ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ മേഖല ഒഴികെ അടഞ്ഞു കിടക്കും, പരിശോധന കര്‍ശനം
കൊവിഡ് രോഗസ്ഥിരീകരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇന്നും തുടരും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്നും പ്രവര്‍ത്തനാനുമതിയുള്ളത്.
ഭക്ഷ്യോത്പന്നങ്ങള്‍, പഴം, പാല്, പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ മാത്രമേ ഞായറാഴ്ച തുറക്കാവൂ. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. ഹോട്ടലുകളില്‍ നിന്നും ഇന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് ഉണ്ടായിരിക്കുക. പൊലീസ് അനുമതിയോടെ സാമൂഹിക അകലം പാലിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്തിനെ തുടര്‍ന്ന് ഇന്നലെ മാത്രം സംസ്ഥാനത്ത് 2003 പേര് അറസ്റ്റിലായി. 3645 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം റൂറല്‍ പൊലീസ് പരിധിയിലാണ് ഏറ്റവും കൂടുത്തല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് അവധി ദിവസമായതിനാല്‍ തിരക്ക് പ്രതീക്ഷിക്കുന്നിലെങ്കിലും നഗര ഗ്രാമ വ്യത്യസ്തമില്ലാതെ പൊലീസ് പരിശോധന തുടരുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് ഇന്നലെ 12 ലേക്ക് താഴ്ന്ന സാഹചര്യം ആശ്വാസം നല്‍കുന്നതാണ്.
കേരളത്തില്‍ ഇന്നലെ 13,832 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകള്‍ അടിസ്ഥാനത്തിലുള്ള രോഗ ബാധയുടെ കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗ ബാധയില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുമ്പോഴും മരണ സംഖ്യ ഉയരുന്നതിലെ ആശങ്ക തുടരുകയാണ്.
അതിനിടെ, സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ കെ.എം.എസ്.സി.എല്‍ മുഖേന സംസ്ഥാനം ഓര്‍ഡര്‍ നല്കിയ വാക്സീന് കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയിരുന്നു. കേന്ദ്രം അനുവദിച്ച വാക്സിന് ഇന്നലെ രാത്രിയോടെയും തിരുവനന്തപുരത്തും എത്തി. ഇതോടെ 1,10,52,440 ഡോസ് വാക്സിനാണ് സംസ്ഥാനത്തിനാകെ ലഭ്യമായത്.