മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൂഢസംഘത്തെ സംരക്ഷിക്കാന്‍ വേണ്ടിയെന്ന് വിഡി സതീശന്; ‘നടന്നത് കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ള’
മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദ ഉത്തരവിന് പുറകിലെ ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേരളം കണ്ട ഏറ്റവും വലിയവനം കൊള്ളയാണ് എട്ട് ജില്ലകളിലായി നടന്നിരിക്കുന്നത്. വനം മന്ത്രിയും, റവന്യു മന്ത്രിയും കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കര്‍ഷകരെ സഹായിക്കുന്നതിനാവശ്യമായ രീതിയില്‍ ഉത്തരവ് പുതുക്കുമെന്ന് പറയുന്നത് കാപട്യമാണെന്നും സതീശന് പറഞ്ഞു.
വിഡി സതീശന്റെ പ്രസ്താവന: 2020 ഒക്ടോബര്‍ 24ാം തീയതിയിലെ വിവാദ മരം മുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, വിവാദ ഉത്തരവിന് പുറകിലെ ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എട്ട് ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയവനം കൊള്ളയാണ് നടന്നിരിക്കുന്നത്. രണ്ട് വകുപ്പുകളും, രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായുണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ? നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ? മന്ത്രിസഭയുടെയോ എല്‍ ഡി എഫിന്റെയോ അനുമതിയുണ്ടായിട്ടുണ്ടോ? സി.പി.എം, സി.പി.ഐ പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടുണ്ടോ എന്ന് എല്ലാം വ്യക്തമാക്കണം
1964 ലെയും 2005 ലെയും നിയമങ്ങള്‍ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങള്‍ മറച്ചുവച്ചുമാണ് ഉത്തരവിറക്കിയിരിക്കുന്നത്. വനം മന്ത്രിയും, റവന്യു മന്ത്രിയും കാര്യങ്ങള്‍ മറച്ചുവയ്ക്കുകയാണ്. കര്‍ഷകരെ സഹായിക്കുന്നതിനാവശ്യമായ രീതിയില്‍ ഉത്തരവ് പുതുക്കുമെന്ന് പറയുന്നത് കാപട്യമാണ്. കര്‍ഷകരെ സഹായിക്കാന്‍ നിയമത്തിലും, ചട്ടത്തിലുമാണ് ഭേദഗതി വരുത്തേണ്ടത്. കര്‍ഷകരെ മുന്നില്‍ നിര്‍ത്തി വനം മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്.
വനം കൊള്ള നടന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് വനം വകുപ്പും, റവന്യുവകുപ്പും ഒഴിഞ്ഞുമാറുകയാണ്. 8 ജില്ലകളിലായി നടന്ന വ്യാപക വനം കൊള്ള എല്ലാവരും ചേര്‍ന്ന് മൂടിവയ്ക്കുകയായിരുന്നു. പട്ടയം നല്‍കുമ്പോഴുള്ള ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതിന്റെ കസ്റ്റോഡിയന്‍ റവന്യു വകുപ്പാണ്. വില്ലേജ് ഓഫീസില്‍ മരത്തിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. മരം മുറിച്ചാല്‍ പരാതി കൊടുക്കേണ്ടത് തഹസീല്‍ദാരോ, വില്ലേജ് ഓഫീസറോ ആണ്. അവര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഇത് മനപൂര്‍വ്വമായി കേസ് ദുര്‍ബലപ്പെടുത്താനാണ്. വയനാട്ടില്‍ മാത്രമാണ് കളക്ടര്‍ ഇപ്പോള്‍ പരാതി നല്‍കിയത്.
ഇതിന് മുമ്പ് മൂന്ന് തവണ ഇക്കാര്യത്തില്‍ മരത്തിന്റെയും, ഭൂമിയുടെയും നിജസ്ഥിതി മേപ്പാടി റേഞ്ച് ഓഫീസര്‍, ഡി.എഫ്.ഒയും റവന്യു അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മറുപടി പോലും നല്‍കിയില്ല. മറ്റ് ജില്ലകളില്‍ റവന്യുവനം വകുപ്പ് ഉദ്യോഗസ്ഥരും ഇടത് രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന് മരം വെട്ടി. വ്യാപകമായ വനം കൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണം. ഇത് സംബന്ധിച്ച് 17ാം തീയതി വ്യാഴാഴ്ച പ്രതിപക്ഷനേതാവിന്റെയും, ഉപനേതാവിന്റെയും നേതൃത്വത്തിലുള്ള യു.ഡി.എഫ്. പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കും. ടി.എന്‍.പ്രതാപന് എം.പി.യുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ബെന്നിബഹനാന് എം.പിയുടെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യു.ഡി.എഫ്. സംഘം സന്ദര്‍ശനം നടത്തും.
കാര്യങ്ങള്‍ വിശദമായി പഠിക്കുന്നതിനും റിപ്പോര്‍ട്ട് നല്കുന്നതിനുമായി പരിസ്ഥിതിവനം സംരക്ഷണ പ്രവര്‍ത്തകരെയും, അഭിഭാഷകരെയും ഉള്‍പ്പെടുത്തി വസ്തുതാ അന്വേഷണ സംഘം രൂപീകരിക്കും.