മരംമുറി കേസ് ഇടതുമുന്നണിക്ക് തലവേദനയായി; എതിർപ്പുകൾ തിരുത്തിയത് മന്ത്രിയുടെ ഓഫീസ്
കോഴിക്കോട്: വിവാദ മരംമുറി കേസ് ഇടതുമുന്നണിക്ക് തലവേദനയായി മാറുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ വനം, റവന്യു വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സിപിഐയെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള നീക്കം ആസൂത്രിതമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം സംശയിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്ന് സിപിഐ മുഖ്യമന്ത്രിയോടും മുന്നണി നേതൃത്വത്തോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മരം മുറിക്കൽ സംബന്ധിച്ച് അണ്ടർ സെക്രട്ടറി തയാറാക്കിയ ഫയൽ മന്ത്രിക്കു വിടും മുൻപ് ഇത്തരത്തിൽ ഉത്തരവ് ഇറങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ വ്യക്തമാക്കി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടണ്ട്. ഈ എതിർപ്പ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഫയലിൽ വ്യക്തമായി എഴുതുകയും ചെയ്തിരുന്നു. എന്നാൽ ഇതു മറികടന്നാണ് മന്ത്രിയുടെ ഓഫീസിലെ ഉന്നതൻ രണ്ടു പേജ് വരുന്ന കുറിപ്പ് തയാറാക്കി മന്ത്രിക്കു നൽകിയതെന്നാണ് വിവിരം. തുടർന്നാണ് മന്ത്രി അതിൽ ഒപ്പിട്ടത്.
നിലവിലെ വനനിയമങ്ങൾക്ക് അനുസൃതമായിട്ടാകും നടപ്പാക്കേണ്ടത് എന്ന വ്യവസ്ഥ ഫയലിൽ നിന്ന് വിട്ടുപോവുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാണിക്കാൻ വനംവകുപ്പിനും സാധിച്ചില്ല. തങ്ങളുടെ മന്ത്രിമാർക്ക് പിഴവു സംഭവിച്ചിട്ടില്ലെന്നാണ് സിപിഐ നിലപാട്. പക്ഷേ അതിന് അടിസ്ഥാനമായി ഒന്നും തന്നെ ചൂണ്ടിക്കാണിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല.
എന്നാൽ, അവസരം മുതലെടുത്ത് പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ലളിത ജീവിതത്തിനുടമയായ മുൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അഴിമതി നടത്തിയെന്ന് ആരും വിശ്വസിക്കില്ല. എന്നാൽ മരം മുറി കേസിൽ പുകമറയുണ്ടാക്കി അദ്ദേഹത്തിന് എതിരെയും പാർട്ടിയിലെ ഒരു വിഭാഗം നീങ്ങുന്നു. സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ കൂട്ടമായി ആക്രമിക്കാനാണ് തയാറെടുക്കുന്നത്.
സ്വന്തം പുരയിടത്തിൽ നട്ടതും മുളച്ചതുമായ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് മലയോര മേഖലയിലെ കർഷകരും കർഷക സംഘടനകളും ആവശ്യമുന്നയിച്ചപ്പോൾ വിവിധ രാഷ്ട്രീയ കക്ഷികൾ അനുഭാവപൂർവമായ സമീപനമാണ് സ്വീകരിച്ചത്. ഒട്ടു മിക്ക എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിൽ ഈ ആവശ്യം ഉന്നയിച്ച് നൽകിയ നിവേദനങ്ങളും സർക്കാരിന്റെ പക്കലുണ്ട്. തുടർന്നാണ് ഇതെ കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ചുചേർത്തത്. അതിനുശേഷം ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് 42 കേസുകളാണ് എടുത്തിട്ടുള്ളത്. എത്രമാത്രം മരങ്ങൾ മുറിച്ചു കടത്തിയെന്നത് വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിങ്ങിന്റെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങൾ വിവിധ ജില്ലകളിൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. മരംമുറി സംബന്ധിച്ച് പൊലീസ് കേസുകളും നിലവിലുണ്ട്. ഇതിനു പിന്നിലെ ഗൂഢാലോചനയാണ് എഡിജിപി എസ്. ശ്രീജിത്ത് ഏകോപിപ്പിക്കുന്നത്.