ഫ്ളാറ്റില്‍ യുവതിക്ക് പീഡനം: മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍
കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ മുന്ന് പേര് കസ്റ്റഡിയില്‍. കേസിലെ പ്രതി മാര്ട്ടിന് ജോസഫ് സഹായം നല്കി ഇയാളുടെ സുഹൃത്തുക്കളെയാണ് പൊലീസ് പിടികൂടിയത്. ഇതിനിടെയാണ് മാര്‍ട്ടിന്റെ ബന്ധുകളെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശ്ശൂരില്‍ എത്തിച്ചത് ഇവരാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.
യുവതിയെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതി മാര്‍ട്ടിനെ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊച്ചി, തൃശൂര്‍ പൊലീസ് ടീമുകള്‍ സംയുക്തമായാണ്് പ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്. ഒളിവില്‍ പോയ പ്രതി മാര്ട്ടിന് ജോസഫിനായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, മാര്ട്ടിന് ജോസഫിന് എതിരെ പുതിയ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പീഡനത്തിന് ഇരയായെന്ന് പരാതി നല്കിയ യുവതിയുടെ സുഹൃത്തായ മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കൊച്ചി കാക്കനാട്ടെ ഫ്ളാറ്റില്‍ വച്ചുണ്ടായ സംഭവമാണ് പരാതിക്ക് അടിസ്ഥാനം. മാര്ട്ടിന് ജോസഫ് സുഹൃത്ത് സുധീര്‍ എന്നിവരെ പ്രതിയാക്കിയാണ് പുതിയ കേസ്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് തൃശ്ശൂര്‍ സ്വദേശിയായ മാര്ട്ടിന് ജോസഫില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്താണ് മാര്‍ട്ടിനൊപ്പം യുവതി ഫ്ളാറ്റില്‍ താമസിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ മാര്‍ട്ടിനില്‍ നിന്നും നിരന്തരമായ ഉപദ്രവവും ലൈംഗികാതിക്രമവുമാണ് നേരിട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, മൂത്രം കുടിപ്പിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, തുടങ്ങിയ പീഢനങ്ങള്‍ തനിക്ക് മാര്ട്ടിന് ജോസഫില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. യുവതിയുടെ ശരീരത്തിലെ പരിക്കുകളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ തരാമെന്ന് പറഞ്ഞാണ് പ്രതി പണം വാങ്ങിയത്. എന്നാല്‍ പണം ഇയാള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്.