കിറ്റെക്സ് ഗ്രൂപ്പ് ലേബർ ക്യാമ്പുകളിൽ തൊഴിലാളികള്‍ തിങ്ങി പാർക്കുന്ന അവസ്ഥയാണെന്നും ശുചിത്വമില്ലാത്തതുമാണെന്നും ലേബർ ഡിപ്പാർട്ട്മെൻറ്റിന്ർറെ കണ്ടെത്തൽ. തൊഴിലാളികള്‍ക്ക് താമസിക്കുവാനായി കമ്പനി ഒരുക്കിയ മൈക്രോ ഷെല്‍ട്ടറുകളിലാണ് കഴിഞ്ഞ ദിവസം ലേബർ ഡിപ്പാർട്ട്മെൻറ്റ് പരിശോധന നടത്തിയത്.
ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) കമ്പനിക്ക് നിർദേശം നൽകി. അതിനുശേഷം തുടർപരിശോധന നടത്തുമെന്നും ജില്ലാ ലേബർ ഓഫീസർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കമ്പനിയിലെ തൊഴിലാളികൾക്കായി ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളിലെ വൃത്തിഹീനതയും സുരക്ഷിതത്വമില്ലായ്മയും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റിനെ തുടർന്നാണ് ലേബർ ഡിപ്പാർട്ട്മെൻറ്റ് സ്വമേധയാ പരിശോധന നടത്തിയത്. ലയങ്ങളിലെ സ്ത്രീ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ തൃപ്തികരമെന്നും ലേബർ ഡിപ്പാർട്ട്മെൻറ്റ് നിരീക്ഷിച്ചു.
‘സ്ത്രീ തൊഴിലാളികൾക്കായി ഒന്നിലധികം ബ്ലോക്കുകളിൽ തൃപ്തികരമായ രീതിയിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പക്ഷെ പുരുഷതൊഴിലാളികൾക്ക് താമസിക്കാനായി നൽകിയിട്ടുള്ള രണ്ട് ബ്ലോക്കുകളിൽ ജീവനക്കാർ തിങ്ങി പാർക്കുകയാണ്. 1065 തൊഴിലാളികളാണ് ഈ മുറികളിൽ തിങ്ങി പറക്കുന്നത്. ഇത്രയും പേരെ ഒരുമിച്ചു ഉൾക്കൊള്ളാനുള്ള സൗകര്യം ഈ മുറികൾക്കില്ല. മാത്രമല്ല, മുറികൾ പൊട്ടിപൊളിഞ്ഞതും വൃത്തിഹീനവും ആണ്. കൂടാതെ മേൽക്കൂരയിൽ ടിൻഷീറ്റ് ഉപയോഗിച്ചിട്ടിരിക്കുന്നതു മൂലം അസഹനീയമായ ചൂടുമാണ്’, എന്ന് ലേബർ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വസ്ത്ര നിര്‍മ്മാണ ശാലയായ കിറ്റെക്സ് അവര്‍ സ്ഥിതി ചെയ്യുന്ന ചേലക്കുളം വാര്‍ഡില്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിഘാതങ്ങളെകുറിച്ചും തൊഴിലാളികള്‍ കമ്പനിക്കുള്ളില്‍ അനുഭവിക്കുന്ന ദുരിതത്തെകുറിച്ചും റിപ്പോര്‍ട്ടര്‍ ടിവി തന്നെ നേരത്തെ പുറത്തെത്തിച്ചിരുന്നു. എന്നാല്‍ ഏറെ കരുതല്‍ വേണ്ട ഈ കൊവിഡ്-19 കാലത്ത് പഴയതിലും ഭീകരമായഅവസ്ഥയിലാണ് ലയങ്ങളുള്ളതെന്ന് റിപ്പോര്‍ട്ടര്‍ ടിവി കൊവിഡ് കാലത്തെ ലയങ്ങളുടെ ചിത്രങ്ങളിലൂടെ വ്യക്തമാക്കുകയായിരുന്നു.
1500 ലധികം തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ലയത്തില്‍ മലിനജലം പോലും കൃത്യമായ രീതീയില്‍ ഒഴുക്കിവിടുന്നതിന് കൃത്യമായ സൗകര്യങ്ങളില്ലെന്ന് പങ്കു വെച്ച ചിത്രങ്ങളിൽ വ്യക്തമായിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന മുറിക്കുള്ളിലെ കോണ്‍ഗ്രീറ്റ് ചെയ്ത നിലം പൊട്ടിപൊളിഞ്ഞ് വൃത്തി ഹീനമായ നിലയിലായിരുന്നു. കുളിമുറികളില്‍ നിന്നുള്ള വെള്ളവും കെട്ടിടത്തിന്റെ പരിസരത്തേക്ക് തന്നെയാണ് ഒഴുക്കി വിട്ടിരുന്നത്.
തങ്ങളുടെ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി മൈക്രോ ഷെല്‍ട്ടറുകള്‍ ഒരുക്കിയെന്നാണ് കാലങ്ങളായി സാബു എം ജേക്കബ് അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പൊളിയുന്നതായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് മാസാവസാനം ലയങ്ങള്‍ക്ക് സംഭവിച്ചത്. ചെറിയ കാറ്റിലും മഴയിലും ഷെല്‍റ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു. കമ്പനി പ്രവര്‍ത്തിക്കുന്ന സമയമായതിനാലാണ് അന്ന് വലിയ അപകടം ഒഴിവായത്.