മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും
തിരുവനന്തപുരം: മുട്ടിൽ മരംമുറി അന്വേഷിക്കുന്ന ഉന്നതതല സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ക്രൈം ബ്രാഞ്ചിന് പുറമേ വിജിലൻസ് വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ചീഫ് സെക്രട്ടറി വി.പി.ജോയ് ആണ് ഉത്തരവ് ഇറക്കിയത്.
റവന്യൂ വകുപ്പ് ഉത്തരവ് മറയാക്കി വ്യാപകമായി മരം കൊള്ള നടന്നുവെന്ന പോലീസ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും ഇവരുടെ അന്വേഷണം. വയനാട് മുട്ടിൽ പ്രദേശം ഉടൻ തന്നെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് സൂചന.
അതേസമയം മരം മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ നിലപാടില്‍ അതൃപ്തി വ്യക്തമാക്കി സിപിഐ. വിവാദത്തിന് പിന്നാലെ എ കെ ശശീന്ദ്രന് സ്വീകരിക്കുന്ന നിലപാട് മുന്‍ മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതാണെന്നാണ് സിപിഐയുടെ ആക്ഷേപം. മുന്‍ റവന്യു, വനം മന്ത്രിമാര്‍ക്ക് മരംകൊള്ളയില്‍ പങ്കില്ലെന്ന് വ്യക്തമാക്കുന്ന സിപിഐ നിലവിലെ വനം മന്ത്രിയുടെ നിലപാടില്‍ പാര്‍ട്ടിയെയും മുന്നണിയിലും അതൃപ്തി അറിയിച്ചതായാണ് വിവരം.
തന്റെ കാലത്തല്ല മരം മുറി നടന്നത് എന്ന് ശശീന്ദ്രന് ആവര്‍ത്തിക്കുന്നത് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയാക്കുന്നു. ശശീന്ദ്രന്റെ പരാമര്‍ശം മുന്‍ മന്ത്രിക്ക് തെറ്റ് പറ്റിയെന്ന് വ്യാഖ്യാനിക്കാന്‍ ഇടയാക്കുന്നു. എന്തിനാണ് തന്നെ വേട്ടയാടുന്നത് എന്ന നിരന്തരം ആവര്‍ത്തിക്കുന്ന ശശീന്ദ്രന് മരംമുറിയില്‍ മുന്മന്ത്രിമാരെ സംശയ മുനയില്‍ നിര്‍ത്തുന്നതായും സിപിഐ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, മരം മുറി കേസില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംയുക്ത അന്വേഷണ സംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും. ക്രൈം ബ്രാഞ്ച്, വനം, വിജിലന്‍സ് വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരാണ് മുട്ടില്‍ മരംമുറി അന്വേഷിക്കുന്നത്. ഈ സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തെത്തി.
മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുട്ടില്‍ മരംമുറി അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപീകരിക്കുമെന്നും കുറ്റക്കാര്‍ ഒരു തരത്തിലും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു.
കര്‍ഷകരെ സഹായിക്കാനായി നിയമ വിധേയമായി പുറത്തിറക്കിയ ഉത്തരവിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വ്യാപകമായി മരംമുറി നടത്തുകയായിരുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ നടപടിയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന് ഉള്‍പ്പെടെയാണ് ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനംവകുപ്പ് സംയുക്ത സംഘം പരിശോധിക്കുക.