‘അള്ളാഹു നല്കിയ സന്ദര്‍ഭം, ഉപയോഗിക്കണമെന്ന് ബിജെപി നേതാവ്; അബ്ദുള്ളക്കുട്ടിയുടെ മറുപടി; ‘ഐഷ സുല്‍ത്താനക്കെതിരായ ആക്രമണം ഗൂഢാലോചന’
ബയോ വെപ്പണ്‍ പ്രയോഗത്തില്‍ സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന സൈബര്‍ ആക്രമണം ഗൂഢാലോചനയെന്ന് വ്യക്തം. വിഷയത്തില്‍ ലക്ഷദ്വീപിലെ ബിജെപി നേതാക്കളും എപി അബ്ദുള്ളക്കുട്ടിയും നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.
അള്ളാഹു നല്കിയ അവസരമാണിതെന്നും മികച്ച രീതിയില്‍ ഉപയോഗിക്കണമെന്നുമാണ് ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ അബ്ദുള്ളക്കുട്ടിയോട് പറയുന്നത്. ഇതിന് അനുകൂലമായ മറുപടിയാണ് അബ്ദുള്ളക്കുട്ടി നല്‍കുന്നത്. ദ്വീപിലെ നേതാക്കളോട് പ്രതിഷേധങ്ങള്‍ക്ക് ദിവസവും സമയം നിശ്ചയിക്കൂ. കൂടുതല്‍ വീഡിയോകള്‍ ലഭിച്ചാല്‍ അയക്കണമെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി സന്ദേശം.
ദ്വീപിലെ നേതാക്കള്‍ പറഞ്ഞത്: ”അള്ളാഹു നമുക്ക് തന്നെ സന്ദര്‍ഭമാണിത്. ലക്ഷദ്വീപിന്റെ തനത് സംസ്കാരം എന്നൊക്കെ പറഞ്ഞാണ് നമ്മുടെ മേല്‍ കുതിര കയറുന്നത്. എന്താണ് സംസ്കാരമെന്നും ആരാണ് അയിഷ സുല്‍ത്താന എന്നും തെളിയിച്ചു കൊടുക്കണം. അതുകൊണ്ട് വിഷയം നമ്മള് വേണ്ട ഗൗരവത്തില്‍ തന്നെ എടുക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു. വീടുകളില്‍ പ്ല കാര്‍ഡും പിടിച്ച് പ്രതിഷേധിക്കണമെന്നാണ് എന്റെയൊരു അഭിപ്രായം. പാര്‍ട്ടി നിലപാട് എന്താണ്. പെട്ടെന്ന് അറിയിക്കണം.”
അബ്ദുള്ളക്കുട്ടിയുടെ മറുപടി: ”നേതാക്കള്‍ ആലോചിച്ച് ഒരു ദിവസം നിശ്ചയിക്കൂ. നാളെ തന്നെ ആയിക്കോട്ടെ. സമയം, നിങ്ങള്‍ നിശ്ചിക്കൂ. വീഡിയോകള്‍ കൂടുതല്‍ കിട്ടുമോന്ന് നോക്കണം.
നല്ല വാര്‍ത്താ പ്രാധാന്യം കിട്ടും.”
തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി ഐഷ സുല്‍ത്താനയും രംഗത്തെത്തി. തിങ്കളാഴ്ച്ച മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പന്‍’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞു.
‘ഒരു വര്‍ഷത്തോളമായി 0 കൊവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു. അല്ലാതെ രാജ്യത്തെയോ ഗവണ്‍മെന്റ്നെയോ അല്ലാ’. എന്നും അയിഷ പറഞ്ഞു.