സംഘപരിവാര്‍ മുക്ത കേരളമാണ് ലക്ഷ്യം; നിലപാട് പ്രഖ്യാപിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്
കൊച്ചി: സംഘപരിവാര്‍ മുക്ത കേരളമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ട നിയുക്ത കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. പുതിയ ചുമതല ലഭിച്ചതിന് പിന്നാലെ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് കൊടിക്കുന്നില്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ സ്വരങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘപരിവാറിനോടും ഇടതുപക്ഷത്തോടും ആശയസമരം നടത്താനും പാര്‍ട്ടിയെ അടിത്തട്ടുമുതല്‍ ശക്തിപെടുത്താനും പ്രതിജ്ഞബദ്ധരാണ്. സംഘപരിവാര്‍ മുക്ത കേരളമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ട. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. കൊടിക്കുന്നില്‍ പറഞ്ഞു.
കൊടിക്കുന്നിലിന്റെ കുറിപ്പ്…
പ്രിയപ്പെട്ടവരെ,
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ആയി പാര്‍ട്ടി എന്നെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. അഞ്ചാം ക്ലാസ് മുതല്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചതാണീ പ്രസ്ഥാനത്തെ. കോണ്‍ഗ്രസ് ആവാനുള്ള തീരുമാനം മാത്രമാണ് എന്റേതായിട്ടുള്ളത്. പിന്നീടുള്ളതൊക്കെ പാര്‍ട്ടിയുടെ നിയോഗങ്ങളും പാര്‍ട്ടി ഏല്പിച്ച ഉത്തവാദിത്വങ്ങളോട് ചേര്‍ന്നുള്ള ജീവിതയാത്രയുമായിരുന്നു. ഇതുവരെ എന്നില്‍ ഏല്‍പ്പിക്കപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാര്‍ത്ഥമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ പൂര്‍ണ സംതൃപ്തി ഉണ്ട്. ഇത്തവണയും നിങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ സ്വീകരിക്കുകയാണ്.
നമുക്കറിയാം വളരെ നിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് എന്റെയും നിങ്ങളുടേയും പ്രതീക്ഷയായ കോണ്‍ഗ്രസ് പാര്‍ട്ടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരു മാറ്റം, ദിശാബോധം അനിവാര്യതയാകുന്ന സാഹചര്യത്തില്‍ ആണ് നമ്മുടെ പാര്‍ട്ടി. നമുക്ക് ഇപ്പോള്‍ വേണ്ടത് സാഹോദര്യബന്ധത്തിലൂന്നിയ കെട്ടുറപ്പാണ്. ഞാനടക്കമുള്ള ഏതെങ്കിലും നേതാക്കന്മാരുമായി വ്യക്തി ബന്ധം ഉണ്ടെന്നതായിരിക്കില്ല, മറിച്ച് നിങ്ങളുടെ പ്രവര്‍ത്തന ശൈലി കൊണ്ട് ഒരാളെയെങ്കിലും കോണ്‍ഗ്രസിലേക്കടുപ്പിക്കാനായാല്‍ അയാള്‍ക്കായിരിക്കും പാര്‍ട്ടിയില്‍ പരിഗണന. അങ്ങനെയുള്ള പ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും മുതല്‍ പാര്‍ട്ടി എന്ന് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
വിവിധ സ്വരങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘപരിവാറിനോടും ഇടതുപക്ഷത്തോടും ആശയസമരം നടത്താനും പാര്‍ട്ടിയെ അടിത്തട്ടുമുതല്‍ ശക്തിപെടുത്താനും നമ്മള് പ്രതിജ്ഞബദ്ധരാണ്. സംഘപരിവാര്‍ മുക്ത കേരളമാണ് കേരള പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന അജണ്ട. സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കാനും, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും.
പൗരത്വ, ലക്ഷദ്വീപ് വിഷയങ്ങളില്‍ സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ നിലപാടെടുക്കാന്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെടുകയും സാമൂഹിക നീതി ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അതോടൊപ്പം രാഷ്ട്രീയ തടവുകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ മോചനത്തിനുമായി പ്രവര്‍ത്തിക്കും.
പിന്നോക്ക വിഭാഗങ്ങളുടേയും, പട്ടികവര്‍ഗ, പട്ടിക ജാതികളുടേയും ഉന്നമനത്തിനും സാമൂഹിക നീതിക്കുമായി നിലകൊള്ളും.ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രതിലോമകരമായ കാഴ്ചപ്പാടുകളും മുന്‍വിധികളും തിരുത്താനും മാറ്റമുണ്ടാക്കാനും പ്രവര്‍ത്തിക്കും.
വിമത ശബ്ദങ്ങളെ കായികമായി നേരിടുന്ന ജനാധിപത്യ വിരുദ്ധമായ അക്രമരാഷ്ട്രീയ പ്രവണതകളെ ജനാധിപത്യപരമായി ചെറുത്ത് തോല്‍പ്പിക്കും. പുതിയ കാലത്തിന്റെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി മാറണമെന്നും, അതോടൊപ്പം പുതിയ ഉത്തരവാദിത്വം ഏല്‍ക്കുന്നതോടെ വ്യക്തിപരമായ പല നവീകരണങ്ങള്‍ക്കും വിധേയമാകണമെന്നും ഉത്തമ ബോധ്യമുണ്ട്. അതിനായി അറിവും അനുഭവങ്ങളും ഉള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോകുന്നത് ഒരു കുറവായും കാണുന്നില്ല.
ഏതൊരു പൗരനും പ്രായമൊ പദവിയൊ നോക്കാതെ എന്നെയൊ എന്റെ പാര്‍ട്ടിയെയൊ വിമര്‍ശിക്കാനും തിരുത്താനുമുള്ള അവകാശം ഉറപ്പ് വരുത്തേണ്ടതും ജനാധിപത്യ വിശ്വാസി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമായി കാണുന്നു. ഞാനും നിങ്ങളും കര്‍മ്മനിരതരാവുക.. തീര്‍ച്ചയായും നമ്മുടെ പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകുക തന്നെ ചെയ്യും.