‘വീണുകിടക്കുന്ന ചെളിക്കുണ്ടില്‍ നിന്ന് ചെളിവാരി എറിയരുത്’; വനംകൊള്ള നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പിടി തോമസ്
വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്നും മരംമുറിയില്‍ മുഖ്യമന്ത്രിക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും പിടി തോമസ് പറഞ്ഞു. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കുന്നത്. കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോകുന്നതിനാണ് സര്‍ക്കാര്‍ വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു. ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി അതില്‍ നിന്ന് തന്നെ വീണ്ടും ചെളി വാരി എറിയരുതെന്നായിരുന്നു പിടി തോമസിന്റെ പരിഹാസം.
വിവാദ ഉത്തരവിറക്കിയത് കര്‍ഷകരെ സംരക്ഷിക്കാനല്ലെന്ന് വ്യക്തമാണെന്ന് പിടി തോമസ് പറയുന്നു. വനം, റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് മരം മുറിക്കല്‍ നടക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് അതില്‍ വീഴ്ച വരുത്തിയാല്‍ കനത്ത ശിക്ഷ ഉണ്ടാകുമെന്ന ഭീഷണി കൂടി ഉണ്ടായിരുന്നുവെന്നും പിടി തോമസ് പറഞ്ഞു. മരംമുറിയില്‍ കൂട്ടുത്തരവാദിത്വമുള്ള മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും പിടി തോമസ് ആഞ്ഞടിച്ചു.
മുട്ടില്‍ മരംമുറി കേസില്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വിനിയോഗം ചെയ്യപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപിച്ചിരുന്നു. സ്വന്തം ഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ കര്‍ഷകര്‍ അനുവാദം തേടിയിരുന്നു. ഈ ആവശ്യമാണ് ചൂഷണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.കേസില്‍ അന്വേഷണം നടക്കട്ടെ എന്നും അന്വേഷണത്തെ മുന്‍വിധിയോടെ കാണുന്നില്ല എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം, മരം മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ നിലപാടില്‍ സിപിഐ അതൃപ്തി വ്യക്തമാക്കി. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന് സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതാണെന്നാണ് സിപിഐയുടെ ആക്ഷേപം. മുന്‍ റവന്യു, വനം മന്ത്രിമാര്‍ക്ക് മരംകൊള്ളയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടില്‍ പാര്‍ട്ടിയെയും മുന്നണിയിലും അതൃപ്തി അറിയിച്ചതായാണ് വിവരം.
തന്റെ കാലത്തല്ല മരം മുറി നടന്നത് എന്ന് ശശീന്ദ്രന് ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കുന്നു. ശശീന്ദ്രന്റെ പരാമര്‍ശം മുന്‍ മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് വ്യാഖ്യാനിക്കാന്‍ ഇടയാക്കുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന നിരന്തരം ആവര്‍ത്തിക്കുന്ന ശശീന്ദ്രന് മരംമുറിയില്‍ മുന്മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടുന്നു.