‘മരം മുറിക്കാനുള്ള ഉത്തരവ് കര്‍ഷക താല്പര്യം മുന്‍ നിര്‍ത്തി’; എതന്വേഷണവും സ്വാഗതം ചെയ്യുന്നെന്ന് ഇ ചന്ദ്രശേഖരന്
റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാന വ്യാപകമായി പട്ടയഭുമികളില്‍ നിന്നും മരങ്ങള്‍ മുറിച്ച് കടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കര്‍ഷക താല്പര്യം മുന്‍ നിര്‍ത്തിയാണ് മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയതെന്നാണ് ചന്ദ്രശേഖരന്റെ പ്രതികരണം. ഇക്കാര്യത്തില്‍ നടക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഇ ചന്ദ്രശേഖരന് വ്യക്തമാക്കി. മാതൃഭുമിയോട് ആയിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.
മരം മുറിക്കാനുള്ള വിവാദ ഉത്തരവ് എന്നുള്ളത് മാധ്യമങ്ങളുടെ പരാമര്‍ശമാണ്. നേരായ ഉത്തരവാണ്. വ്യത്യസ്ഥങ്ങളായ പ്രദേശങ്ങളിലെ കര്‍ഷകര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയത്. ഉത്തരവ് ഇറക്കുമ്പോള്‍ 2005 ല്‍ കെ എം മാണി റവന്യൂ മന്ത്രി ആയിരുന്ന മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ നിയമം പ്രകാരമായിരുന്നു പുതിയ ഉത്തരവും. 1964ലെ ഭൂപതിവ് ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനൽകിയയിടത്ത് കർഷകൻ വച്ചതോ കിളിർത്തുവന്നതോ ആയ മരങ്ങൾ മുറിക്കാൻ മാത്രമാണ് അനുമതി നൽകിയത്. എല്ലാ പട്ടയ ഭൂമിയില്‍ നിന്നും മരം മുറിക്കാന്‍ ഈ ഉത്തരവില്‍ അനുവാദമില്ല. എന്നാല്‍ ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യുകയായിരുന്നു.
ഉത്തരവിന്റെ മരവില്‍ മറ്റിടങ്ങളില്‍ നിന്നുള്‍പ്പടെ മരം മുറിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. നിയമം ദുരൂപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ റവന്യൂ, വനം മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നതാണ്. മരം മുറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന എത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. ഇഡി അന്വേഷണം ഉള്‍പ്പെടെ കണ്ടെത്തുക കുറ്റം ചെയ്തവരെയാണെന്നും ഇ ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.
അതേസമയം, മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് മുന്‍ റവന്യൂ വകുപ്പിനെ പ്രതിരോധത്തിലാക്കുന്നതാണ് മുന്‍ വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ വെളിപ്പെടുത്തല്‍. വിവാദമായ അനുമതി ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കിയത് മുന്‍ വനം വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുമായാണ് കെ രാജു രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവിറക്കുന്നതിന് മുന്‍പ് തന്നെ വനംവകുപ്പ് റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കെ രാജു പറയുന്നു. റവന്യൂ ഭൂമിയിലെ തടിക്ക് പാസ് നല്കാന് മാത്രമേ വനംവകുപ്പിന് അധികാരമുള്ളൂ. പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചിരുന്നുവെന്ന് പരാതി ലഭിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും മുന്‍മന്ത്രി വ്യക്തമാക്കി. ട്വന്റിഫോര്‍ ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ, വിഷയം സര്‍ക്കാരിനെതിരെ പോരാട്ട മുഖം തുറക്കുകയാണ് പ്രതിപക്ഷം. ആദ്യ പിണറായി സര്‍ക്കാരിലെ വനം മന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഇന്നലെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണ വിധേയനായ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി സാജന് വനം മന്ത്രി എ.കെ ശശീന്ദ്രനെ സന്ദര്‍ശിച്ചത് കേസ് തേച്ചു മായിച്ച് കളയനാണന്നും ആരോപണമുണ്ട്.
വിവാദ ഉത്തരവിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിട്ടും ഭരണതലത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തരവ് തിരുത്തിയത് നാലുമാസം കഴിഞ്ഞാണെന്ന ആരോപണങ്ങളും സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷത്തിന് ശക്തിപകരുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.