേക്കാലമായി കുറച്ചുപേര്‍ സ്ഥിരമായി ഉപ്പ് തിന്നുകയും വെള്ളം കുടിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. അവരെല്ലാം ഈ സര്‍ക്കാരിന്റെ സ്വന്തക്കാരുമായിരുന്നു. ഇതിനുംമാത്രം ഉപ്പ് തയ്യാറാക്കി വച്ചിരിക്കുന്നവര്‍ ആരെന്ന് കണ്ടുപിടിക്കണം.
മുട്ടില്‍ മരംമുറി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മുഖ്യമന്ത്രിയുടെ പ്രതികരണം-
2017ല്‍ എടുത്ത ഒരു തീരുമാനത്തിന്റെ തുടര്‍ച്ചയാണ് യഥാര്‍ത്ഥത്തിലിത്. 2017ല്‍ മരംമുറിയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്നം വ്യാപകമായി ഉയര്‍ന്നുവന്നത് ഇടുക്കിയില്‍ നിന്നായിരുന്നു. അന്ന് അതുമായി ബന്ധപ്പെട്ട് ധാരാളം യോഗങ്ങള്‍ നടന്നിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും അതില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.
പ്രശ്നമുയരുന്നത് പട്ടയഭൂമിയിലാണ് എന്നതായിരുന്നു അതിലെ പ്രശ്നം. പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങളും അതിനുപുറമെ അവിടെ തനിയെ വളര്‍ന്നുവന്ന മരങ്ങളുമുണ്ടായിരുന്നു. ഇത് പട്ടയത്തിലൂടെ കര്‍ഷകരുടെ കൈയ്യിലെത്തിയതിനുശേഷം സംഭവിച്ചിട്ടുള്ളതായിരുന്നു. ആ മരം മുറിക്കാന്‍ തങ്ങള്‍ക്ക് അവകാശം വേണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. അത് ന്യായമാണെന്ന് സര്‍ക്കാരും അന്ന് കണ്ടു.
പക്ഷേ രാജഗണത്തില്‍പ്പെടുത്തിയിട്ടുള്ള തേക്ക്, ഈട്ടി, ചന്ദനം എന്നീ മരങ്ങളുടെ കാര്യത്തില്‍ ആവശ്യമായ അനുമതി വാങ്ങിയിരിക്കണമെന്നും ആ കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് ആ ഘട്ടത്തിലുള്ള ഉത്തരവുണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു ആ ഉത്തരവിന് പിന്നിലെ ഉദ്ദേശമെന്ന് വ്യക്തമായിരുന്നു. പക്ഷേ ചിലകൂട്ടര് റവന്യൂ ഉത്തരവിനെ തെറ്റായി ഉപയോഗിക്കുന്ന നില ഉണ്ടായി. അതിന്റെ ഭാഗമായി നിരവധി മരങ്ങള്‍ മുറിച്ചുമാറ്റുന്ന നിലവന്നു.
ആ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. അതേസമയം, കൃഷിക്കാരുടെ സംരക്ഷണത്തിന്റെ പ്രശ്നവും ഇതിന്റെ ഭാഗമായുണ്ട്. അതെങ്ങനെ വേണമെന്നും സര്‍ക്കാര്‍ ആലോചിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.